കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിക്ക് പടിഞ്ഞാറ് അതിപുരാതനവും സംസ്കാരസമ്പന്നവുമായ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് പണ്ടാരത്തുരുത്ത്. ഇവിടെ അതിപുരാതനവും ഐതിഹ്യപ്രസിദ്ധവുമായ ശ്രീ മുക്കുംപുഴ ദേവീക്ഷേത്രം ഭക്തജനങ്ങള്‍ക്കാകെ അഭയവും ആശ്രയുമായി സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രധാന നിവേദ്യമാണ് മീനൂട്ട്.
മത്സ്യാവതാരത്തില്‍ ആരംഭിക്കുന്ന ദശാവതാരം മുതല്‍ ഭഗവ്ഗീതവരെയും ഹൈന്ദവാചരങ്ങള്ക്കെല്ലാം നാന്ദിയാകുന്ന ശംഖുനാദം മുതല്‍ പവിത്ര ദൈവഗ്രന്ഥങ്ങളായ വേദങ്ങളെ പകുത്തുനല്‍കിയ വേദവ്യാസന്വരെയും എത്തുന്ന മത്സ്യസാന്നിദ്ധ്യം സ്മരിച്ചാല്‍ മീനൂട്ട് എന്ന ചടങ്ങിന്റെ പവിത്രത പ്രകടമാകും. മത്സ്യരൂപായ നമഃ, കൂര്മരൂപായ നമഃ, വരാഹരൂപായ നമഃ എന്നിങ്ങനെ പ്രാര്ത്ഥനാഭരിതമാകുന്ന നമസ്ക്കാരകോടികള്ക്ക് മീനൂട്ടിനോളം മഹത്തരമായ മറ്റൊരു നിവേദ്യവുമില്ല.
അകളങ്കിതവിശ്വാസത്തിന്റെ ആത്മീയപ്രഭയില്‍ മീനൂട്ട് പവിത്രസമര്പ്പണമാകുമ്പോള് മറുവശത്ത് നന്മനിറഞ്ഞ പ്രാചീന ശാസ്ത്ര നിഗമനങ്ങളുടെ സത്യപ്രകാശത്തില്‍ അനിവാര്യമായും പാലിക്കേണ്ട അനുഷ്ഠാനവുമായി തീരുന്നു. അതുകൊണ്ടുതന്നെ കാലദേശാതീതമായി സര്‍വമതസ്ഥരും ഭക്തിപൂര്വ്വവും യുക്തിപൂര്‍വ്വവും പങ്കെടുക്കേണ്ട മഹത്തായ ഒരു കര്‍ത്തവ്യവുമായി മാറുന്നു മീനൂട്ട്. ജനുവരി 19നാണ് ഈ വര്‍ഷത്തെ മീനൂട്ട് ചടങ്ങ്. ലോകമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികളുടെ ആശ്രയമായി വര്‍ത്തിക്കുന്ന കടലമ്മയുടെ തിരുപ്പിറവികളായ മത്സ്യങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് എക്കാലത്തും നിലനിര്‍ത്തുന്നതിനും വേണ്ടിയും ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന സമുദ്രത്തിലെ മീനൂട്ട് തൊഴുത് സായൂജ്യമടയുന്നതിന് നാനാദേശങ്ങളില്‍നിന്നും അനേകായിരം ജനങ്ങള്‍ എത്തിച്ചേരുന്നു.
വര്‍ഷത്തിലൊരിക്കല്‍ മീനൂട്ട് പൂജയ്ക്ക് മാത്രമായ വിഗ്രഹം ജനങ്ങളുടെ ദര്‍ശനത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ മീനൂട്ട് വിളംബരം ജനുവരി 4ന് കാസര്‍കോഡ് കടപ്പുറത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍നിന്നും സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ വത്സലശിഷ്യനും കണ്ണൂര്‍ കാസര്‍കോഡ് മഠാധിപതിയുമായ സ്വാമി അമൃതകൃപാനന്ദപുരി ദീപപ്രോജ്ജ്വലം നടത്തി ഉദ്ഘാടനം ചെയ്തു. കേരളതീരദേശങ്ങളിലെ ചെറുതും വലുതുമായ അനേകം ക്ഷേത്രങ്ങളുടെ ഭക്തിനിര്‍ഭരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജനുവരി 10ന് ശ്രീമുക്കുംപുഴ ദേവീ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള അപൂര്‍വക്ഷേത്രങ്ങളില്‍ മാത്രം കാണപ്പെടുന്ന അഷ്ടകോണുകളോടുകൂടിയ വിഗ്രഹമാണ് ശ്രീമൂക്കുംപുഴദേവിയുടേത്. സര്‍വകാര്യസിദ്ധിപൂജ, ആദിത്യപൂജ, നവഗ്രഹപൂജ, നവരാത്രി സംഗീതോത്സവം, നിത്യപൊങ്കാല, നിത്യവും അന്നദാനം എന്നിവയാണ് ഈ ക്ഷേത്രത്തിനെ അനുഷ്ഠാനപ്രധാനമായ ചടങ്ങുകള്‍. ഈ വര്‍ഷത്തെ മകരഭരണി മഹാത്സവം ജനുവരി 11 വെള്ളിയാഴ്ച രാവിലെ 9നും 9.30നും മദ്ധ്യേയുള്ള കുംഭരാശിയില്‍ തൃക്കൊടിയേറി. ജനുവരി 20 ഞായറാഴ്ച സമാപിക്കും. ഈ ഉത്സവനാളുകളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ അഭീഷ്ടസിദ്ധിക്കുവേണ്ടി പര്‍ണശാലകളില്‍ ഭജനം പാര്‍ക്കും. മഹോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, സാംസ്കാരിക സമ്മേളനം, വനിതാ സമ്മേളനം, ഹിന്ദുമതസമ്മേളനം എന്നീ വിവിധതരം സമ്മേളനങ്ങളും സാംസ്കാരിക കലാപരിപാടികളും നടത്തപ്പെടുന്നു.
- രവികുമാര്‍ കരുനാഗപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: