രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവച്ച് കൊന്നശേഷം പാക് സൈന്യംതലവെട്ടിയെടുത്ത് കൊണ്ടുപോവുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവം അത്യന്തം നിന്ദ്യവും നീചവുമാണെന്ന് പറയേണ്ടതില്ല. എന്നിട്ടും പാക്കിസ്ഥാന് ക്രൂരത അവസാനിപ്പിക്കുന്നില്ല. നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രിയും നിയന്ത്രണരേഖയില്‍ പലയിടത്തും വെടിവയ്പ്പുണ്ടായി. ഇന്ത്യ ചെറുത്തുനില്‍പ്പ് നടത്തുകയാണ്. നിയന്ത്രണ രേഖയിലെ പൂഞ്ച് മേഖലയില്‍ ശക്തമായ വെടിവെപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം വെടിവെപ്പ് നടത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന് ആളപായമോ പരിക്കോ ഉണ്ടായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സംഭവം. ഒരു മണിക്കൂറോളം സമയം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ശക്തമായ വെടിവെപ്പുണ്ടായെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പൂഞ്ച്, മെണ്ടര് സെക്ടറുകളില്‍ ഒമ്പതിടങ്ങളില്‍ വെടിവച്ചിട്ടുണ്ട്. പാക് സൈന്യം കൊലപ്പെടുത്തിയ ഇന്ത്യന്‍ സൈനികന്റെ തല വെട്ടിമാറ്റിയെന്ന റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം ശരിയല്ലെന്ന പാക് വിദേശസെക്രട്ടറി ജലീല്‍ അബ്ബാദ് ജിലാനി പറഞ്ഞത് ശുദ്ധഭോഷ്ക്കാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഫ്ലാഗ് മീറ്റിംഗ് വിളിച്ചുചേര്‍ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോടും പാക്കിസ്ഥാന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം 12 തവണ പാക്കിസ്ഥാന് സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തോടും പാക്കിസ്ഥാന് പ്രതികരിച്ചിട്ടില്ല. ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും വകവയ്ക്കാതെ പ്രകോപനമില്ലാതെ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കര്‍ക്കശമാക്കുന്നത്. വെള്ളിയാഴ്ച മേണ്ടര്‍ സെക്ടറിലെ കൃഷ്ണഗാട്ടി, സോണാഗലി മേഖലയിലെ എട്ട് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന് ആക്രമണം നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ചരക്കുമായെത്തിയ ലോറികള്‍ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ തടഞ്ഞിട്ടിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൂഞ്ച്, രജൗരി മേഖലകളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഈ സെക്ടറുകളില്‍ ഇന്ത്യയുടെ കര, വ്യോമസേനാ വിമാനങ്ങള്‍ നിരീക്ഷണ പറക്കലും നടത്തുന്നുണ്ട്.
സര്‍വ്വസന്നാഹങ്ങളുമായി അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അവധിയില്‍ പോയ സൈനിക ഉദ്യോഗസ്ഥരോട് അടിയന്തരമായി തിരിച്ചെത്താന്‍ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്തയുണ്ട്. ഇതിനിടെ, അതിര്‍ത്തിയില്‍ നടക്കുന്ന സംഭവത്തില്‍ മൂന്നാംകക്ഷിയുടെ അന്വേഷണം ആവശ്യമാണെന്ന് പാക്കിസ്ഥാന് ആവര്‍ത്തിച്ചു. പാക്കിസ്ഥാനെതിരെ കര്‍ശനമായ നടപടികള്‍ വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുയരുന്നുണ്ട്. പക്ഷേ കാത്തിരുന്നു കാണാമെന്ന നിലപാടാണ് ഇതുവരെ ഇന്ത്യ സ്വീകരിച്ചുപോരുന്നത്.
അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ പാകിസ്ഥാന് തയ്യാറെടുക്കുന്നതിന്റെ സൂചനലഭിച്ചതിനെത്തുടര്‍ന്ന് നമ്മുടെ സൈനികനേതൃത്വവും ജാഗ്രത പുലര്‍ത്തുകയാണ്. ശനിയാഴ്ച പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയും മൂന്ന് സേനാവിഭാഗങ്ങളുടെ മേധാവികളും പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തത് ഇതിന്റെ ഭാഗമാണ്. പ്രതിരോധ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും പ്രധാനമന്ത്രിയെയും സ്ഥിതിഗതി ധരിപ്പിച്ചതായി കേള്‍ക്കുന്നു. അതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുകയെന്ന് കാണാനിരിക്കുന്നതേയുള്ളു. പാക് സേന നിയന്ത്രണരേഖയില്‍ വെടിവയ്പ്പ് തുടരുകയും പാക് സര്‍ക്കാര്‍ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നത് ഇന്ത്യ ജാഗ്രതയോടെ കാണുണ്ടെങ്കിലും സൈന്യത്തിന്റെ കയ്യുംകാലും കെട്ടിയിടുന്ന സമീപനമാണ് ഭരണനേതൃത്വത്തിന്റേതെന്ന് പൊതുവെ പരാതിയുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘനം നേരിടാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കുമെന്ന വ്യോമസേനാമേധാവിയുടെ പ്രതികരണം ശ്രദ്ധേയമാണ്. ഇന്ത്യ അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണെന്ന പ്രഖ്യാപനം ജവാന്മാര്ക്ക് ആവേശം നല്കുമെന്നതില് സംശയമില്ല. അതേസമയം, സംഘര്‍ഷാവസ്ഥ സംബന്ധിച്ച് പാക്കിസ്ഥാന്റെ മറുപടിക്ക് കാക്കുകയാണെന്ന് വിദേശമന്ത്രി സല്മാന് ഖുര്‍ഷിദ് പറയുകയാണ്.
ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത ഭരണനേതൃത്ത്വമാണ് പാക്കിസ്ഥാനുള്ളതെന്ന് പലവട്ടം ബോദ്ധ്യപ്പെട്ടതാണ്. എന്നിട്ടും ആ ഭരണനേതൃത്വത്തിന്റെ മറുപടി പ്രതീക്ഷിച്ച് രാജ്യത്തിന്റെ മണ്ണും ജവാന്മാരുടെ ജീവനും നഷ്ടപ്പെടുംവരെ കാത്തുനില്‍ക്കുന്നത് ഷണ്ഡത്ത്വമുള്ള ഭരണക്കാരുടെ മാത്രം ശീലമാണ്. ഇന്ത്യന്‍സൈനികരെ കൊലപ്പെടുത്തി മൃതദേഹത്തോട് അനാദരവ് കാട്ടിയതിനെക്കുറിച്ച് പാക്കിസ്ഥാനോട് വിശദീകരണം ചോദിച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും ഖുര്‍ഷിദ് പരിഭവപ്പെടുന്നു. പാക്കിസ്ഥാന് മനസ്സിലാകുന്ന ഭാഷ ഒന്നേയുള്ളു. അത് കരുത്തിന്റേതാണ്. നമ്മുടെ സൈനികര്‍ക്ക് കരുത്തുണ്ട്. പലതവണ അത് തെളിയിച്ചതുമാണ്. ഒരിക്കല്‍ക്കൂടി അത് കൂടിയേ തീരൂ എന്ന സ്ഥിതിയാണ് പാക്കിസ്ഥാന് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തവണ രണ്ടുസൈനികരുടെ തലവെട്ടിയാണ് പാക്കിസ്ഥാന് പുതുവത്സരം ആഘോഷിച്ചത്. കഴിഞ്ഞവര്‍ഷം അത് ആറുപേരുടെ തലകൊണ്ടായിരുന്നു. ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും ഇത് സഹിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്റെ തെമ്മാടിത്തം അനുവദിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: