കോഴിക്കോട് മുന്നില്‍ മലബാറിന്റെ ആധിപത്യം തുടരുന്നു
മലപ്പുറം: നൂറുമേനി… സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ നിറയുന്നത് കലയുടെ നൂറുമേനി…. ആടിയും പാടിയും വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയും കൗമാര പ്രതിഭകള്‍ വിരിയിക്കുന്നത് കലയുടെ നൂറുമേനിയാണ്. കലയുടെ ഈ വസന്തകാലം കണ്ടവരാരും പറയില്ല നമ്മുടെ കുട്ടികള്‍ക്ക് സര്‍ഗവാസന കുറയുകയാണെന്ന്. പതിറ്റാണ്ടുകളുടെ പരിശീലനവും അഭ്യാസവും വഴി ആചാര്യപദവിയിലെത്തിയവര് പോലും അമ്പരക്കുന്ന പ്രകടനമാണ് നൃത്ത – നാട്യവേദികളില്. ക്ലാസിക് കലാരൂപങ്ങള്‍ മുതല്‍ നാടന്‍പാട്ടും നാടോടിനൃത്തവും വരെ പുതുകാലത്തിന്റെ പ്രതിഭാതിളക്കത്തില് ഉജ്വലമാകുന്നു.
കഥകളി മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം എ ഗ്രേഡ്. ആരും മോശമല്ലെന്ന് ഒരേ സ്വരത്തില്‍ വിധികര്‍ത്താക്കള്‍. ചെണ്ടമേളത്തില്‍ മുഴുവന്‍ ടീമുകള്‍ക്കും എ ഗ്രേഡ്. അതിശയിപ്പിക്കുന്ന പ്രകടനമെന്ന് മുഖ്യ വിധികര്‍ത്താവും മേള കലയുടെ ചക്രവര്‍ത്തിയുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍. നടന വേദികളില്‍ തെളിയുന്നത് പുതുകാലത്തിന്റെ വാഗ്ദാനമെന്ന് പ്രശസ്ത നര്‍ത്തകിമാര്‍.ഇല്ല.. ഒന്നും നഷ്ടമാകുന്നില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു ഈ കലോത്സവം.
ഭാവനയുടെ ആയിരം നവമുകുളങ്ങളാണ് കഥ – കവിതാ രചനാവേദിയില്. കൗമാരഭാവനയുടെ തൂലികകള്‍ക്ക് മൂര്‍ച്ച കുറയുകയല്ല, ഏറുകയാണ്. സാമൂഹ്യവിമര്‍ശനത്തിന്റെ ചാട്ടവാര്ചുഴറ്റുന്ന തീഷ്ണതയുണ്ട് ആ വരികള്‍ക്കും വാക്കുകള്‍ക്കും. വര്‍ണ്ണങ്ങളുടെ വസന്തകാലമാണ് ചിത്രരചനാവേദിയില്. കാലം കരുതിവച്ചപോലെ മറവിയുടെ തിരശീല നീക്കി പുതിയ കാലത്തേക്ക് കടന്നെത്തുകയാണ് കലോത്സവ വേദിയില്‍ പല കലാരൂപങ്ങളും.
ഞാറ്റുപാട്ടിന്റെ ഈരടികള്‍ കൊണ്ട് നെയ്തെടുത്ത നാടന്‍പാട്ടുകള്‍, പാട്ടുശീലുകള്ക്കൊപ്പിച്ച് പഴമയിലേക്ക് ചുവടുവെക്കുന്ന ചവിട്ടുനാടകം, മലബാറിന്റെ കാഴ്ചവട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്ന വട്ടപ്പാട്ട്, മധ്യതിരുവിതാംകൂറിന്റെ ആവേശമത്രയും തുടിച്ചുനില്ക്കുന്ന വഞ്ചിപ്പാട്ട് ഇങ്ങനെ കാലത്തിന്റെ നിഴല്പതിഞ്ഞുകാണാതായ പല കലാരൂപങ്ങളും കലോത്സവവേദിയില്‍ ഇത്തവണ പുനര്‍ജനിക്കുകയാണ്. പുതുകാലത്തിന്റെ അവതരണശേഷിക്കും ആസ്വാദനത്തിനുമായി കലയുടെ പുതിയതാളങ്ങള്‍ ഇവിടെ പിറക്കുന്നു. പഴമ തെല്ലും ചോരാതെ തന്നെ.
നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് തന്നെയാണ് മൂന്നാം ദിവസവും മുന്നില്‍. പാലക്കാട് ജില്ല രണ്ടാംസ്ഥാനത്തും കണ്ണൂര്‍ മൂന്നാംസ്ഥാനത്തും തൃശ്ശൂര്‍ നാലാംസ്ഥാനത്തുമാണ്. ആതിഥേയരായ മലപ്പുറം ജില്ലയാണ് അഞ്ചാംസ്ഥാനത്ത്.
- ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: