തിരുവനന്തപുരം: ചെറിയ ശരിയില്‍ നിന്നും വലിയ ശരിയിലേക്കും അവിടെ നിന്ന് പൂര്‍ണമായ ശരിയിലേക്കുമുള്ള യാത്രയാണ് ഭാരതത്തിന്റെ ആധ്യാത്മികതയെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് പറഞ്ഞു. കൈമനം ആര്.ടി.ടിസിയില്‍ തെരഞ്ഞെടുത്ത യൂത്ത്ക്ലബ് ഭാരവാഹികള്‍ക്കുവേണ്ടി നടത്തുന്ന റസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും നെഹ്റു യുവകേന്ദ്രയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭാരതത്തിന്റെ ആത്മീയപാരമ്പര്യം ലോകമെങ്ങും അംഗീകരിക്കാന്‍ സ്വാമിവിവേകാനന്ദന്റെ ഉജ്വലമായ വ്യക്തിത്വം കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധ്യാത്മികതയെന്ന ഒരേ ലക്ഷ്യത്തിലേക്കുള്ള വിഭിന്നമാര്‍ഗങ്ങളാണ് വിവിധ മതങ്ങള്‍. ഒരേ സ്ഥലത്ത് എത്തിച്ചേരാന്‍ വ്യത്യസ്ത വഴികളിലൂടെ യാത്രചെയ്യുന്നവര്‍ പരസ്പരം വിദ്വേഷം പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളെയും എല്ലാത്തരം അഭിപ്രായങ്ങളെയും അംഗീകരിക്കുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. അലസത വെടിഞ്ഞ് കരുത്തരാകാന്‍ പ്രേരിപ്പിച്ചയാളായിരുന്നു സ്വാമി വിവേകാനന്ദന്. കരുത്തുറ്റ യുവജനതയിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്ന് വിവേകാനന്ദന് നമ്മോടു പറഞ്ഞു. പുതിയ തലമുറയ്ക്ക് കര്‍മശേഷിയുടെ പ്രചോദനമാകാന്‍ വിവേകാനന്ദദര്‍ശങ്ങള്‍ക്കു കഴിയും. വിശുദ്ധമായ ഗംഗോത്രിയില്‍ നിന്നാണ് ഗംഗാജലം എടുക്കേണ്ടത്. അതുപോലെ വിവേകാനന്ദന്റെ ദര്‍ശനങ്ങളും അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും വേണം ഉള്ക്കൊള്ളാനെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: