പത്തനംതിട്ട : പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് ആറന്മുള നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലും കാവുകളും പമ്പാനദിയും മറ്റ് പൈതൃക സമ്പത്തും നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെയും കെജിഎസ് ഗ്രൂപ്പിന്റെയും സംഘടിത നീക്കങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ജനങ്ങള്‍ എതിര്‍ക്കുമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങളുടെ അടിയന്തരവും അതിപ്രധാനവുമായ ആവശ്യങ്ങള്‍ കുടിവെള്ളവും അന്നവും കിടപ്പാടവും കൃഷിയുമാണ്. ഈ അടിസ്ഥാന ജീവിത സൗകര്യങ്ങളെയും പൊതു ആവാസവൃവസ്ഥയെയും പൈതൃകത്തെയും തകര്‍ത്തുകൊണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര് സര്‍ക്കാരുമൊത്ത് നടത്തുന്ന ഈ അധിനിവേശത്തിനു മുന്നില്‍ ജനങ്ങള്‍ മുട്ടു മടക്കില്ല. വര്‍ദ്ധിത വീര്യത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തികൊണ്ട് അന്തിമസമരത്തിന് കര്‍മ്മസമിതി തയ്യാറാകും.
കാവുകള്ക്കോ, കുടുംബങ്ങള്‍ക്കോ കുഴപ്പമുണ്ടാകില്ലെന്നും വയല്‍ നികത്താന്‍ അനുമതിയുണ്ടെന്നും ഭൂമിയുടെ രജിസ്ട്രേഷന് റദ്ദു ചെയ്തിട്ടില്ലെന്നും മറ്റുമുള്ള പച്ച നുണ പ്രചരിപ്പിച്ചാണ് ജനങ്ങളെ കമ്പനി തെറ്റിധരിപ്പിക്കുന്നത്. വ്യാജ രേഖകളും കള്ള പ്രമാണങ്ങളും കൃതിമ മാര്‍ഗ്ഗങ്ങളും വഴിയാണ് പലതും നാളിതുവരെ നേടിയെടുത്തത്. അതെല്ലാം ഒട്ടും താമസിയാതെ ഒന്നൊന്നായി പൊളിഞ്ഞുവീഴും. മന്ത്രിസഭയുടെ അംഗീകാരമോ റവന്യൂ വകുപ്പിന്റെ ശുപാര്‍ശയോ കൂടാതെ റവന്യൂ വകുപ്പ് സെക്രട്ടറി ടി.ബാലകൃഷ്ണന് നിയമം ലംഘിച്ചാണ് 500 ഏക്കര്‍ വ്യവസായമേഖലയായി പ്രഖ്യാപിച്ചത്. കെജിഎസ് എഴുതി കൊടുത്ത 2000 ഏക്കര്‍ വരുന്ന ഭൂമിയുടെ സര്‍വ്വേ നമ്പര്‍ അതേപടി വ്യവസായ സെക്രട്ടറി ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. നിയമവിരുദ്ധമാകയാലാണ് കളക്ടര്‍ പോക്കുവരവ് റദ്ദു ചെയ്തതും മണ്ണിട്ടു നികത്തുന്നത് തടഞ്ഞതും. ലാന്‍ഡ് റവ്യന്യു കമ്മീഷണറും നിയമസഭ പരിസ്ഥിതി കമ്മറ്റിയും വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം സംശയലേശമെന്യേ വിമാനത്താവളം പാടില്ലെന്ന് വൃക്തമാക്കിയിട്ടുള്ളതാണ്.
ലാന്‍ഡ് ബോര്‍ഡ്, കളക്ടര്‍, വിജിലന്‍സ്, സബ് കോടതി, നിയമസഭ സമിതി, ഹൈക്കോടതി തുടങ്ങിയ വ്യവസ്ഥാപിത സംവിധാനങ്ങള്‍ സ്വീകരിച്ച നടപടികളെ മറികടന്നുകൊണ്ടാണ് കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ കെജിഎസ് ഗ്രൂപ്പ് ജനുവരിയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ പോകുന്നത്. പണവും സ്വാധീനവും അധികാരവും ഉള്ളതിനാല്‍ ആറന്മുളയെ മുഴുവന്‍ വിലയ്ക്കെടുക്കുവാന്‍ കഴിയുമെന്ന മിഥ്യാ ധാരണ വിലപ്പോകില്ല. വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനു വേണ്ടി നടത്തുന്ന ഏതു നീക്കത്തെയും സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്നും കുമ്മനം രാജശേഖരന് വൃക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: