കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് വ്യക്തികളും സംഘടനകളും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധിക്കാനെന്ന വ്യാജേന കയറുന്നതായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതായി മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാവുന്നതും മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായാല്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് അതിന് പരിഹാരം കാണാവുന്നതുമാണ്. എന്നാല്‍ അവര്‍ മനുഷ്യാവകാശപ്രവര്ത്തകരെന്നോ മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെയും സമീപിക്കാനോ, പിരിവ് നടത്തുവാനോ സ്ഥാപനങ്ങളില്‍ കയറി പരിശോധിക്കുവാനോ അധികാരമില്ല.
മനുഷ്യാവകാശ സംരക്ഷണ നിയമമനുസരിച്ച് കമ്മീഷന് അംഗങ്ങള്‍ക്കോ കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കോ, കമ്മീഷന് അന്വേഷണ വിഭാഗത്തിനോ അല്ലെങ്കില്‍ കമ്മീഷന് അധികാരപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗ്ഥര്ക്കോ മാത്രമേ കമ്മീഷനില്‍ കിട്ടുന്ന പരാതികളിന്മേല് അന്വേഷണം നടത്താന്‍ അധികാരമുളളൂ. മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഫോട്ടോ പതിച്ച കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളോ ഉദ്യോഗസ്ഥരോ ആണെന്ന് പറഞ്ഞ് ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ പിരിവു ചോദിക്കുകയോ സ്ഥാപനങ്ങളിലെത്തി പരിശോധനക്കൊരുങ്ങുകയോ ചെയ്താല്‍ അങ്ങനെ വരുന്നവരോട് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ അല്ലെങ്കില്‍ കമ്മീഷന്റെ ലെറ്റര്‍പാഡില്‍ സീലോടു കൂടിയ അധികാരപത്രമോ ആവശ്യപ്പെടാവുന്നതാണ്. അതില്ലാതെ വരുന്ന വ്യാജന്മാരെ സംബന്ധിച്ച് പോലീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഇത്തരം വ്യാജന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: