ന്യൂദല്‍ഹി: ഇന്ത്യ പൂര്‍ണമായും പോളിയോ രഹിത രാജ്യമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരികയാണ്. കഴിഞ്ഞ രണ്ട് കൊല്ലമായി ഇന്ത്യയില്‍ ഒരു പോളിയോ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ പോളിയോയ്ക്ക് ഇന്ത്യ ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ്. മാരകമായ പോളിയോ വൈറസുകള്‍ക്കെതിരായ യുദ്ധം ഇന്ത്യ കാലങ്ങളായി തുടങ്ങിയതാണ്. 2009 വരെ പോളിയോയ്ക്കെതിരെയുള്ള ഈ പോരാട്ടം തുടരുകയും ചെയ്തു. ഇന്ത്യയുടെ ദേശീയ സര്ട്ടിഫിക്കേഷന് കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യസംഘടനയുടെ പതിനൊന്നംഗ കമ്മീഷന് നിരന്തരം പരിശോധിക്കാറുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാരകമായ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയ്ക്ക് ഇന്ത്യയിലെ ഒരു സംസ്ഥാനത്തും പോളിയോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇന്ത്യയുടെ ദേശീയ സര്ട്ടിഫിക്കേഷന് കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയന്നത്. 2014ഓടെ ഇന്ത്യയെ പൂര്‍ണമായും പോളിയോ വിമുക്ത രാഷ്ട്രമായി പ്രഖ്യാപിക്കാനാണ് കമ്മറ്റിയുടെ ലക്ഷ്യം.
കഴിഞ്ഞ രണ്ട് ദശകമായി പോളിയോ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാണ് ഇന്ത്യന്‍ അക്കാദമിയിലെ നവീന്‍ താക്കര്‍. ഈ നൂറ്റാണ്ടിലെ പൊതു ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വിജയമാണ് ഇതെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനം സാധ്യമായിട്ടുണ്ടെങ്കിലും ഇതിന്റെ ഭീഷണി നാം നേരിടുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളില്‍ യാത്രചെയ്യുന്നതിലൂടെ പോളിയോ വൈറസിനെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരാനുള്ള സാധ്യത വലുതാണെന്ന് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ജേക്കബ് ജോണ്‍ പറയുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്,അഫ്ഗാനിസ്ഥാന്, നൈജീരിയ എന്നിവടങ്ങളില്‍ ഇപ്പോഴും പോളിയോ രോഗബാധ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടി ഈ രാജ്യങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും അത്ര കാര്യക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതിര്‍ത്തി വഴി പോളിയോ വൈറസ് ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജമ്മുകാശ്മീര്‍ അതിര്‍ത്തി വഴിയും, രാജസ്ഥാനിലെ പഞ്ചാബ് അതിര്‍ത്തി വഴിയും പോളിയോ വൈറസ് ഇന്ത്യയിലേക്ക് കടക്കാന്‍ ഇടയുണ്ടെന്ന് ഡോ. ജോണ്‍ പറയുന്നു. എന്നാല്‍ നാം അതീവ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നതെന്നും എല്ലാവിധ മുന്‍കരുതലും നമ്മള് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ഇക്കൊല്ലം വിവിധ പദ്ധതികളാണ് ഇന്ത്യ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി രണ്ട് പ്രചാരണ പരിപാടികള്‍ ഇക്കൊല്ലം നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് പോലെ ജനസാന്ദ്രത ഏറിയ സംസ്ഥാനങ്ങളില്‍ വലിയ പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാണ് ഇത്തരത്തില്‍ ഒരു പ്രചാരണ പരിപാടി നടത്തുന്നത്. ലോകാരോഗ്യ സംഘടനാസിഡിസി, യുണിസെഫ് എന്നിവര്‍ സംയുക്തമായി നടത്തിവന്ന പ്രചാരണപരിപാടി ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് ഇപ്പോള്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടക്കുന്നത്. 2014ല്‍ ഇന്ത്യയെ പോളിയോ നിര്‍മ്മാര്‍ജ്ജന രാഷ്ട്രമായി പ്രഖ്യാപിക്കുന്നതോടെ ആരോഗ്യരംഗം വലിയ ഒരു നേട്ടം കൈവരിക്കും. ഇക്കൊല്ലം നടക്കുന്ന പ്രചാരണ പരിപാടികള്‍ ഇതിനു സഹായകമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: