സത്തയില്ലാതെ (പൊള്ളയായി) മീതെ പൊങ്ങിക്കിടക്കുന്നതിനെ താഴ്ത്തണമെങ്കില്‍ അതിന് തക്ക ഉപായങ്ങള്‍ സ്വീകരിക്കണം. പ്രാണായാമം ഇത്തരം ഒരുപായമാണ്. താല്ക്കാലികമായിട്ടെങ്കിലും മനസിനെ അടക്കാന്‍ അത് സഹായിക്കുന്നു. അങ്ങനെ തല്ക്കാലം ശാന്തമായ മനസിനെ അതിന്റെ പാട്ടില്‍ വിടരുത്. അത് നിശേഷം ഇല്ലാതാവുന്നതുവരെ ഇടവിടാതെ മൂലത്തിലേക്ക് ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കണം. അത്തരം പരിശ്രമം കൊണ്ടേ അത് ഹൃദയത്തില്‍ അമര്‍ന്ന് ലയിക്കൂ.
അല്ലെങ്കില്‍ പൊങ്ങിക്കിടക്കുന്ന മനസ് ആ സത്സംഗം കൊണ്ട്, സത്യമറിഞ്ഞ ജ്ഞാനികളുടെ സാമീപ്യംകൊണ്ട് ആ ഭാരത്താല്‍ താണുതാണുപോയി അലിഞ്ഞുചേരും. രണ്ടുവിധമുണ്ട് സത്സംഗം. തന്റെ ഉള്ളില്‍ത്തന്നെ തേടിയിരുത്തുന്നതൊന്ന്. മനസ് അത്രയ്ക്കും അന്തര്‍മുഖമാവാത്തവര്‍ സത്സംഗത്തില്‍ ഹാര്‍ദ്ദവമായി മുഴുകണം. ഗുരുകൃപയും രണ്ടുവിധമുണ്ട്. പ്രത്യക്ഷത്തില്‍ സ്വരൂപത്തോടെ കാണപ്പെടുന്ന ഗുരു ശിഷ്യന്റെ മനസിനെ ഉള്ളിലേക്ക് തള്ളുന്നു. ഗുരുതന്നെ ശിഷ്യന്റെ ഉള്ളിന്നുള്ളിലുള്ള ആത്മസ്വരൂപമായി ശിഷ്യനെ തന്നില്‍ക്കൂടി ഉള്ളിലേക്കാനയിച്ച് അനുഗ്രഹിക്കുന്നു.
ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ മനസ് ഏകാഗ്രമാവുന്നില്ല എന്ന പ്രശ്നം തലപൊക്കുന്നു. പ്രാണനെ (പ്രാണായാമംകൊണ്ട്) കുറച്ച് ക്രമപ്പെടുത്തിയാല്‍ ധ്യാനത്തിനനുകൂലമായ ചിത്തശുദ്ധിയുണ്ടാവുന്നു. വാസനകളാല്‍ മനസ് അന്തര്‍മുഖമാവുന്നില്ല. പ്രാണായാമംകൊണ്ടും സത്സംഗം കൊണ്ടും ആ തടസം നീങ്ങിക്കിട്ടുന്നു. വാസ്തവത്തില്‍ മനസെപ്പോഴും ഹൃദയത്തില്‍തന്നെ വര്‍ത്തിക്കുന്നുവെങ്കിലും തന്നില്‍ ഒളിഞ്ഞുകിടക്കുന്ന വാസനാസമൂഹത്താല്‍ വിക്ഷേപമുണ്ടാവുന്നു. മുകളില്‍ പറഞ്ഞതുപോലെ വാസനകളെ പതുക്കെപ്പതുക്കെ ഒതുക്കി ഒതുക്കി വീണ്ടും വീണ്ടും ധ്യാനത്തില്‍ ലയിച്ചാല്‍ കാലക്രമേണ വാസനകള്‍ക്ക് ശക്തികുറഞ്ഞ് അവ മാഞ്ഞുപോകുന്നു. ശാന്തമായ നിലയ്ക്ക് തടസമില്ലാതാവുന്നു.
പ്രാണായാമംകൊണ്ട് തല്ക്കാലം ധ്യാനത്തിനുകൂലമായി മനസടങ്ങുന്നു. എന്നാല്‍ വാസനകള്‍ ഉള്ളിലൊളിച്ചിരിക്കുന്നു. നിരന്തരധ്യാനം കൊണ്ടേ അവ നിശേഷം ഇല്ലാതാവൂ. വാസനകള്‍ നശിച്ച് മനസ് – വാസനകളില്‍ നിന്നും മുക്തമായ മനസ് – ആത്മാകാരമായിത്തീരുന്നു. ആ നിലയില്‍ അന്യമായി വേറൊന്നുമില്ല. അതിനാല്‍ യാതൊരു തടസവും ഇല്ലാതെ ആത്മാനുഭൂതി മാത്രമാവുന്നു അവിടെ.
– രമണ മഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: