ആലുവ: പ്രകൃതിയുടെ വരദാനമായ ശിവരാത്രി മണപ്പുറത്ത് യാതൊരുവിധത്തിലുള്ള നിര്‍മിതിയും അനുവദിക്കരുതെന്ന് ചിത്രകാരന് എം.വി.ദേവന് അഭിപ്രായപ്പെട്ടു. ആലുവ ശിവരാത്രി മണപ്പുറം സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത് നടന്ന ഭക്തജന കണ്‍വെന്‍ഷനും സാംസ്ക്കാരിക സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണപ്പുറം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമെങ്കില്‍ ശക്തമായ പോരാട്ടം തന്നെ നടത്തണമെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പെരിയാര്‍ നദിയുടെ തീരപ്രദേശമാണ് മണപ്പുറം. അതിനെ ശരീരമെന്ന നിലയില്‍ കാണുകയും സംരക്ഷിക്കുകയും വേണമെന്ന് പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ഡോ.സി.എം.ജോയി പറഞ്ഞു.
ദൈവാരാധനയുടെ ഭാഗമായി പ്രകൃതിയെ കണ്ട ഭാരത പാരമ്പര്യം പുനഃസൃഷ്ടിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐതിഹ്യ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ആലുവയും പരിസര പ്രദേശങ്ങളുമെന്ന് കവി എന്‍.കെ.ദേശം പറഞ്ഞു. നദികളെ ദേവതമാരായി കണ്ട് ആരാധിക്കുന്ന നമുക്ക് ഈ മണപ്പുറം വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണപ്പുറം ശിവക്ഷേത്രത്തിന്റെ ഭാഗമാണ്. ഇത് സംരക്ഷിക്കാന്‍ പ്രതികരിക്കണമെന്ന് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന് പറഞ്ഞു. ആര്‍എസ്എസ് ജില്ല സംഘചാലക് ഡോ.എസ്.അയ്യപ്പന് പിള്ള അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി കെ.എന്‍.ദിവാകരന്, കെപിഎംഎസ് താലൂക്ക് യൂണിയന് സെക്രട്ടറി ടി.പി.വേലായുധന്, വിശ്വകര്‍മ സൊസൈറ്റി താലൂക്ക് സെക്രട്ടറി സരസന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, സെക്രട്ടറി ആര്.വി.ബാബു, കെ.പി.സുരേഷ്, എ.സി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ശിവരാത്രി മണപ്പുറം സംരക്ഷണ വേദി അദ്ധ്യക്ഷനായി പ്രൊഫ.എസ്.സീതാരാമനെയും ജനറല്‍ കണ്‍വീനറായി എ.സി.സന്തോഷിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: