പുത്തൂര്‍: ഭാരതം യുവത്വം തുളുമ്പുന്ന നാടാണെന്നും സ്വാമി വിവേകാനന്ദന് യുവഭാരതത്തിന്റെ അനശ്വര പ്രതിനിധിയാണെന്നും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പുരാണേതിഹാസങ്ങളിലൂടെ കൈവന്ന സംസ്കാരത്തിലാണ് ഭാരതീയതയുടെ നിലനില്പ്. സ്വാമിജി ഈ സംസ്കാരത്തിന്റെ ആഗോള പ്രചാരകനും ആഗോള യുവത്വത്തിന്റെ നിതാന്ത പ്രേരണയുമാണ്. പുത്തൂര്‍ ശ്രീഹരി വിദ്യാനികേതനില്‍ വിവേകാനന്ദ സ്വാമികളുടെ സാര്‍ധശതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. ഭാവി ഭാരതം വളരേണ്ടത് വിദ്യാനികേതന്‍ ഉയര്‍ത്തുന്ന സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ തണലിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യഥാര്‍ത്ഥ ഭാരതീയനാകാനുള്ള സ്വാമിജിയുടെ ആഹ്വാനം ഈ വിദ്യാര്‍ത്ഥികളിലൂടെയാണ് പ്രാവര്‍ത്തികമാകുന്നത്. സ്വാമിജി യുവാക്കളോടാണ് സംസാരിച്ചത്. ആ വാക്കുകള്‍ ലോകരാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ആത്മീയതയുടെ കടല്‍ തന്റെ പ്രഭാവത്തിലൂടെ സമൂഹത്തിന് പകരുകയായിരുന്നു സ്വാമികളെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്വസാധാരണക്കാരില് ഈശ്വരനെ ദര്‍ശിക്കാനുള്ള ആഹ്വാനമാണ് വിവേകാനന്ദ സ്വാമി മുഴക്കിയതെന്ന് അധ്യക്ഷനായിരുന്ന കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പറഞ്ഞു. തൊഴിലെടുക്കുന്നവനിലും പട്ടിണി കിടക്കുന്നവനിലും ഉള്ള ദൈവത്തെ ആരാധിക്കാനുള്ള ആഹ്വാനം ഭാരതത്തിന് സ്വന്തമായ വിപ്ലവദര്ശനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് വര്‍ഗീസ്, വാര്‍ഡംഗം വി.എം. വിനുകുമാര്‍, വിദ്യാനികേതന്‍ യോഗാപ്രമുഖ് ജി.എസ്. രാജേഷ്, സ്കൂള്‍ രക്ഷാധികാരി സി.എസ്. സാജന്, ഹെഡ്മിസ്ട്രസ് കെ.ആര്. വിജയമ്മ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി വിദ്യാനികേതന്റെയും വിവേകാനന്ദ കേന്ദ്രത്തിന്റെയും വര്‍ണാഭമായ ഘോഷയാത്ര നടന്നു. വിവേകാനന്ദ വേഷധാരികള്‍, മുത്തുക്കുട, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. തൃക്കണ്ണാപുരം ക്ഷേത്രസന്നിധിയില്‍ നിന്നുമാരംഭിച്ച ശോഭായാത്ര വിദ്യാനികേതനില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: