പാട്ന: ഇന്ത്യന്‍ കര്‍ഷകര്‍ ശാസ്ത്രഞ്ജന്മാരേക്കാള്‍ ഭേദമെന്ന് നൊബേല്‍ പുരസ്കാര ജേതാവായ ജോസഫ് ഇ.സ്റ്റിഗ്ലിറ്റ്സ് അഭിപ്രായപ്പെട്ടു. ബീഹാറിലെ നലാന്റ ജില്ലയിലെ ജൈവ കൃഷി രീതിയില്‍ മതിപ്പ് തോന്നിയ അദ്ദേഹം അവിടുത്തെ കര്‍ഷകരുടെ അനുഭവം ഗവേഷണ വിധേയമാക്കേണ്ടതുണ്ടെന്നും മറ്റ് ഭാഗങ്ങളിലും ഈ കൃഷി രീതി അവലംബിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന ബീഹാര്‍ വികസന കാര്യത്തില്‍ അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ബീഹാറിലെ ജൈവ കൃഷിരീതി അത്ഭുതാവഹമാണെന്നും ലോകമെമ്പാടുമുള്ള കൃഷി ശാസ്ത്രഞ്ജര്‍ ഈ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും സ്റ്റിഗ്ലിറ്റ്സ് അഭിപ്രായപ്പെട്ടു.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് പ്രൊഫസറായ സ്റ്റിഗ്ലിറ്റ്സ് ഏഷ്യന്‍ ഡെവലപ്മെന്റ് റിസര്‍ച്ച് ഫൗണ്ടേഷന് ലക്ചര്‍ 2013 ല്‍ സംസാരിക്കുന്നതിന് വേണ്ടിയാണ് ഇവിടെ എത്തിയത്.
ജൈവകൃഷി ആരോഗ്യത്തിന് നല്ലതാണെന്നും സ്റ്റിഗ്ലിറ്റ്സ് കര്‍ഷകരോട് പറഞ്ഞു. കാര്‍ഷിക രംഗത്ത് പുതിയൊരു ഹരിത വിപ്ലവത്തിന് മുന്നോടിയായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയ വത്കരിക്കുന്നതിനുമാണ് ബീഹാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബീഹാറിലെ 37 ജില്ലകളില്‍ ഒരു ഗ്രാമത്തിലെങ്കിലും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് നിതീഷ് കുമാര്‍ ഗവണ്മെന്റിന്റെ തീരുമാനം. ബീഹാറില്‍ ജൈവ കൃഷി പ്രചാരണ പദ്ധതിയ്ക്ക് ഒരു വര്‍ഷം മുമ്പാണ് തുടക്കം കുറിച്ചത്. ജൈവഗ്രാമങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 255 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.
തുടക്കത്തില്‍ സൗജന്യ വിത്തും രാസവളങ്ങളും മറ്റും നല്‍കിയെങ്കിലും ജൈവ കൃഷിരീതിയോട് കര്‍ഷകര്‍ വിമുഖതയാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ ജൈവ കൃഷി സ്വീകരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതായി നലാന്റ ജില്ലാ അധികൃതര്‍ പറയുന്നു. ബീഹാര്‍ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ല് തന്നെ കാര്‍ഷിക മേഖലയാണ്. 81 ശതമാനം പേരാണ് കാര്‍ഷികവൃത്തികൊണ്ട് ബീഹാറില്‍ ഉപജീവനം കഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: