താനെ: ഛോട്ടാ പാക്കിസ്ഥാന് പുറമെ മുംബൈയില്‍ ഒരു ബംഗ്ലാദേശും. താനെയിലെ നല്ലസോപര ചേരിയില്‍ എത്തിയ ഒരു വൈദ്യുതി ബില്‍ ആണ് ‘ഛോട്ടാ പാക്കിസ്ഥാന്’ എന്ന പേര് വെളിച്ചത്തായത്. ആഴ്ചകള്‍ക്കുശേഷം മിറ ഭയന്ദറിലെ ഗാന്ധിനഗറില്‍ നല്കിയ ഒരു ജനന സര്‍ട്ടിഫിക്കറ്റിലൂടെയാണ് കൊച്ച് ബംഗ്ലാദേശ് പിറന്നത്. ഭയന്ദര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് സമീപമുള്ള പടിഞ്ഞാറന്‍ ഭയന്ദറില്‍ ഏകദേശം 700 കുടുംബങ്ങളാണ് താമസിക്കുന്നത്. ഉടാന്, ചൗക്ക് ഗ്രാമങ്ങളിലും ഓരോ സ്ഥലം ബംഗ്ലാദേശ് എന്നറിയപ്പെടുന്നുണ്ട്. ഈ ബംഗ്ലാദേശില്‍ ഒരിടത്തും ഒരു ബംഗ്ലാദേശുകാരന് പോലും താമസിക്കുന്നില്ലെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഈ ചേരിപ്രദേശങ്ങളില്‍ 2000 പേരോളം താമസിക്കുന്നു. ഇവര്‍ അമരാവതി, യവത്മാല്‍ തുടങ്ങിയ മഹാരാഷ്ട്രയിലെ തന്നെ പ്രദേശങ്ങളില്‍നിന്നുള്ളവരാണ്. എങ്ങനെയാണ് ഈ പേര് വന്നതെന്ന് അവിടെ താമസിക്കുന്നവര്‍ക്കും അറിയില്ല. ഈ പേരുകള്‍ സംബന്ധിച്ച് ഇതുവരെ ഇവിടെ വിവാദങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ലെന്നാണ് സൂചന. ബംഗ്ലാദേശ് യുദ്ധ വിജയത്തെത്തുടര്‍ന്ന് ഈ പേര് സ്വീകരിച്ചതാകാം എന്നു കരുതുന്നവരുമുണ്ട്. സ്ഥലത്തെ രാഷ്ട്രീയ പ്രതിനിധികള്‍ക്കും ഇത് ഒരു വലിയ പ്രശ്നമായി തോന്നിയിട്ടില്ല.
ജനന സര്‍ട്ടിഫിക്കറ്റില്‍നിന്നും ഈ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യം അപ്പോള്‍ പരിശോധിക്കുമെന്ന് ഭയന്ദര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കോര്‍പ്പറേഷന്റെ അടുത്ത ജനറല്‍ ബോഡിയില്‍ ഈ സ്ഥലനാമ വിഷയം ഉയരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: