കൊച്ചി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനില്ലാത്ത ഏകദിനം ഞങ്ങള്‍ക്കു വേണ്ട…. ഞങ്ങളുടെ സ്നേഹം സച്ചിനു മാത്രം… ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കാണാന്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ക്രിക്കറ്റ് പ്രേമികളിലെ ഒരു സംഘം ഗാലറിയില്‍ ഉയര്‍ത്തിയ ബാനറിലെ വാക്കുകളാണിത്. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും സച്ചിനെന്ന ക്രിക്കറ്റ് ഇതിഹാസം ഇപ്പോഴും ആരാധക മനസുകളിലെ വന്യമായ വികാരമാണെന്ന് തെളിയിക്കുന്നതാണീ വാക്കുകള്‍. കളത്തിലില്ലായിരുന്നെങ്കിലും ഗാലറിയിലും സ്റ്റേഡിയത്തിന് പുറത്തും സച്ചിന് തന്നെയായിരുന്നു താരം. സച്ചിന്റെ പേരും പടവുമുള്ള ജേഴ്സിയണിഞ്ഞ് സൂപ്പര്‍താരത്തിന്റെ ചിത്രങ്ങളും കയ്യില്‍പ്പിടിച്ച് സച്ചിന്..സച്ചിനെന്ന വിളികളുമായി ജനലക്ഷങ്ങള്‍ ലിറ്റില്‍ മാസ്റ്ററുടെ അസാന്നിധ്യവും ആഘോഷമാക്കി മാറ്റി. ചിലര്‍ വയറിലും പുറത്തുമെല്ലാം സച്ചിന്റെ ചിത്രം വരച്ച് വച്ചുകൊണ്ടാണ് കളികാണാനെത്തിയത്. മറ്റു ചിലര്‍ ഓസ്ട്രേലിയക്കെതിരെയും പാക്കിസ്ഥാനെതിരെയും കൊച്ചിയില്‍ സച്ചിന് പുറത്തെടുത്ത ബൗളിംഗ് പ്രകടനങ്ങളുടെ ചിത്രങ്ങള്‍ കൂട്ടിഒട്ടിച്ചുകൊണ്ടാണെത്തിയത്.
തുടക്കത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുപ്പോഴും ഇന്ത്യന്‍ ടീം ബൗളിംഗിനിറങ്ങിയപ്പോഴും ഗാലറിയില്‍ നിന്ന് സച്ചിന് വീ… മിസ് …യു എന്ന് കാണികള്‍ വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നു. കൊച്ചി അറബിക്കടലിന്റെ റാണിയാണ്…പക്ഷേ ഈ ആഘോഷ തിമിര്പ്പുകള്ക്കിടയിലും അവള് ദുഃഖിതയാണ്. കാരണം അവളുടെ രാജകുമാരന് ഈ സന്തോഷത്തിന് പങ്കുചേരാന്‍ എത്തിയിട്ടില്ല… ആ രാജകുമാരന്റെ പേര് സച്ചിന് രമേഷ് ടെണ്ടുല്‍ക്കര്‍ എന്നാണ്…ഇതേ വാക്കുകള്‍ തന്നെയാണ് കൊച്ചിയിലെത്തിയ ഓരോ ക്രിക്കറ്റ് പ്രേമിയും അന്യോന്യം പറയാതെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: