പെരുമ്പാവൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പാണിയേലി വനമേഖലയില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് കാട്ടാനശല്യം രൂക്ഷമായതിനാല്‍ അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ കമ്പിവേലി സ്ഥാപിക്കുമെന്ന് സാജുപോള്‍ എംഎല്‍എ അറിയിച്ചു. ഇതിനോടനുബന്ധിച്ച് അഞ്ച് ലക്ഷം രൂപ ചെലവില്‍ 3 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുത കമ്പിവേലിയും സ്ഥാപിക്കുമെന്നും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
വേനല്‍ കടുത്തതോടെ ഏകദേശം അന്‍പതോളം കാട്ടാനകളാണ് പലകൂട്ടങ്ങളായി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്. കഴിഞ്ഞ ദിവസം കോട്ടപ്പാറ റിസര്‍വ് വനത്തിന്റെ ഉള്‍ഭാഗത്ത് വനപാതയിലൂടെ പോയ കുടുംബശ്രീ പ്രവര്‍ത്തകരെ ആന ഓടിച്ചിരുന്നു. ഇതില്‍ പാടത്തി അമ്മിണി (58)ക്ക് സാരമായി പരിക്കേറ്റിരുന്നു. രാവിലെ സ്കൂളില്‍ പോയ ലെനിന് എന്ന വിദ്യാര്‍ത്ഥിയെയും ജീപ്പ്പ് ഡ്രൈവറായ രാജേ (27)ഷിനേയും ആന ഉപദ്രവിച്ചിരുന്നു. ഈ റിസര്‍വ് വനത്തിനകത്താണ് നൂറില്‍പരം കുടുംബങ്ങള്‍ താമസിക്കുന്നത്. ദിവസേന നിരവധി വിദ്യാര്‍ത്ഥികളും ഇത് വഴി പോകുന്നുണ്ട്. കാര്‍ഷിക വിളകളും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ അക്വേഷ്യതോട്ടവും ആനകള്‍ നശിപ്പിക്കുക പതിവാണ്. വനം വകുപ്പാണ് സോളാര്‍ വേലി നിര്‍മ്മാണം നടത്തുന്നത്. ജനപ്രതിനിധികളായ സാജുപോള്‍ എംഎല്‍എ, ചിന്നമ്മ വര്‍ഗീസ്, പ്രസന്നകുമാരി വാസു, റെജി ഇട്ടൂപ്പ്, വി.ജി.മനോജ്, ഡിഎഫ്ഒ ബി.എന്‍.നാഗരാജ്, റെയ്ഞ്ച് ഓഫീസര്‍ സനല്‍, എച്ച്എന്‍എല്‍ ഡെപ്യൂട്ടി മാനേജര്‍ ഗോപിനാഥ്, വനസംരക്ഷണ സമിതി പ്രസിഡന്റ് എം.വി.ബെന്നി, തുടങ്ങിയവര്‍ വനമേഖല സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: