പെരുമ്പാവൂര്‍: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കിടയില് ബൈക്ക് മോഷ്ടാക്കളായ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ദീര്‍ഘനേരത്തെ ശ്രമത്തിന് ശേഷം പ്രതികളെ പെരുമ്പാവൂര്‍ പോലീസ് ഓടിച്ചിട്ട് പിടികൂടി. മാറമ്പിള്ളി സ്വദേശികളായ ബീരാപറമ്പില് സുഹൈര്‍ (23), വേലന്കുടി ഷംനാദ് (22) എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് 7.40ന് പോലീസ് പിടിയിലാകുന്നത്. വാഹന പരിശോധനക്കിടയില്‍ മാറമ്പിള്ളിയില്‍ വച്ചാണ് എസ്ഐ ബിജോയ് ചന്ദ്രനും സംഘവും പ്രതികളെ പിടികൂടിയത്. കോതമംഗലം ഹൈറേഞ്ച് കവലയില്‍ നിന്നും മോഷ്ടിച്ച ബൈക്കും ഇവരില്‍ നിന്നും പോലീസിന് ലഭിച്ചു.
ഇന്നലെ ഉച്ചയോടെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി കൊണ്ടുപോയ സമയത്താണ് ഇവര്‍ പോലീസിനെ വെട്ടിച്ച് കടന്നത്. വൈദ്യപരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ രണ്ട് പ്രതികളും കല്ലുങ്കല്‍ റോഡ് വഴി ഓടുകയായിരുന്നു. പിന്നീട് വിമല സ്കൂളിന്റെ മതില് ചാടിക്കടന്ന ഇവര്‍ കക്കൂസിന്റെ പിന്നില്‍ ഒളിച്ചിരുന്നു. പോലീസിനെ കണ്ടതും വീണ്ടും ഓടി. ആളുകളെ കാണുമ്പോള്‍ പ്രതികള്‍ സാവധാനത്തില്‍ നടന്ന് പോയതായും പോലീസ് പറഞ്ഞു. ദീര്‍ഘ സമയത്തെ ഓട്ടത്തിന് ശേഷം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് വഴി മരുത് കവലയിലെത്തിയ പ്രതികളെ അവിടെ വച്ച് പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: