“മാതാ, പിതാ, ഗുരു ദൈവം” എന്ന ആപ്തവാക്യത്തിന്റെ പ്രസക്തി നഷ്ടമായിരിക്കുന്ന കാലമാണിത്. ഇന്ന് കേരളത്തില്‍ പീഡനവാര്‍ത്തകളില്ലാതെ ഒരു പ്രഭാതവും പൊട്ടിവിടരുന്നില്ല. ഈ സംഭവങ്ങളിലെല്ലാം പീഡകര്‍ ഗുരുസ്ഥാനീയര്തന്നെയാണ്. അച്ഛന്, സഹോദരന്, മാതുലന്, അധ്യാപകന് പോലും ഇന്ന് പീഡകരായി മാറുന്നു.പീഡനത്തിന് പണ്ടത്തെപ്പോലെ പ്രായപൂര്‍ത്തിയായ, ജോലിക്കാരായ വനിതകളെക്കാള്‍ കൂടുതല്‍ ഇരകളാകുന്നത് കൗമാരക്കാരാണ്. ഇതാണ് ഖേദകരം. കൗമാരപ്രായക്കാര്‍ എന്ന് പറയുമ്പോള്‍ ബാലന്മാരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരകളാകുന്നുണ്ട്.
ഇതിന്റെ കാരണം അന്വേഷിച്ചാല്‍ കിട്ടുന്ന ഉത്തരം ഇന്റര്‍നെറ്റ് ദുരുപയോഗവും നീലകാസറ്റുകളുടെ ലബ്ധിയുമാണെന്നായിരുന്നു. പക്ഷേ ഇന്റര്‍നെറ്റും മറ്റും ഉപരി-മധ്യവര്‍ഗ സമൂഹത്തിന്റെ വിനോദോപാധികളല്ലെ? പീഡിപ്പിക്കുന്നവരില്‍ സാധാരണക്കാരും പെടുന്നുണ്ട് എന്ന വസ്തുത കാണാതിരിക്കാനാവില്ല.
കേരളത്തില്‍ ഇന്ന് മദ്യാസക്തിക്കും മയക്കുമരുന്നാസക്തിക്കും അതീതമായി വിലസുന്നത് ഭോഗാസക്തിയാണ്. മദ്യമുതലാളി സര്‍ക്കാര്‍ ആയിരിക്കെ, മദ്യം ഖജനാവിലേക്ക് ഏറ്റവും അധികം വരുമാനം നല്കുന്ന സാധനമായിരിക്കെ മദ്യലഭ്യത തടയനാകുന്നില്ല. മയക്കുമരുന്ന് കോളേജ് കാമ്പസില്‍പോലും സുലഭമാണ്. ലഹരി മനുഷ്യബന്ധങ്ങളെ അപ്രസക്തമാക്കുന്നു.
തൃപ്പൂണിത്തുറയില്‍ നഗരസഭാ പരിധിയില്‍ ഒന്‍പതാം ക്ലാസുകാരിയായ പതിനാലുകാരിയെ പീഡിപ്പിച്ചത് സ്വന്തം പിതാവാണ്. ഇയാള്‍തന്നെയാണ് അയല്‍വാസിക്കും അതിന് അനുവാദം നല്കി ക്രൂരതയുടെ പര്യായമായി മാറിയത്. ഒന്‍പത് വയസു മുതല്‍ പിതാവ് തന്നെ പീഡിപ്പിക്കുന്നതായാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ പരുത്തിമുക്കിലെ 60-കാരനായ കുഞ്ഞുകുഞ്ഞാണ് മറ്റൊരു ബാലികയെ പീഡനത്തിന് വിധേയയാക്കിയത്. അവളെ സ്വന്തം മാതൃസഹോദരനും പീഡനത്തിന് വിധേയയാക്കി. വൈപ്പിനില്‍ ഒറ്റമൂലി വൈദ്യന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും അയല്‍വാസിയുമായ ഏഴ് വയസുകാരിയെ പീഡിപ്പിച്ചതിന് ജനങ്ങള്‍ അയാളെ ചെരുപ്പുമാലയണിയിച്ച് റോഡിലൂടെ നടത്തിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. സിപിഎം (എംഎല്), ഓള് ഇന്ത്യാ റവല്യൂഷണറി വുമണ്‍സ് ഓര്ഗനൈസേഷന് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വൈദ്യനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി പോലീസില്‍ ഏല്‍പ്പിച്ചത്.
ഇന്ന് കുടുംബബന്ധങ്ങള്‍ അിലിഞ്ഞില്ലാതായപ്പോള്, മാതൃ-പുത്രീ സംഭാഷണങ്ങള്‍ നിലച്ചപ്പോള്‍, അമ്മമാര്‍ സ്വന്തം മകളെ ധനസമ്പാദന മാര്‍ഗമായി കരുതുമ്പോള്‍ പീഡിതരാകുന്ന പെണ്‍കുട്ടികള്‍ മാനസിക സംഘര്‍ഷം വെളിപ്പെടുത്തുന്നത് സ്കൂള്‍ കൗണ്സലര്മാരോടാണ്. അല്ലെങ്കില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുന്ന അധ്യാപകനായിരിക്കും വിവരം തിരക്കി പോലീസില്‍ അറിയിക്കുന്നത്.
ഇന്ന് പീഡനത്തിന് പ്രായവ്യത്യാസമില്ല. പെണ്ണായാല്‍ തൊട്ടില് മുതല്‍ ശവകുടീരം വരെ പീഡനവസ്തുവാണ്. ശവക്കല്ലറയില്നിന്നുപോലും ഒരു സ്ത്രീയുടെ മൃതശരീരം പുറത്തെടുത്ത് ബലാല്‍സംഗം ചെയ്ത മാനസികരോഗി കോട്ടയംകാരനായിരുന്നു.
പക്ഷെ ഇതൊന്നും കാണേണ്ടവരോ, നടപടിയെടുക്കേണ്ടവരോ കാണുന്നുമില്ല, അറിയുന്നുമില്ല. കുട്ടികളെ സ്കൂളില്‍ അധ്യാപകര്‍ ശിക്ഷിക്കുന്നത് ഇന്ന് കൊടുംശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. മധ്യപ്രദേശില്‍ അസ്ലം അന്‍സാരി എന്ന ചെറിയ കുട്ടി അധ്യാപകന്റെ ക്രൂരമായ ശിക്ഷയെത്തുടര്‍ന്ന് മരിക്കുകയുണ്ടായി. നിയമമനുസരിച്ച് ഒരാള്‍ക്കും മറ്റൊരാളെ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കാന്‍ അധികാരമില്ല. മാതാപിതാക്കള്‍ തന്റെ കുട്ടിയെ കര്‍ശനമായ അച്ചടക്കം പാലിക്കുന്ന സ്കൂളുകളിലാണ് അയയക്കാന്‍ താല്പര്യപ്പെടുന്നത്. കുട്ടികള്‍ ജന്മനാ കുഴപ്പക്കാരാണെന്നും അവര്‍ക്ക് കര്‍ശനമായ മേല്‍നോട്ടവും തെറ്റ് ചെയ്താല്‍ ശിക്ഷയും അത്യാവശ്യമാണെന്നുമാണ് ധാരണ. കുട്ടികള്‍ക്കാകട്ടെ സ്വന്തം ശബ്ദമുയര്‍ത്താന്‍ അധികാരമോ അവസരമോ ലഭിക്കുന്നില്ല.
പക്ഷെ ഇത് ധാരണകളും മൂല്യങ്ങളും ബന്ധങ്ങളും അപ്രസക്തമാകുന്ന കാലമാണല്ലോ. പെണ്‍കുട്ടികളെ കുമാരി എന്നതിന് പകരം ഭോഗവസ്തുവായി കാണുന്ന ഒരു സമൂഹത്തില്‍, ഇവരുടെ സുരക്ഷ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും സത്വര ശ്രദ്ധയില്‍ വരേണ്ട കാലമാണ്. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ സാധ്യമാകാത്ത ഇക്കാലത്ത്, മരുമകന് അമ്മായിയമ്മയെ ആഭരണങ്ങള്‍ക്കുവേണ്ടി കൊല്ലുന്ന, മദ്യപിച്ച് വരുന്ന മകന് അമ്മയെ പ്രാപിക്കാന്‍ ശ്രമിക്കുന്ന കാലത്ത് സാമൂഹിക നിരീക്ഷണവും ഇടപെടലും മാത്രമാണ് ഏക പ്രതിരോധം.
എന്തെന്നാല്‍ പീഡനക്കേസുകളില്‍ പോലീസ് ഒരിക്കലും ജാഗ്രതയോടെ പെരുമാറുകയോ സത്വരമായ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. പോലീസ് സഹായത്തിന് വിവിധ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് തക്കസമയത്ത് പെണ്‍കുട്ടികളുടെ സഹായത്തിനെത്തുന്നില്ല എന്ന് ഈയിടെ ഒരു ചാനല്‍ അന്വേഷണത്തില്‍ തെളിഞ്ഞത് ടിവികളില്‍ കണ്ടിരുന്നതാണ്.
ഇന്ന് ഈ ബാലികാ-സ്ത്രീപീഡനം വര്‍ധിക്കാന്‍ പ്രധാന കാരണം അധികാരികളുടെ അശ്രദ്ധതന്നെയാണ്. ദല്‍ഹി മാനഭംഗക്കേസിലും പോലീസ് അനാസ്ഥ ചര്‍ച്ചാവിഷയമായിരുന്നു; പോലീസ് ഇത് ശക്തമായി നിഷേധിച്ചെങ്കിലും. ജനങ്ങള്‍ പ്രായ-ലിംഗഭേദമെന്യേ രാജ്യതലസ്ഥാനത്ത് മുദ്രാവാക്യം വിളിയോടെ പ്രകടനം നടത്തിയതുതന്നെ ജനരോഷത്തിന്റെ പ്രതിഫലനമാണ്. പ്രധാനമന്ത്രി സ്വാഭാവിക നിര്‍വികാരതയാണ് പ്രകടിപ്പിച്ചതെങ്കിലും. ദല്‍ഹി ഹൈക്കോടതി സ്ത്രീസംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തന സംഘടനകളുടെയും വികാരം പരിഗണിച്ച് അഞ്ച് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുകയും മാനഭംഗക്കേസുകളിലും സ്ത്രീപീഡനക്കേസുകളിലും സത്വര നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജനങ്ങള്‍ക്ക് ഇന്ന് ജനായത്ത ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പ്രതിഫലനംകൂടിയായിരുന്നു ആ ബഹുജന പ്രക്ഷോഭം. ജനായത്ത ഭരണം ജനങ്ങളെ ശാക്തീകരിക്കുമെന്ന ധാരണ തിരുത്തപ്പെടുകയാണോ? 65 കൊല്ലം പഴക്കമുള്ള ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് ജനങ്ങളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനായില്ല എന്ന സത്യമാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2003 നും 2007 നും മധ്യേ 282384 മനുഷ്യാവകാശലംഘനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 79,000 മാത്രം അന്വേഷണവിധേയമാക്കി വെറും 264 പേരെയാണ് ശിക്ഷിച്ചത്!
അതിവേഗ കോടതികള്‍ വേണമെന്ന ആവശ്യം സുഗതകുമാരി അധ്യക്ഷയായിരുന്ന പ്രഥമ വനിതാ കമ്മീഷന് ഉയര്‍ത്തിയതാണ്. ഇവിടെ ഭരിക്കുന്നവര്‍ ഇമ്മാതിരി ആവശ്യം ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി പുറംതള്ളുന്നു.
ഇതിനെല്ലാം പ്രതിവിധി ജനങ്ങളുടെ പ്രതികരണം മാത്രമാണ്. ഇന്ന് കേരളത്തില്‍ സദാചാര പോലീസ് ശക്തമാണ്. അവര്‍ ശ്രദ്ധിക്കുന്നത് ഒരുമിച്ച് കാണപ്പെടുന്ന സ്ത്രീപുരുഷന്മാര് വിവാഹിതരാണോ എന്ന് മാത്രമാണ്. “എവിടെ താലി?” എന്നതാണ് ആദ്യചോദ്യം. യഥാര്‍ത്ഥത്തില്‍ ഇവര്‍ ശ്രദ്ധിക്കേണ്ടത് ദുരാചാരവും ലൈംഗിക ആക്രമണങ്ങളും തടഞ്ഞ് സ്ത്രീസുരക്ഷ ഉറപ്പുവരുത്തേണ്ടതിനാണ്. സമൂഹത്തില്‍ പകുതിയായ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ പോലുമുള്ള അവകാശമാണ് ഈ ഭോഗാസക്തര്‍ ലംഘിക്കുന്നത്. കൗമാരക്കാര്‍ ലൈംഗികപീഡനമനുഭവിച്ചാല് അത് അവരുടെ ഭാവിയെപ്പോലും ബാധിക്കുന്നത് ആ കൃത്യം അവരിലേല്‍പ്പിക്കുന്ന മാനസിക ആഘാതവും അടിസ്ഥാനമില്ലാത്ത കുറ്റബോധവും അപകര്‍ഷതാബോധവുമാണ്.
കുട്ടികള്‍ ഭാവിപൗരന്മാര് മാത്രമല്ല, രാജ്യത്തിന്റെ മാനവവിഭവശേഷി കൂടിയാണ്. ഈ കുട്ടികള്‍ക്ക് ശാരീരികമായും മാനസികമായും ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അതുകൊണ്ടുതന്നെ ഭോഗാസക്തി മൂത്ത ലൈംഗികകുറ്റവാളികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സമൂഹംതന്നെ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ആഗതമായിരിക്കുകയാണ്. സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ മാത്രമാണ് ലൈംഗിക കുറ്റവാളികള്‍ക്ക് കടിഞ്ഞാണിടാന്‍ പര്യാപ്തമാകുക.
ദല്‍ഹി മാനഭംഗം ഇന്ത്യയെ ലോകത്തിന്റെ മുമ്പില്‍ അപമാനിതയാക്കി. ദല്‍ഹി ബലാത്സംഗ തലസ്ഥാനം എന്ന ദുഷ്പ്പേര് സ്വായത്തമാക്കി. ഇത് ഒരു പെണ്‍കുട്ടിക്കെതിരെ നടക്കുന്ന ലൈംഗിക കയ്യേറ്റ ശ്രമം മാത്രമല്ല, ഒരു ലൈംഗിക സദാചാരത്തിന്റെ പ്രശ്നംകൂടിയാണ്. ഭാരതത്തില്‍ ഇത് സംഭവിക്കുകയില്ലെന്നും ഇന്ത്യയിലാണ് ഇത്തരം ഹീനകൃത്യങ്ങള്‍ അരങ്ങേറുന്നതെന്നും പറയാന്‍ പ്രധാന കാരണം ഇന്ന് ഇന്ത്യയുടെ മോഡല്‍ അമേരിക്കയാകുന്നതിനാലാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പോലും ആഗ്രഹിക്കുന്നത് ഇന്ത്യക്കാര്‍ അമേരിക്കയെ അനുകരിക്കണമെന്നാണ്. അദ്ദേഹത്തിന്റെ വികസനസ്വപ്നങ്ങളെല്ലാം അമേരിക്ക കേന്ദ്രീകൃതമാണ്.
ഭാരത സംസ്കാരത്തില്‍ സ്ത്രീ ദേവതയാണ്, അമ്മയാണ്, ദേവിയാണ്. പക്ഷെ ഇന്ന് ഭാരതസംസ്കാരം എവിടെ? കേരളത്തിനും ലജ്ജിക്കാനേ വകയുള്ളൂ. 18 വയസില്‍ താഴെയുള്ള 905 ലൈംഗികാക്രമണക്കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 286 മാനഭംഗക്കേസുകളും 90 കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കേസുകളുമാണ്. 9758 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 715 മാനഭംഗങ്ങള്‍, 343 യാത്രക്കിടയിലെ അക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ 141, ഭര്‍തൃപീഡനം 4050. സുരക്ഷ സ്ത്രീകള്‍ക്ക് ഇന്നും അകലെ. നാല് അധ്യാപകര്‍ വിദ്യാര്ത്ഥിനിപീഡനത്തിന് അറസ്റ്റിലായി. കണ്ണൂരില്‍ പതിനൊന്നുകാരിയെ അച്ഛനും അമ്മാവനും ചേട്ടനും പീഡിപ്പിച്ചു. പുരുഷന്മാര് ചെകുത്താന്മാരാകുമ്പോള് സ്ത്രീകള്‍ ഒരുമയോടെ പ്രവര്‍ത്തിച്ച് സ്വന്തം ശബ്ദം ഭരണകൂടത്തെ കേള്‍പ്പിച്ച് അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം.
- ലീല മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: