ന്യൂദല്‍ഹി: ന്യൂദല്‍ഹി: ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവം രാജ്യത്തെ നിയമവ്യവസ്ഥ പുന:പരിശോധിക്കാന്‍ കാരണമായെന്ന് കേന്ദ്രനിയമമന്ത്രി അശ്വനി കുമാര്‍. ബലഹീനമായ നിയമങ്ങള്‍ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസത്തെ തകര്‍ക്കും.നിലവിലുള്ള മാറ്റങ്ങള്‍ നിയമവ്യവസ്ഥയെ കൂടുതല്‍ ദൃഢമാക്കും. കേസുകള്‍ കെട്ടികിടക്കുന്നത് വ്യവസ്ഥയെ സാരമായി ബന്ധിക്കുന്നുണ്ട്. ഇതിനുള്ള പരിഹാരം പരിഗണിക്കുന്നുണ്ടെന്നും കുമാര്‍ പറഞ്ഞു. ദല്‍ഹിയില്‍ നിയമപരിഷ്കാരങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് ഉജ്ജ്വല്‍ നിഗം. വധശിക്ഷ പ്രതികളെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചേക്കും. അതിനാല്‍ വധശിക്ഷയെ ഏറ്റവും മെച്ചപ്പെട്ട ശിക്ഷയായി കാണാനാകില്ല. സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപാതകം നടത്തുന്ന പ്രതികള്‍ക്ക് മരണം വരെ ജയില്‍ ശിക്ഷ കൊടുക്കുന്നതോ 25 വര്‍ഷം വരെ തടവുശിക്ഷ നല്കുന്നതോ ആകും ഉചിതം. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടുയുന്നതില് പോലീസ് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും നിഗം പറഞ്ഞു. ഡിസംബര്‍ 16ന് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിക്കാനിടയായതിനെ ത്തുടര്‍ന്നാണ് ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കണമെന്നുള്ള ആവശ്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള തിടുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: