മരട്: ഗ്യാസ് സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുന്നത് വീട്ടമ്മമാരെ ബുദ്ധിമുട്ടിലാക്കി. സബ്സിഡിയോടുകൂടിയുള്ള ആറുസിലിണ്ടറുകള് വാങ്ങി ഉപയോഗിച്ചുകഴിഞ്ഞവര് 984 രൂപ നല്കി സിലിണ്ടര്‍ വാണ്ടേണ്ട സ്ഥിതിയിലാണ്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് പ്രസ്താവനകള്‍ അടിക്കടി ഉണ്ടാകുന്നുണ്ടെങ്കിലും നടപടി അനിശ്ചിതമായി വൈകുന്നതാണ് ഉപഭോക്താക്കളെ വെട്ടിലാക്കിയിരിക്കുന്നത്.
സബ് സിഡി സിലിണ്ടറുകളുടെ എണ്ണം ഓരോ ഉപഭോക്താവിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആറെണ്ണമായാണ് കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളും ഇത് ഒമ്പതാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അധികമായിനല്കുന്ന മൂന്നു സിലിണ്ടറുകളുടെ വില വ്യത്യാസം സംസ്ഥാന സര്‍ക്കാര്‍ വഹിച്ചുകൊണ്ടാണ് ഇതു നടപ്പില്‍ വരുത്തിയിരിക്കുന്നത്. എണ്ണകമ്പനികളുമായി ഇതിന് കരാറുണ്ടാക്കേണ്ടതായുണ്ട്. മാത്രവുമല്ല ഇത് ഔദ്യോഗിക ഉത്തരവായി പുറത്തിറങ്ങുകയും, ഏജന്‍സികളെയും മറ്റും രേഖാമൂലം അറിയിക്കുകയും ചെയ്താല്‍ മാത്രമെ സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് അധിക സിലിണ്ടറുകള്‍ ലഭ്യമാക്കുവാന്‍ കഴിയുകയുള്ളു എന്നാണ് കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്. പ്രതിഷേധങ്ങളും മറ്റും തണുപ്പിക്കാന്‍ അടിക്കടി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
അഞ്ച് അംഗങ്ങളുള്ള ഒരു വീട്ടില്‍ ഒരു സിലിണ്ടര്‍ പരമാവധി 40 ദിവസം വരെയള്ള പാചകാവശ്യത്തിനുമാത്രമെ തികയുകയുള്ളൂ. അങ്ങിനെയെങ്കില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് നാലുസിണ്ടറുകളെങ്കിലും ഓരോ ഉപഭോക്താവും അധികവില നല്കി വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടാകും. കുടുംബബജറ്റുകള്‍ക്ക് ഇത് താണ്ടാവുന്നതിലും അധികമാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഗ്യാസിനു പുറമെ വൈദ്യുതിക്കും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. വിറകടുപ്പുകള്‍ മിക്കവീടുകളില്‍നിന്നും അപ്രത്യക്ഷമാവുക കൂടിചെയ്തതോടെ പാചകം ദുരിത പൂര്‍ണ്ണമായിരിക്കുകയാണ് ഓരോവീട്ടിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: