കൊല്‍ക്കത്ത: ഇമാമുകള്‍ക്ക് അലവന്‍സ് നല്‍കാനുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്‍മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം ബിജെപിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ഉപകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇമാമുകള്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണെന്നും അവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ജോലിയില്ലാത്തവരായി ഉണ്ടെന്നും മുസ്ലിം യുവാക്കള്‍ക്ക് ജോലി ലഭിക്കാന്‍ താന്‍ നടപ്പാക്കിയ സംവരണം ഇപ്പോള്‍ നിര്‍ത്തലാക്കിയതായും ഭട്ടാചാര്യ കുറ്റപ്പെടുത്തി. ഇമാമുകള്‍ക്ക് ധനസഹായം നല്കുന്ന സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്ക് അത് നല്‍കാത്തതെന്താണെന്നാണ് ബിജെപി ചോദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്ന നടപടികളാണിതെന്നും ബുദ്ധദേവ് പറഞ്ഞു.
എന്നാല്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവനയോട് ബിജെപി ശക്തമായി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ദുഷ്പ്രവൃത്തി കൊണ്ടാണ് സംസ്ഥാനത്ത് ബിജെപിക്ക് സ്വീകാര്യത ലഭിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ പറഞ്ഞു. സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി പണം ദുരുപയോഗം ചെയ്യുന്നതിനെയും രാഹുല്‍ സിന്‍ഹ വിമര്‍ശിച്ചു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മുഖ്യമന്ത്രി മമത ബാനജിയുടെ ചിത്രം അച്ചടിച്ച പരസ്യം പുറത്തിറക്കാനാണ് സര്‍ക്കാരിന് ഉത്സാഹമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: