ന്യൂദല്‍ഹി: ഖാപ് പഞ്ചായത്തുകളുടെ നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മൊബെയില്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കണമെന്നും സ്ത്രീകളോട് ആവശ്യപ്പെടാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്തിരിപ്പിന് രീതിയിലാണ് ഖാപ്പ് പഞ്ചായത്തുകള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കല്‍പ്പിക്കുന്നതെന്നും എന്നാല്‍ ദുരഭിമാനക്കൊല പോലുള്ളവയില്‍ ഇവരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാറില്ലെന്നും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയെ അറിയിച്ചു. വാദം കേള്‍ക്കുന്നതിന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്ന് ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ദുരഭിമാനക്കൊലക്ക് എതിരെയുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഗോത്രമോ ജാതിയോ മാറി വിവാഹം കഴിക്കുന്ന യുവതീയുവാക്കളെ ഖാപ് പഞ്ചായത്തുകള്‍ ക്രൂരമായി വധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ശക്തിവാഹിനി എന്ന എന്‍ജിഒ സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഖാപ് പഞ്ചായത്ത് നേതാക്കളുടെ നിലപാടറിയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് 5 ന് ഖാപ് പഞ്ചായത്ത് പ്രതിനിധികള്‍ കോടതിയില്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കും. ചില ഗോത്രങ്ങളുമായുള്ള വിവാഹം തങ്ങള്‍ കോടതി മുമ്പാകെ എതിര്‍ക്കുമെന്ന് ഉത്തര്‍പ്രദേശിലെ ചില ഖാപ് പഞ്ചായത്തുകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
ജാതിയുടെയോ സമുദായത്തിന്റെയോ പേരില്‍ രൂപീകരിക്കപ്പെട്ട ഖാപ് പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ ശിക്ഷ നടപ്പാക്കുന്നത് പതിവാണ്. ഇത് തടയാന്‍ പോലീസിന് പലപ്പോഴും കഴിയാത്ത സാഹചര്യമാണെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ ധരിപ്പിച്ചിരുന്നു.
ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ സംവിധാനമേര്പ്പെടുത്തേണ്ടതുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗും നേരത്തെ കോടതിയെ ധരിപ്പിച്ചിരുന്നു. മാര്ഗനിയന്ത്രണം പുറപ്പെടുവിച്ചത് കൊണ്ടുമാത്രം ഇത്തരം പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ കഴിയുമോ എന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ ശക്തമായ മൂന്ന് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന പെയിലറ്റ് പ്രോജക്ട് പരിശോധിക്കാനാണ് കോടതി തീരുമാനം. ഇതിനിടെ ഹരിയാനയില്‍ വീണ്ടും ദുരഭിമാനക്കൊല നടന്നു. അടുത്തിടെ വിവാഹം കഴിഞ്ഞ യുവതിയെ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി കാണാനില്ലായിരുന്നു. എന്നാല്‍ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവും അമ്മാവനും അറസ്റ്റിലായി. കര്‍ണാല്‍ ജില്ലയിലെ സദര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: