കാസര്‍കോട്: സംസ്ഥാനത്ത് സിഐടിയു വിന്റെ പ്രവര്‍ത്തനം പിന്നോട്ടെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട്. കാസര്‍കോട്ട് ഇന്നലെ ആരംഭിച്ച സംസ്ഥാനസമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി എം.എം.ലോറന്‍സ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് തൊഴില്‍ മേഖലയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നേറാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനമുള്ളത്.
സംസ്ഥാനത്ത് പലയിടങ്ങളിലും ജില്ലാ കമ്മറ്റിയില്പോലും പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തുന്നു. കാസര്‍കോട്, എറണാകുളം, ജില്ലാ കമ്മറ്റികളില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പങ്കെടുക്കാറില്ല. വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലാ സെന്ററുകളുടെ പ്രവര്‍ത്തനം നിരാശാജനകമാണ്. സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുവദിക്കാന്‍ തിരുവനന്തപുരമുള്‍പ്പെടെയുള്ള ജില്ലാ കമ്മറ്റികള്‍ തയ്യാറാകുന്നില്ല. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ പോലും സിഐടിയു വിന് പുതിയ നേതൃനിരയെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നില്ല. സിപിഎമ്മും വര്‍ഗബഹുജന സംഘടനകളും അഭിമുഖീകരിക്കുന്ന കൊഴിഞ്ഞുപോക്ക് സിഐടിയുവിലും ഗുരുതരപ്രതിസന്ധിക്കിടയാക്കിയെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനം അംഗസംഖ്യ 15 ലക്ഷത്തിലെത്തിക്കുമെന്ന ആഹ്വാനവുമായാണ് സമാപിച്ചത്. 14,51,170 ആണ് ഇപ്പോഴത്തെ അംഗസംഖ്യ. ഇക്കാലയളവില്‍ ഉണ്ടായ കൊഴിഞ്ഞുപോക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ സംഘടന പരാജയപ്പെട്ടു. വ്യവസായ കേന്ദ്രമായ എറണാകുളമുള്‍പ്പെടെയുള്ള ജില്ലകളില്‍ അംഗസംഖ്യ താഴേക്ക് പതിക്കുകയാണ്. സിഐടിയുവിന്റെ പ്രവര്‍ത്തനം മറ്റ് തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയാത്തത് പരാജയമാണെന്ന് അഭിപ്രായമുയര്‍ന്നു.
കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമ്മേളനം സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സിന്‍ഹ എം പി ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വര്‍ഗമുന്നേറ്റത്തിന്റെ പാതയിലേക്ക് മാറാന്‍ സമയമായെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ ഭരണം സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളില്‍ ക്രിമിനല്‍ മാഫിയാവല്‍ക്കരണം രൂക്ഷമാക്കി. ഇതിന്റെ ഭാഗമായാണ് പെന്ഷന് നിയന്ത്രണം കൊണ്ടുവരുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനമേഖലകള്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകകള്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു നേതാക്കളായ എ.കെ.പത്മനാഭന്, എം.എം.ലോറന്‍സ്, കെ.എന്‍.രവീന്ദ്രനാഥ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനംരാജേന്ദ്രന്, യുടിയുസി അഖിലേന്ത്യാ പ്രസിഡന്റ് എ.എ.അസീസ് എംഎല്‍എ, ബിഎംഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.കെ.വിജയകുമാര്‍, എസ്ടിയു ജനറല്‍സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം സംസാരിച്ചു.
കെ.സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: