സന്യാസത്തിന് പുതിയ മാനം നല്കിയ സ്വാമി വിവേകാനന്ദന് സ്വന്തം ആത്മാവിന്റെ മോചനത്തിനുപകരം രാഷ്ട്രത്തിന്റെ മോചനമാണ് ലക്ഷ്യമാക്കിയത്. അപകര്‍ഷതയും ആലസ്യവും മുഖമുദ്രയാക്കിയ ഭാരത മനസ്സിനെ ആത്മാഭിമാനത്തിലേയ്ക്ക് നയിക്കുകയും അതിലൂടെ കര്മോത്സുകരാക്കുകയുമായിരുന്നു ലക്ഷ്യം. ഭാരതീയ യുവത്വത്തിന് കര്‍മത്തിന്റെയും സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും മാര്‍ഗമാണ് സ്വാമിജി നല്‍കിയത്.
വിവേകാനന്ദദര്‍ശനം തികച്ചും ഭാവാത്മകമായിരുന്നു. ഭാരത സംസ്കൃതിയിലും ചരിത്രത്തിലും സനാതന മൂല്യങ്ങളിലും അടിയുറച്ചുനിന്നപ്പോള്ത്തന്നെ പാശ്ചാത്യ സംസ്കൃതിയില്‍നിന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നന്മകളെ സ്വീകരിക്കാന്‍ സ്വാമിജി തയ്യാറായി. പാശ്ചാത്യ അനുകരണമല്ല, മറിച്ച് സ്വാംശീകരണമാണ് വേണ്ടത്. സമൂഹത്തില്‍ ഭൗതിക പുരോഗതിയും ആദ്ധ്യാത്മിക പുരോഗതിയും ഒരുപോലെയുണ്ടാവണം. അടിസ്ഥാനപരമായി ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്തുന്ന വിപ്ലവമാണ് സ്വാമി വിവേകാനന്ദന് നയിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉദയംചെയ്ത മാര്‍ക്സിസം ഉള്‍പ്പെടെയുള്ള തത്വശാസ്ത്രങ്ങള്‍ പ്രായോഗികതലത്തില്‍ പരാജയമാണെന്ന് തെളിയിച്ചിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്മ്യൂണിസത്തിന്റെ പ്രഭാവവും നിലച്ചു. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഒന്നാം പതിറ്റാണ്ട് കഴിയുമ്പോഴും വിവേകാനന്ദ ദര്‍ശനങ്ങള്‍ കൂടുതല്‍ ജനശ്രദ്ധയാകര്ഷിക്കുന്നതെന്തുകൊണ്ട് എന്ന് വിലയിരുത്തപ്പെടണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ സ്വാമിജി മുന്നില്‍വച്ച കര്‍മപദ്ധതി ഇന്നും നൂതനമായി നിലകൊള്ളുന്നു.
വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് വിമര്‍ശകരില്ല. ഡിവൈഎഫ്ഐ പോലുള്ള കമ്മ്യൂണിസ്റ്റ് യുവജനപ്രസ്ഥാനം നാടെങ്ങും വിവേകാനന്ദന്റെ ചിത്രങ്ങളുമായി യുവാക്കളെ സംഘടിപ്പിക്കാന്‍ രംഗത്തുവരുന്നത് എടുത്തുപറയേണ്ടതാണ്. കാവിയുടുത്ത ഹിന്ദു സന്ന്യാസിയുടെ ഈ സ്വീകാര്യത പുതുനൂറ്റാണ്ടിന്റെ ഭാവിയെ കൂടുതല്‍ പ്രഭാപൂര്ണമാ ക്കും എന്നതില്‍ സംശയമില്ല. വൈദേശിക ആചരാ്യന്മാരെയും നേതാക്കളെയും മാത്രം ഒരുകാലത്ത് സ്വീകരിച്ചിരുന്ന ഇടതുപക്ഷയുവത്വം സനാതനധര്‍മത്തിന്റെ തേരാളിയും വേദാന്തിയുമായ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ശ്രവിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ മണ്ണില്‍നിന്നുതന്നെ ഉന്മൂലനം ചെയ്യപ്പെടും എന്ന തിരിച്ചറിവാണ് ഇതിനു പിന്നിലുള്ളത്.
സംഘര്‍ത്തിന്റെ പാതയില്‍നിന്നും സമന്വയത്തിന്റെയും അനുകരണത്തിന്റെ തലത്തില്‍നിന്ന് സ്വാംശീകരണത്തിന്റെയും കേവലം ഭൗതിക പുരോഗതിയില്‍നിന്നും, സമഗ്രപുരോഗതിയും ഇടുങ്ങിയ തത്വശാസ്ത്രത്തിനുപകരം സനാതനമായ ദര്‍ശനവും സ്വാമി വിവേകാനന്ദന് മുന്നില്‍വച്ചു. അടിയുറച്ച ദേശസ്നേഹവും ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിനായുള്ള വാഞ്ഛയും പുലര്‍ത്തിയപ്പോഴും അതിലൂടെ ലോകനന്മ (ലോകസംഗ്രഹം) യാണ് സ്വാമിജി ദര്‍ശിച്ചത്. വൈദേശിക കോളനി ഭരണത്തിന്‍കീഴില്‍ ഭാരതത്തിനുണ്ടായ അപചയം ആത്മാഭിമാനമില്ലായ്മയാണ്. ഹിന്ദു സമൂഹം അലസരും കര്മവിമുഖരുമായി. എന്നാല്‍ സനാതനധര്‍മത്തിന്റെ ഈ നാടിന് മഹത്തായ ചരിത്രമുണ്ട്. കര്‍മണ്യത ഭാരതത്തില്‍ എക്കാലത്തും മികച്ചുനിന്നിരുന്നു. എക്കാലത്തും നൂതനമായിരുന്നു ഭാരതത്തിന്റെ മതം. മാത്രമല്ല, മനുഷ്യരാശിയ്ക്ക് ഏറ്റവും പറ്റിയ ആദര്‍ശം ഇവിടെ മാത്രമേയുള്ളൂ. പാശ്ചാത്യ പണ്ഡിതന്മാര് ഈ ആദര്‍ശം മനസ്സിലാക്കാന്‍ യത്നിക്കുകയാണെന്ന് സ്വാമിജി പറഞ്ഞു.
ഒരു കാലഘട്ടത്തിന്റെ പ്രതികരണങ്ങളല്ല സ്വാമിജി നല്‍കിയത്. എന്നാല്‍ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ സ്വാമിജി ഉള്ക്കൊള്ളാതിരുന്നുമില്ല. സ്വാമിജി ഒരു യുഗപുരുഷനും വിശ്വഗുരുവുമാകുന്നത് അതുകൊണ്ടാണ്. ഒരു വേദാന്തിയുടെ വിശാല ചിന്താമണ്ഡലം സ്വാമിജിയുടെ വാക്കുകളില്‍ കാണാം. സ്വാമി വിവേകാനന്ദന് ഒരു തത്വശാസ്ത്രത്തെ രൂപപ്പെടുത്തിയില്ല. സനാതനധര്‍മത്തിന്റെ സമഗ്രവീക്ഷണം ഉയര്‍ത്തിക്കാട്ടി പുതിയൊരു ബൗദ്ധിക സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു സ്വാമിജി. സ്വാമിജിയുടെ ചിന്താപദ്ധതികള്‍ക്ക് ഭൗതികവും മാനസികവും സാംസ്കാരികവും ആത്മീയവുമായ തലങ്ങളുണ്ട്.
വൈരുദ്ധ്യവും വര്‍ഗസംഘര്‍ഷവും അടിസ്ഥാന പ്രമാണമാക്കിയ മാര്‍ക്സിസം ഒരു നൂറ്റാണ്ടിനുള്ളില്‍ പരാജയമായെങ്കില്‍, പരസ്പരധാരണയുടെയും സമഭാവനയുടെയും സഹകരണത്തിന്റെയും പന്ഥാവ് ഒരുക്കിയ സ്വാമി വിവേകാനന്ദദര്‍ശനം ലോകം മുഴുവന്‍ സ്വീകരിക്കുന്ന സാഹചര്യമാണുണ്ടായത്.
സേവനവും ത്യാഗവുമാണ് സ്വാമിജി മുന്നില്‍വച്ച രണ്ട് ആദര്‍ശങ്ങള്‍. ശരിയായ ഈശ്വരാരാധന സേവനംതന്നെയാണ്. പൗരോഹിത്യത്തെയും അനാചാരങ്ങളെയും സാമൂഹിക തിന്മകളെയും ശക്തമായി എതിര്‍ത്തു. ജാതികള്‍ തമ്മില്‍ ഇനിയും പോരാട്ടമുണ്ടായിക്കൂടാ എന്ന് “ഭാരതത്തിന്റെ ഭാവി” എന്ന ചെന്നൈയിലെ പ്രഭാഷണത്തില്‍ ക്കൂടെ (1897) സ്വാമിജി ആഹ്വാനം ചെയ്തു. ഈ പ്രഭാഷണത്തിലാണ് കേരളത്തിന്റെ ജാതിവ്യവസ്ഥയെയും ഉച്ചനീചത്വങ്ങളെയും അപലപിച്ചുകൊണ്ട്, കേരളത്തിലുള്ളവര്‍ ഭ്രാന്തന്മാരും അവരുടെ വീടുകള്‍ ഭ്രാന്താലയവുമാണന്നും സ്വാമിജി പറഞ്ഞത്.
സാമൂഹികനീതിയ്ക്കായി നിലകൊള്ളുന്നതാണ് സ്വാമിജിയുടെ വാക്കുകള്‍. ഭാരതമെമ്പാടും ഉണ്ടായ സാമൂഹികനവോത്ഥാനത്തിന് ശരിയായ ദിശാബോധം നല്കാന് സ്വാമി വിവേകാനന്ദന് കഴിഞ്ഞു. ശ്രീനാരായണ ധര്‍മപരിപാലനയോഗം തുടങ്ങാന്‍ ഡോ. പല്പ്പുവിനെ പ്രേരിപ്പിച്ചതും സ്വാമി വിവേകാനന്ദന്റെ വാക്കുകളായിരുന്നു.
വിവേകാനന്ദന്റെ മതവീക്ഷണവും എടുത്തുപറയേണ്ടതുണ്ട്. രാമേശ്വരത്തെ പ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നു- “ചടങ്ങുകളിലല്ല മതം ഇരിക്കുന്നത് സ്നേഹത്തിലാണ്, ശുദ്ധവും നിഷ്കളങ്കവുമായ സ്നേഹത്തില്‍. മനുഷ്യന്റെ ശരീരവും മനസ്സും ശുദ്ധമല്ലെങ്കില്‍ ക്ഷേത്രത്തില്‍ ചെല്ലുന്നതും ഈശ്വരനെ പൂജിക്കുന്നതും വ്യര്‍ത്ഥം. മനശുദ്ധിയും ശരീരശുദ്ധിയുമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഈശ്വരന് നിറവേറ്റുന്നു. സ്വയം അശുദ്ധന്മാരായിരുന്ന് മറ്റുള്ളവരെ മതം പഠിപ്പിക്കാന്‍ മുതിര്‍ന്നാല്‍ ഒടുവില്‍ പരാജയം നിശ്ചയം. ആഭ്യന്തരാരാധനയുടെ പ്രതീകം മാത്രമാണ് ബാഹ്യാരാധന. സത്യമായുള്ളത് ആഭ്യന്തരമായ ആരാധനയും വിശുദ്ധിയും മാത്രം. ഇവയില്ലെങ്കില്‍ ബാഹ്യമായ ആരാധന നിഷ്ഫലമാണ്”. ശുദ്ധനായിരിക്കുക, പരോപകാരം ചെയ്യുക ഇതാണ് ആരാധനകളുടെയെല്ലാം രത്നച്ചുരുക്കം. സ്വാര്‍ത്ഥതയാണ് ഏറ്റവും വലിയ പാപമെന്നും സ്വാമിജി ഓര്‍മിപ്പിച്ചു.
ഭാരതത്തിന്റെ വര്‍ത്തമാന സമസ്യകളെക്കുറിച്ച് സ്വാമിജി തികച്ചും ബോധവാനായിരുന്നു. മറ്റേതു നാട്ടിലേതിനെക്കാളും കൂടുതല്‍ ജടിലവും ഗുരുതരവുമാണ് ഭാരതത്തിന്റെ പ്രശ്നങ്ങള്‍. അതുകൊണ്ടുതന്നെ പ്രഭാവത്തെ സ്വാമിജി ഉയര്‍ത്തിക്കാണിച്ചു. “കലഹങ്ങളുപേക്ഷിക്കുന്നതോടെ മറ്റു മേന്മകളെല്ലാം വന്നുകൊള്ളും. ജീവരക്തം പ്രബലവും വിശുദ്ധവുമാകുമ്പോള്‍ ശരീരത്തില്‍ രോഗാണുക്കളൊന്നും കുടിയിരിക്കില്ല. നമ്മുടെ ജീവരക്തം ആദ്ധ്യാത്മികതയാണ്. അത് തെളിഞ്ഞൊഴുകിയാല് ബലവത്തും ശുദ്ധവും വീര്യവത്തുമായൊഴുകിയാല്‍ എല്ലാം ശരിയായി. രാഷ്ട്രീയവും സാമൂഹ്യവും ഭൗതികവുമായ വേറെ ദോഷങ്ങളും നാട്ടിലെ ദാരിദ്ര്യംപോലും പരിഹരിക്കപ്പെടും. രക്തശുദ്ധിയുണ്ടെങ്കില്‍, രോഗാണുക്കള്‍ മാറ്റപ്പെട്ടാല്‍ രക്തത്തിലേയ്ക്ക് മറ്റൊന്നും കടന്നുകൂടില്ല”. രാഷ്ട്രശരീരത്തിന്റെ ഓജസ്സും ശക്തിയും ബലപ്പെട്ടാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരും.
സാമൂഹിക നവോത്ഥാനത്തിന് സ്വാമിജി മുന്നില്‍വച്ചത് സമന്വയത്തിന്റെ പാതയാണ്. ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനും ഒരേപാതയാണ് സാമൂഹിക വിപ്ലവത്തിന് സ്വീകരിച്ചത്. ഉയര്ന്നവരെ വലിച്ചുതാഴ്ത്തുകയല്ല, താഴ്ന്നവരെ ഉയര്‍ത്തുകയാണ് പരിഹാരം. ജാതിസ്പര്ദ്ധയ്ക്കുകാരണമായ സ്മൃതികളെഴുതിയവരെ പിശാചുക്കളെന്നാണ് സ്വാമി വിവേകാനന്ദന് വിളിച്ചത്. “ജാതികള്‍ തമ്മില്‍ വാഗ്വാദമുണ്ടായികൂടാ. രണ്ടുപക്ഷക്കാര്‍ക്കും ഇതുകൊണ്ട് ഫലമില്ല. വിശേഷിച്ച് മേല്‍ജാതിക്കാരായ ബ്രാഹ്മണര്‍ക്ക്. കാരണം, വിശേഷാവകാശങ്ങളുടെയും കുത്തകയുടെയും കാലം പൊയ്പ്പോയിരിക്കുന്നു. ഓരോ അഭിജാത്യവംശത്തിന്റെയും കര്‍ത്തവ്യം തനതു ശവക്കുഴി തോണ്ടുകയാണ്. എത്രവേഗം അതു ചെയ്യുന്നുവോ അത്രയും നന്ന്”.
സ്വാമിജി ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. “മറ്റു ജാതിക്കാരെ പിന്നിലാക്കി സ്വയം മുന്നോട്ടു നടന്നതു ബ്രാഹ്മണന്റെ കുറ്റമല്ല. അയാള്‍ ധരിച്ചതുപോലെയും ചെയ്തതുപോലെയും മറ്റു ജാതിക്കാര്‍ എന്തുകൊണ്ട് ചെയ്തില്ല? എന്തുകൊണ്ട് ചടഞ്ഞിരുന്ന് ആലസ്യം പൂണ്ടു? ആ മത്സരത്തില്‍ ജയിക്കാന്‍ എന്തുകൊണ്ട് അവര്‍ ബ്രാഹ്മണരെ അനുവദിച്ചു?” സ്വാമിജി ഒരു കാര്യം ബ്രാഹ്മണരെ ഓര്‍മിപ്പിക്കുന്നത് ശ്രദ്ധേയമാണ് – “പക്ഷെ ഒരു മേന്മ നേടുക എന്നത് ഒന്നുവേറെ. ദുരുപയോഗത്തിനായി അതു വെച്ചുപുലര്‍ത്തുക എന്നത് ഒന്നുവേറെ. പ്രബലത ദുരുപയോഗിക്കുമ്പോഴെല്ലാം അത് പൈശാചികമാകുന്നു.
സദുപയോഗമേ പാടുള്ളൂ. അതിനാല്‍ ഒരു വിശ്വസ്തന് എന്നനിലയില്‍ ബ്രാഹ്മണന് ബഹുയുഗസംഭൃതമായ ഏതൊരു സംസ്കാരത്തെ പോറ്റിവന്നുവോ, അതയാള്‍ ബഹുജനങ്ങള്‍ക്കായി വിതരണം ചെയ്യണം. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് മുഹമ്മദീയാക്രമണം സാദ്ധ്യമായതുതന്നെ. ബ്രാഹ്മണര്‍ ആദ്യംതൊട്ട് ഈ കോശം തുറന്നു വിതരണം ചെയ്യാത്തതുകൊണ്ടാണ് ആയിരം കൊല്ലക്കാലമായി ഭാരതത്തിലേയ്ക്ക് വരണമെന്നുവെച്ച ഓരോരുത്തന്റെയും ചവിട്ട് നമുക്ക് കൊള്ളേണ്ടിവന്നത്. അങ്ങനെ നമുക്ക് അധഃപതനമേര്‍പ്പെട്ടത്” (ഭാരതത്തിന്റെ ഭാവി).
സാമൂഹിക മുന്നേറ്റത്തിന്, പഴയ ചരിത്രംപറഞ്ഞ് തമ്മിലടിക്കുകയല്ല, ഉന്നത സംസ്കാരം ആര്‍ജിക്കുകയാണ് വേണ്ടത്. അബ്രാഹ്മണരോട് സ്വാമി പറഞ്ഞു – “ഭാരതത്തില്‍ സംസ്കൃതവും ബഹുമതിയും ഒന്നിച്ചു പോകുന്നു. അതുണ്ടായാല്മതി നിങ്ങള്ക്കെതിരൊയി ഉരിയാടാന്‍ ആരും മുതിരില്ല. ഒരേ ഒരു രഹസ്യമാണത്. അതു കൈക്കൊള്ളുക”.
ഭാരതത്തിന്റെ പരംവൈഭവമാണ് സ്വാമിജി ലക്ഷ്യമാക്കിയത്. ലോകനന്മയ്ക്ക് അത് അനിവാര്യവുമാണ്. സമൂഹത്തിന്റെ ഇച്ഛാശക്തിയിലാണ് രാജ്യത്തിന്റെ പ്രഭാവം. പ്രബലമായ ഇച്ഛാശക്തിയുള്ളവള്‍ തനിക്കുചുറ്റും ഒരു പരിവേഷം പരത്തുന്നു എന്നു പറയാം. നാലുകോടി ബ്രിട്ടീഷുകാര്‍ മുപ്പതുകോടി ഇന്ത്യാക്കാരെ ഭരിക്കുന്നത് സ്വാമി വിവേകാനന്ദന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വിവേകാനന്ദദര്‍ശനം ഏറ്റവും പ്രസക്തമായൊരു കാലഘട്ടമാണിത്. സ്വാമിജിയുടെ 150-ാം വാര്‍ഷികാചരണം സ്വാമിജിയുടെ ദര്‍ശനങ്ങളുടെ സമഗ്രമായ അവലോകനത്തിന് വേദിയാകണം. യൗവനവും ശക്തിയും ഓജസ്സും മേധയുമുള്ള ഒരു ജനത സ്വാമിജിയുടെ ഭാവി ഭാരതസങ്കല്പ്പത്തിന്റെ അടിത്തറയാണ്. വിദ്യാഭ്യാസം അതിനുള്ള മാര്‍ഗമായിരിക്കണം. അതിനാവശ്യമായ കര്‍മപദ്ധതികള്‍ സ്വതന്ത്രഭാരതം ആവിഷ്കരിച്ചിരുന്നെങ്കില്‍ ഭാരതം ഇന്ന് ലോകത്തിനുതന്നെ മാതൃകയായി ഉയരുമായിരുന്നു. സമസ്തമേഖലയിലും ഇന്നുകാണുന്ന മൂല്യശോഷണത്തിന് പോംവഴി സ്വാമി വിവേകാനന്ദന് മുന്നില്‍വച്ച സനാതനധര്‍മത്തിന്റെ കര്‍മപദ്ധതിയാണ്. അതിനാവശ്യമായ കൂടുതല്‍ ചര്‍ച്ചകള്‍ സ്വാമി വിവേകാനന്ദന്റെ 150-ാം വാര്‍ഷികത്തില്‍ ഉണ്ടാവണം.
** ഡോ.കെ. ജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: