പെരുമ്പാവൂര്‍: പൊതുഖജനാവില്‍ നിന്നുള്ള ധനം വിനിയോഗിച്ച് നിലനിര്‍ത്തുന്ന സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനകാര്യങ്ങളില്‍ സംവരണ തത്വം സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് എസ്സി, എസ്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ട്രസ്റ്റ് യോഗം കുറ്റപ്പെടുത്തി. കേരള സര്‍ക്കാര്‍ 2011 ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 8700 ലേറെ അധ്യാപകരെ തസ്തികയില്ലാതെ വിവിധ സ്കൂളുകളില്‍ നിലനിര്‍ത്തി ശമ്പളം നല്‍കിവരുന്നുണ്ട്. ഇതില്‍ ഒരു പട്ടികവിഭാഗക്കാരന് പോലുമില്ലെന്നത് ഖേദകരമാണെന്ന് യോഗം വിലയിരുത്തി.
കേരളത്തിലെ വിവിധ സ്വകാര്യ എയ്ഡഡ് സ്കൂള്‍ കോളേജുകളില്‍ ഒരു ശതമാനം പോലും പട്ടികവിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്മാരില്ല. ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക ബാങ്കിലും പട്ടികവിഭാഗക്കാരില്ലെന്നും ഈ വിഭാഗത്തിന് പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
എസ്സി, എസ്ടി പ്രൊട്ടക്ഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.എം.എം.കുട്ടപ്പന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.സുപ്രന്, സെക്രട്ടറി അഡ്വ.മുണ്ടൂര്‍ കൃഷ്ണന്, പി.ഐ.കണ്ണന്, ഇ.എസ്.കണ്ണന്, കെ.ആര്.പവിത്രന്, എ.വേലായുധന്, എം.എം.കൃഷ്ണന്‍കുട്ടി, എ.മുരളി, സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: