കൊച്ചി: നീര്‍ത്തട സംരക്ഷണത്തിനായി മുളന്തുരുത്തി ബ്ലോക്കിനു കീഴില്‍ സമഗ്രമായ പദ്ധതി ആവിഷ്കരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മുളന്തുരുത്തി ബ്ലോക്കിനു കീഴിലായി മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ തിരുവാങ്കുളം, തിരുവാണിയൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളുമുള്‍പ്പെടെ അഞ്ച് പ്രദേശങ്ങളിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ജലം, മണ്ണ്, ജൈവ വ്യവസ്ഥിതി എന്നിവ സംരക്ഷിച്ച് ആവാസ വ്യവസ്ഥയെ സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്റെ സവിശേഷമായ ആവാസ വ്യവസ്ഥ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്. നാലു മുതല്‍ ഏഴ് വര്‍ഷമാണ് പദ്ധതിപൂര്‍ത്തീകരണത്തിന്റെ കാലാവധി. 4338 ഹെക്ടര്‍ സ്ഥലത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 653.86 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 80 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരിന്റെ 20 ശതമാനം തുകയുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ വയനാട് കേന്ദ്രീകരിച്ചുള്ള ഏജന്‍സിയെ ഏല്പിച്ചിട്ടുണ്ട്.
നീര്‍ത്തട സംരക്ഷണത്തിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ഭുഗര്‍ഭ ജലത്തിന്റെ ലഭ്യത വര്‍ദ്ധിക്കുകയും മണ്ണൊലിപ്പ് നിയന്ത്രണാധീനമാകുകയും ചെയ്യും. കേരളത്തിന്റെ സവിശേഷമായ ആവാസ വ്യവസ്ഥ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്. മറ്റു പദ്ധതികളില്‍ നിന്ന് സിവിശേഷമായി പദ്ധതിയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി നീര്‍ത്തട സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാവും വിധം വിവിധ പദ്ധതികള്‍ തയാറാക്കും. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യഉപയോഗിച്ച് പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കേരളത്തിനു പുറമെ ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, നാഗാലാന്റ് തുടങ്ങി വിവിധ സംസ്ഥാനങ്ങളും വാട്ടര്‍ഷെഡ് മാനേജ്മെന്റ് പദ്ധതിക്ക് കീഴില്‍ ഗുണപരമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ജലസേചനത്തിനായി ചെക്ക്ഡാമുകള്‍, ശുദ്ധജല വിതരണം, മഴവെള്ള സംഭരണം, തരിശു ഭൂമിയില്‍ കൃഷിക്കായി വെള്ളമെത്തിക്കല്‍, മണ്ണിന്റെ ഘടന മാറ്റി കൃഷി യോഗ്യമാക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ് ഈ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിനായി പൊതുജനങ്ങളുടെ വന്‍തോതിലുള്ള പങ്കാളിത്തവും അവര്‍ ഉറപ്പാക്കി.
ജില്ലയില്‍ മുളന്തുരുത്തി കൂടതെ വൈപ്പിന്‍ ബ്ലോക്കിന് കീഴിലും നീര്‍ത്തട പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നേരിട്ട് പദ്ധതി നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് മുളന്തുരുത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സെയ്ദ് മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: