കൊച്ചി: എറണാകുളം കായലില്‍ മത്സ്യബന്ധനത്തൊഴിലാളികളെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. രാത്രിയുടെ മറവില്‍ ഏതാനും ആളുകള്‍ ചേര്‍ന്ന് സംഘടിതമായിട്ടാണ് കല്ലെറിഞ്ഞത്. കരിങ്കല്‍ മെറ്റല്‍ കൊണ്ട് തുടരെ തുടരെ കല്ലെറിഞ്ഞതിനാല്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കുപറ്റി. ചൊവ്വാഴ്ച രാത്രി 3 മണി സമയത്താണ് മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് എറണാകുളം കായലില്‍ മത്സ്യബന്ധനതൊഴിലില് ഏര്‍പ്പെട്ടിരിക്കുന്നത്. 35 വര്‍ഷത്തിലധികമായി കായലില്‍ നിന്നും മീന്‍പിടിച്ച് ഉപജീവനം നടത്തിവരുന്ന തൊഴിലാളികളെ ഈ അടുത്ത കാലത്തായി സിഐഎസ്എഫുകാര്‍ നിഷ്ഠുരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഏതാനും നാളുകള്‍ക്ക് മുമ്പ് മത്സ്യത്തൊഴിലാളികളെ ഭീകരമായി സിഐഎസ്എഫുകാര്‍ മര്‍ദിക്കുകയുണ്ടായി. തലയില്‍ ഇരുമ്പുവടി കൊണ്ടുള്ള അടിയുടെ ആഘാതത്തില്‍ തലപൊട്ടി പൊളിയുകയും മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സാ തേടേണ്ടിയും വന്നു.
എന്നാല്‍ ഈ പ്രശ്നം നിയമത്തിനുമുമ്പില്‍ എത്തിക്കുന്നതിനു പകരം സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പീഡിപ്പിക്കപ്പെട്ട തൊഴിലാളികള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം കൊടുക്കാമെന്ന് പറഞ്ഞു നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ നഷ്ടപരിഹാരതുകയായ 10,000 രൂപയില്‍ കേവലം 5000 രൂപയാണ് ലഭിച്ചിട്ടുള്ളത്.
രാത്രി കാലങ്ങളില്‍ മദ്യപിച്ച് ബോധരഹിതരായ സിഐഎസ്എഫുകാര്‍ സുരക്ഷയുടെ മറവില്‍ മത്സ്യത്തൊഴിലാളികളെ മര്‍ദ്ദിക്കുകയും തൊഴിലാളികളുടെ തൊഴില്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും, പിടിച്ചെടുക്കുന്ന മത്സ്യം പങ്കിട്ടെടുക്കുകയും ചെയ്തുവരികയാണ്. മര്‍ദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങുകയും പതിവാണ്. ഇതിനെതിരെ സര്‍ക്കാരില്‍ പരാതികൊടുത്തിട്ട് ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ ഫെബ്രുവരി 20ന് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയുള്ള പ്രതിഷേധയോഗം ചേരുന്നതില്‍ പ്രകോപിതരായാണ് ഇന്നലെ രാത്രിയില്‍ എറണാകുളം കായലില്‍ സിഐഎസ്എഫുകാര്‍ പതിയിരുന്ന് തൊഴിലാളികളെ ആക്രമിച്ചതെന്ന് ദേശീയ ജലപാത കുടിയൊഴുപ്പിക്കല്‍ സമിതി കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്.ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: