മറ്റുരാജ്യങ്ങളില്‍ പല ജീവിതാവശ്യങ്ങളുള്ളതില് ഒന്നു മാത്രമാണ് മതം. ഞാനുപയോഗിച്ചുവരാറുള്ള ഒരു ദൃഷ്ടാന്തം പറയട്ടെ. സത്രത്തിലെ സ്വീകരണമുറിയില്‍ പല സാധനങ്ങളുമുണ്ട്. ഇന്നത്തെ പരിഷ്കൃത നടപടിയനുസരിച്ച് ജപ്പാനിലുണ്ടാക്കിയ ഒരു പൂച്ചട്ടി കൂടി വേണം. അതില്‍ സത്രം നടത്തിപ്പുകാരിക്ക് അതും സമ്പാദിച്ചേ തീരൂ. അതില്ലാതിരിക്കുന്നത് ഭംഗിയല്ല. അങ്ങനെ ജീവിതത്തില്‍ പലതും ചെയ്യാനുള്ള അവള്‍ക്കോ അയാള്‍ക്കോ സ്വല്പം മതംകൂടികൊണ്ടുവന്നു ജീവിതത്തെ മുഴുപ്പിക്കേണ്ടതുണ്ട്. അതിനാല്‍ അവള്‍ക്കും അയാള്‍ക്കും സ്വല്പം മതമുണ്ട്. പാശ്ചാത്യജനതയുടെ ജീവിതലക്ഷ്യം രാഷ്ട്രതന്ത്രം, സാമൂഹ്യപരിഷ്ക്കരണം, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ലോകമത്രേ ഈ ലക്ഷ്യപ്രാപ്തിയെ തുണയ്ക്കാന്‍ ഈശ്വരനും മതവും പതുക്കെ വന്നുകൂടുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ അവര്‍ക്കുവേണ്ടി ഈ ലോകം തുടച്ച് വെടിപ്പാക്കി ഒരുക്കിവെയ്ക്കാന്‍ സഹായിക്കുന്ന ഒരു സത്ത്വമത്രേ അവരുടെ ഈശ്വരന്. പ്രത്യക്ഷത്തില്‍ ഈശ്വരന്ന് അവരുടെ ദൃഷ്ടിയിലുള്ള വില ഇത്രമാത്രം. കൂറേക്കൂടി ഭേദമായി അറിയേണ്ടവര്‍ കുറഞ്ഞപക്ഷം കുറേക്കൂടി ഭേദമായി അറിയാമെന്ന് ഭാവിക്കുന്നവര്‍, കഴിഞ്ഞ ഒന്നോ രണ്ടോ നൂറ്റാണ്ടുകളായി ഭാരതത്തിലെ മതത്തിന്നെതിരായി ഉന്നയിച്ചിട്ടുള്ള വാദങ്ങളുടെ കഴമ്പ് ഇത്രയുമാണെന്നു നിങ്ങള്ക്കറിയരുതേ. അതായത് നമ്മുടെ മതം ഇഹലോകസ്ഥിതിക്കനുകൂലമല്ലെന്ന്; അത് നമുക്ക് സ്വര്‍ണം വിളയിക്കുന്നില്ലെന്ന് ജനതകളെ കൊള്ളയിടുവാന്‍ നമ്മെ അത് കരുത്തരാക്കുന്നില്ലെന്ന് ദുര്‍ബലരുടെ ദേഹത്തില്‍ ബലവാന്മാരെക്കൊണ്ട് ചവിട്ടിക്കുന്നില്ലെന്ന് അവരെ ദുര്‍ബലരുടെ ജീവരക്തംകൊണ്ട് ഊട്ടുന്നില്ലെന്ന്. ഇതൊന്നും നമ്മുടെ മതം ചെയ്യുന്നില്ലെന്ന് നിശ്ചയം. മനുഷ്യവംശങ്ങളെ മുടിക്കാനും കൊള്ളയിടാനും നശിപ്പിക്കാനുമായി, പ്രതിപദം ഭൂമിയെ വിറപ്പിക്കുന്ന കൂപ്പിണികളെ അയയ്ക്കാന്‍ അതിനു കഴിവില്ലതന്നെ. അതിനാല്‍ അവര്‍ പറയുകയാണ്, ഈ മതത്തിലെന്തിരിക്കുന്നു. ചതച്ച് പൊടിക്കുന്ന ചക്കിലിടാന്‍ വകയൊന്നും അത് നല്‍കുന്നില്ല. മാംസപേശികള്‍ക്ക് കരുത്ത് നല്‍കുന്നില്ല. അത്തരത്തിലുള്ള ഒരു മതത്തില്‍ എന്തിരിക്കുന്നു.
- സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: