കല്‍പ്പറ്റ: വയനാട്ടിലെ അമ്പലവയലിനടുത്ത് അമ്പുകുത്തി മലയിലുള്ള എടക്കല്‍ റോക്ക് ഷെല്ട്ടറിലുള്ളതിന് സമാനമായ ശിലാചിത്രങ്ങള്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്ന് വനത്തില്‍ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ സെക്ഷനില്‍ കാപ്പിക്കുന്ന് വേലിയമ്പംകോട്ട ശിവക്ഷേത്രത്തില്‍നിന്നു ഏകദേശം 100 മീറ്റര്‍ മാറി കാട്ടിലുള്ള ശിലകളിലാണ് എടക്കലിലോളം പഴക്കമുള്ള ചിത്രങ്ങള്‍ കണ്ടെത്തിയത്.
ദക്ഷിണേന്ത്യയിലെ ആദിവാസികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ ഇന്ത്യന്‍ വംശജയായ ബെല്‍ജിയന്‍ വനിത ഗിരാ ഗ്രാറ്റിയറാണ് കാപ്പിക്കുന്ന് വനത്തില്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന ശിലകളിലെ ചിത്രങ്ങള്‍ എടക്കലിലേതിന് സദൃശമാണെന്ന് അഭിപ്രായപ്പെട്ടത്. ചരിത്രഗവേഷകയുമാണ് ബ്രസല്‍സില്‍ സ്ഥിരതാമസക്കാരിയായ ഈ വനിത. ആദിവാസികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കാപ്പിക്കുന്നിലെ മുണ്ടക്കുറ്റി കുറുമ കോളനിയിലെത്തിയ താന്‍ ആനന്ദ് എന്ന ആദിവാസി യുവാവിനൊപ്പം വേലിയമ്പം കോട്ട ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് യാദൃച്ഛികമായി വനത്തിലുള്ള ശിലകളും അതിലെ ചിത്രങ്ങളും കണ്ടെതെന്ന് ഗിരാ ഗ്രാറ്റിയര് പറഞ്ഞു.
“വേലിയമ്പംകോട്ട ക്ഷേത്രം പണിയാനുപയോഗിച്ചത് തൊട്ടടുത്ത് കാട്ടില്നിന്നെടുത്ത കല്ലുകളാണെന്ന് ക്ഷേത്രമൈതാനിയില്‍ കളിക്കുകയായിരുന്ന ഒരു ബാലന് പറഞ്ഞു. താത്പര്യത്തോടെ കൂടെ ചെന്നപ്പോഴാണ് അവിടെയുള്ള ശിലകള്‍ ഏറെ ചരിത്രപ്രാധാന്യമുള്ളതാണെന്ന് മനസിലായത്. കാലപ്രയാണത്തില്‍ തകര്‍ന്നടിഞ്ഞ നിര്‍മാണമാണ് കാപ്പിക്കുന്ന് വനത്തിലേത്. മണ്ണിനു മുകളില്‍ ഉടഞ്ഞും അല്ലാതെയും കാണുന്ന കല്ലുകളിലെ ചിത്രങ്ങള്‍ക്ക് എടക്കലിലെ പാറകളില്‍ കാണുന്ന ചിത്രങ്ങളുമായി സമാനതയുണ്ട്. മണ്ണില്‍ പുതഞ്ഞ ശിലകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടേക്കാം. ഈ വനപ്രദേശം ചരിത്രകാരന്മാരുടെ ഗവേഷണത്തിനു വിധേയമാക്കേണ്ടതുണ്ട്”- ഗിരാ പറഞ്ഞു.
പുല്പള്ളിയില്നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയാണ് വേലിയമ്പംകോട്ട. ഇവിടുത്തെ ക്ഷേത്രവും സമീപത്തെ ശിലകളില്‍ കാണുന്ന ചിത്രങ്ങളും വ്യത്യസ്ത കാലഘട്ടത്തിലേതാണെന്ന് ഗിരാ ഗ്രാറ്റിയര് അഭിപ്രായപ്പെട്ടു. ചോള ഭരണകാലത്തെ വാസ്തുവിദ്യാരീതിയാണ് മുഖ്യമായും വെണ്ണക്കല്ലില്‍ നിര്‍മിച്ച വേലിയമ്പം കോട്ട ക്ഷേത്രത്തിലേത്. ഗജപൃഷ്ഠാകൃതിയിലാണ് 1000 വര്‍ഷം പഴക്കം മതിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മാണം. ക്ഷേത്രത്തില്‍ മുന്‍വശത്ത് മുകള്‍ ഭാഗത്ത് രണ്ട് വശങ്ങളിലായി ശിലയില്‍ കൊത്തിയിരിക്കുന്ന മനുഷ്യത്തലകള്‍ കുറുമ യുദ്ധവീരന്മാരുടേതാണ്, ഗിരാ പറഞ്ഞു.
കാപ്പിക്കുന്ന് വനത്തില്‍ മണ്ണിനു പുറമെ കാണുന്ന ചില ശിലകളിലെ വരകള്‍ എടക്കല്‍ ഗുഹാഭിത്തിയിലേതുപോലെയാണ്. ഭേദപ്പെട്ട വലിപ്പമുള്ള മറ്റൊരുശിലയില് വിഭിന്ന ദിശകളിലേക്ക് മുഖം തിരിച്ചുനില്‍ക്കുന്ന രണ്ട് മാനുകളുടെ രൂപവുമുണ്ട്. ഇതേശിലയില് വേറെയും ചിത്രങ്ങളുണ്ട്.
എടക്കലിലേതുപോലെയാണ് കാപ്പിക്കുന്ന് വനത്തിലെ ശിലാചിത്രങ്ങളെന്ന് തെളിഞ്ഞാല്‍ അത് വയനാടന്‍ ചരിത്രത്തില്‍ പുതിയ വഴിത്തിരിവാകും. എടയ്ക്കല്‍ ഗുഹയിലെ ശിലാചിത്രങ്ങളുമായി ഇതിന് യാതൊരു സാമ്യതയില്ലെന്നും 11, 12 നൂറ്റാണ്ടുകളില്‍ വേലിയമ്പം ക്ഷേത്രനിര്മ്മാണത്തിനേര്പ്പെട്ടിരുന്ന ശില്‍പ്പികള്‍ വിശ്രമവേളകളില്‍ ചെയ്ത പ്രവര്‍ത്തിയാണ് ഇതെന്നും ഇവിടെനിന്നും കണ്ടെടുത്ത കുതിരയുടെ രൂപം ചോളപടക്കുതിരയെ പ്രതിനിധീകരിക്കുന്നതാണെന്നും ചരിത്രകാരന് മുണ്ടക്കയം ഗോപി അഭിപ്രായപ്പെട്ടു. കാപ്പിക്കുന്നില്‍ സന്ദര്‍ശനം നടത്തിയ താന്‍ ശിലാചിത്രങ്ങള്‍ പഠനവിധേയമാക്കിയവയാണെന്ന് അദ്ദേഹം പറഞ്ഞു.
** സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: