ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ദാരുണ കൊലയ്ക്കും പാക്കിസ്ഥാന്റെ ദാര്‍ഷ്ട്യത്തിനും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. മൂലധന നിക്ഷേപം ലക്ഷ്യമിട്ട് ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുക്കാനെത്തിയ കറാച്ചി ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രതിനിധികളെ പരിപാടിയില്‍ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചാണ് പാക്കിസ്ഥാന് മോദി ചുട്ടമറുപടി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഉന്നതതലസമ്മേളനത്തില്‍ പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. ഗുജറാത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായതിനാല്‍ അത് ഉപയോഗപ്പെടുത്തുകയായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാ രാജ്യങ്ങളുടേയും ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു കറാച്ചി സംഘവും എത്തിയത്. പരിപാടിക്കു പുറമേ ഗുജറാത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യമായിരുന്നു.
ആതിഥേയ മര്യാദയോടെ സ്വീകരിച്ച സര്‍ക്കാര്‍ 22 അംഗ സംഘത്തെ പ്രത്യേക വിരുന്നുകാരായി കണ്ടു. വെള്ളിയാഴ്ച്ച നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ എത്തിയത്. എന്നാല്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ വഷളായപ്പോഴായിരുന്നു മുഖ്യമന്ത്രി നരേന്ദ്രമോദി സംഘം താമസിക്കുന്ന ഹോട്ടലില്‍ എത്തി അവരോട് മടങ്ങി പോകാന്‍ അപേക്ഷിച്ചത്.
പാക്കിസ്ഥാന് ഇന്ത്യയോട് തുടരുന്ന നീചപ്രവര്‍ത്തികള്‍ക്കുള്ള പ്രതിഷേധമെന്ന നിലയ്ക്കായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. സംഘത്തിലെ ചിലര്‍ക്ക് സൂറത്ത് കാണണമെന്നുണ്ടായിരുന്നതിനാല് പോലീസ് അകമ്പടിയോടെ സൂറത്തിലേക്ക് കൊണ്ടുപോയി അവിടന്ന് മുംബൈയ്ക്കുള്ള വിമാനത്തില്‍ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ബറൂച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണാനാകില്ലെന്ന് സര്‍ക്കാര്‍ തീര്‍ത്ത് പറഞ്ഞു. മുംബൈയില്‍ നിന്ന് അവര്‍ പാക്കിസ്ഥാനിലേക്ക് മടങ്ങി.
രാജ്സ്ഥാനിലെ അജ്മീര്‍ ദര്‍ഗ തീര്‍ത്ഥാടനത്തിനായി പാകിസ്ഥാനികള്‍ക്ക് വിസ നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന് 2011 സപ്റ്റംബറില് കേന്ദ്ര സര്‍ക്കാരിനോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മോഡി.
അതേസമയം, മൂടല്‍ മഞ്ഞിന്റെ മറപറ്റി അതിര്‍ത്തി കടന്നുവന്ന പാക് സൈന്യം രണ്ട് ഇന്ത്യന്‍ ഭടന്മാരെ വധിക്കുകയും മൃതശരീരം വികലമാക്കുകയും ചെയ്ത നടപടിയും ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള താക്കീത് ഗൗനിക്കാതെ തുടരുന്ന വെടിവയ്പ്പിനും ശക്തമായ മറുപടി നല്കാന് ഇതുവരെ കേന്ദ്ര സര്‍ക്കാരിനായിട്ടില്ല.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് മറ്റുവഴി തേടേണ്ടിവരുമെന്ന് വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ എന്‍.എ.കെ. ബ്രൗണ്‍ ശനിയാഴ്ച്ച പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് അര്‍ദ്ധരാത്രി കഴിഞ്ഞും പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പ് നടന്നിരുന്നു. വെട്ടിമാറ്റിയ ലാന്‍സ്നായക് ഹേംരാജിന്റെ ശിരസ്സ് ഇനിയും വീണ്ടെടുക്കാനായിട്ടില്ല. ഇദ്ദേഹത്തിന്റെ കുടുംബം ശിരസ്സ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശില്‍ നിരാഹാരത്തിലാണ്. ഇതൊക്കെയായിട്ടും പാക്കിസ്ഥാനുമായുള്ള വിസ കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ തയ്യാറല്ല. സൈനികരുടെ കൊലയില്‍ ഹാഫീസ് മുഹമ്മദ് സെയ്ദിന് മുഖ്യ പങ്കുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും പാക്കിസ്ഥാനു വേണ്ടി ഒഴിവ്കഴിവുകള്‍ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാരിന് ഇപ്പോഴും താല്‍പ്പര്യം.
166 പേരുടെ മരണത്തിനും ഇന്ത്യക്കുണ്ടായ അളക്കാനാവാത്ത സാമ്പത്തിക നഷ്ടത്തിനും കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹാഫീസ് സെയ്ദ്. ഇയാളെ സംരക്ഷിക്കുന്ന നിലപാടുമായെത്തിയ പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്കുമായാണ് കഴിഞ്ഞ നവംബറില്‍ ഇന്ത്യ വിസ കരാറില്‍ ഒപ്പിട്ടത്. അന്നും സര്‍ക്കാരിന് പ്രതികരണ ശേഷിയുണ്ടായിരുന്നില്ല. ചുട്ട മറുപടി നല്കാന് പോലും സര്‍ക്കാര്‍ മടിച്ചു. സൈനികരുടെ തലയില്ലാത്ത മൃതദേഹം കണ്ടെടുത്ത അന്ന് തന്നെ ആഭ്യന്തരമന്ത്രിയിറക്കിയ പ്രസ്താവനയില്‍ വിസ നയത്തിന് മാറ്റമില്ലെന്നാണ് പറഞ്ഞത്.
- ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: