ദല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി അര്‍ദ്ധരാത്രിയില്‍ ക്രൂരമായ ബലാല്‍സംഗത്തിനുശേഷം ചിത്രവധം ചെയ്യപ്പെട്ട സംഭവത്തെത്തുടര്‍ന്നുണ്ടായ അഭൂതപൂര്‍വമായ കാര്യങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണ്. അതുണര്‍ത്തിവിട്ട കോലാഹലങ്ങള്‍ ഒരു മാസത്തിനുശേഷവും കെട്ടടങ്ങുന്നില്ല. കുറെക്കാലം കൂടി തുടര്‍ന്നുപോകാനുള്ള സാധ്യതകളാണുള്ളത്. ഇത്തരം അതിക്രമങ്ങള്‍ ഏതാനും വര്‍ഷങ്ങളായി ഏറിവരികയാണ്. അത് തലസ്ഥാനമായ ദല്ഹിയിലെന്നപോലെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്നു.
കേരളത്തില്‍ത്തന്നെ പത്രങ്ങളില്‍ നിത്യേന വായിക്കാനും ചാനലുകളില്‍ കാണുവാനും സുലഭമാണവ. തീവണ്ടിയാത്രയ്ക്കിടയില്‍ ക്രൂരമായി വധിക്കപ്പെട്ട സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയും തിരുവനന്തപുരത്തെ ആര്യ കേസിലെ പ്രതിയും വധശിക്ഷക്ക് വിധിക്കപ്പെട്ടുവെങ്കിലും സൂര്യനെല്ലിക്കേസിലും ശാരിക്കേസിലും കവിയൂര്‍ കേസിലും നീതി വേണ്ടവിധത്തില്‍ നടപ്പാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയില്ല എന്നതും നാം കാണുന്നു. ദല്‍ഹിയില്‍ കൊല്ലപ്പെട്ട അജ്ഞാതമായ ധാരിണി ജോതി എന്നു ചില ചാനലുകാര് പേര് നല്കി. ആ കുട്ടിയുടെ തിരിച്ചറിയല്പോലും വിവാദമായിരിക്കുകയാണല്ലൊ. ഭാരതീയ സമൂഹത്തെയും സാംസ്ക്കാരിക പാരമ്പര്യത്തേയും അപമാനത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രതീകമായി നമുക്ക് ദല്‍ഹി സംഭവത്തെ കാണാന്‍ കഴിയും.
അതിനെതിരായി തലസ്ഥാന നഗരത്തിലും രാജ്യമെമ്പാടും അലയടിച്ചുയര്‍ന്ന രോഷാഗ്നി ഒട്ടും ആസൂത്രിതമായിരുന്നില്ല. ആധുനിക വാര്‍ത്താ വിനിമയോപാധികളായ മൊബെയില്‍ ഫോണും സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങുമാണ് അതിന് ഉപകരണമായിത്തീര്ന്നത്. അതിനോടുള്ള അത്യുന്നതാധികൃതരുടെ പ്രതികരണം തലസ്ഥാനത്തെ മര്‍മപ്രധാനമായ സ്ഥലങ്ങളിലേക്ക് രക്ഷാവലയങ്ങള്‍ ഭേദിച്ചു കടന്നുചെല്ലാന്‍ രോഷം കൊണ്ട ജനസഞ്ചയത്തിന് കഴിഞ്ഞു. ഇദംപ്രഥമമായിട്ടാണ് രാഷ്ട്രപതി ഭവന് സ്ഥിതി ചെയ്യുന്ന സമുച്ചയത്തിലേക്കുള്ള പ്രവേശന കവാടമായ വിജയ ചൗക്ക് കടക്കാന്‍ പ്രക്ഷോഭകാരികള്‍ക്ക് കഴിഞ്ഞത്. അനാസൂത്രിതവും രാഷ്ട്രീയ സാന്നിദ്ധ്യരഹിതവും പൊടുന്നനെ സംഭവിച്ചതുമായ ഈ പ്രക്ഷോഭാഗ്നിക്കു മുന്നില്‍ അത്യുന്നതങ്ങള്‍ ഇതികര്‍ത്തവ്യ വിമൂഢരായി എന്നത് സത്യം മാത്രമാണ്. പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് രാഷ്ട്രത്തോട് വായ തുറന്നതു തന്നെ പ്രക്ഷോഭത്തിന്റെ മൂന്നാം ദിനമായിരുന്നു. ആരോ എഴുതിക്കൊടുത്ത വാചകങ്ങള്‍ ചുണ്ടനക്കാതെയും ശബ്ദം കഷ്ടിച്ച് പുറത്തുവരത്തക്കവിധത്തിലും ഉച്ചരിച്ച ശേഷം പ്രോമ്പ്ടറോട് ‘ഠീക് ഹായ്?’ എന്നന്വേഷിച്ചതുപോലും ഭാരതവാസികള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. അത് തത്സമയം സംപ്രേഷണം ചെയ്ത ദൂരദര്‍ശന്‍കാര്‍ക്ക് സ്വിച്ച് ഓഫ് ചെയ്യാന്‍ പോലും കഴിയുന്നതിന് മുമ്പായിരുന്നു “ഠീക്ക് ഹായ്?” ചോദ്യം. പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് ഇത്രത്തോളം താണുപോയ അവസരം മുമ്പുണ്ടായിട്ടില്ല. പ്രബുദ്ധരായ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ വിജയചൗക്കിലേക്ക് പ്രധാനമന്ത്രി ചെന്നിരുന്നെങ്കില്‍ പ്രക്ഷോഭം അപ്പോള്‍ അവസാനിച്ചേനെ. അതിന് ജനങ്ങള്‍ക്കിടയില്‍നിന്ന് അവരെ നയിച്ച് ആസ്ഥാനത്തെത്തിയ ജവഹര്‍ലാല്‍ നെഹ്റുവോ അടല്‍ബിഹാരി വാജ്പേയിയോ അല്ലല്ലോ. മനമോഹനസിംഹം ബ്യൂറോക്രാറ്റായി വളര്‍ന്ന്, സാധാരണ ജനങ്ങളെ കാണാന്‍ അവസരമില്ലാതെ പിന്‍വാതിലിലൂടെ രാജ്യസഭയില്‍ കടന്ന് സോണിയാ മദാമ്മയുടെ കാരുണ്യത്താല്‍ പ്രധാനമന്ത്രിയായ ആളല്ലെ? എന്തുചെയ്താലും പറഞ്ഞാലും ഒരു “ഠീക്ക് ഹായ്?”ക്ക് ഉത്തരം കിട്ടുന്നത് നോക്കിയിരിക്കുകയാണ് സിംഹം.
സ്ത്രീപീഡന സംഭവങ്ങള്‍ രാജ്യമെങ്ങും വര്‍ധിച്ചുവരുന്നതായി കാണുന്നു. രക്തബന്ധമുള്ളവര്‍ പീഡകരാകുന്നതും മാധ്യമങ്ങളില്നിന്നറിയാന് കഴിയുന്നു. കേരളത്തിലും സംഭവങ്ങള്‍ കുറവല്ല. പിതാവിന് പുത്രിയെയും പുത്രന് മാതാവിനെയും സഹോദരന് സഹോദരിയേയും പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പണം മോഹിച്ചു കാഴ്ചവെക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത് നമ്മുടെ സമാജത്തിന്റെ ജീര്ണയിലേക്കുള്ള കുതിച്ചു പോക്കിനെ കാണിക്കുന്നു. പുരുഷമേധാവിത്തത്തിന്റെ പ്രകടനമാണ് കാരണമെന്ന് ചിലര്‍ പറയുന്നു. ചിലരാകട്ടെ ധാര്മികാധഃപതനമാണ് കാരണമെന്ന അഭിപ്രായക്കാരാണ്. സ്ത്രീകളുടെ പ്രലോഭനപരമായ പെരുമാറ്റത്തെയും വസ്ത്രധാരണത്തെയും ചിലര്‍ പഴി പറയുന്നു. ചലച്ചിത്രത്തിലും സീരിയലുകളിലും പരസ്യങ്ങളിലും സ്ത്രീ ശരീരത്തെ ഉപഭോഗ വസ്തുവായോ കമ്പോളവസ്തുവായോ പ്രദര്‍ശിപ്പിക്കുന്നതിനെ മറ്റു ചിലര്‍ കുറ്റം പറയുന്നു.
വിദ്യാഭ്യാസ രീതിയില്‍ സാംസ്ക്കാരിക, ധാര്‍മിക മൂല്യങ്ങള്‍ക്ക് വന്ന അനുക്രമമായ ശോഷണത്തെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബാന്തരീക്ഷത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ നല്‍കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നതും പരാമര്‍ശിക്കപ്പെടുന്നു. ഇവയെല്ലാം ഇന്നത്തെ അവസ്ഥയിലേക്ക് സമാജത്തെ തള്ളിവിട്ടതിന് കുറേശ്ശേയെങ്കിലും കാരണമായിരിക്കാം.
ഇതിന് പരിഹാരം കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ, വധശിക്ഷയടക്കം ശിക്ഷ നല്കത്തക്കവിധം ശിക്ഷാനിയമത്തില്‍ മാറ്റം വരുത്തലാണെന്ന അഭിപ്രായം പൊതുവേ ഉയര്‍ന്നിട്ടുണ്ട്. ദല്‍ഹി സംഭവം നടക്കുന്നയവസരത്തില്‍ ലോക്സഭയും രാജ്യസഭയും സമ്മേളിക്കുന്നുണ്ടായിരുന്നു. സംഭവം ചര്‍ച്ച ചെയ്യണമെന്ന് രണ്ട് സഭകളിലും പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജും അരുണ്‍ ജേയ്തലിയും ആവശ്യമുന്നയിച്ചു. എന്നാല്‍ സര്‍ക്കാരും ഭരണനേതാക്കളും അതിനെ ഗൗരവപൂര്‍വം എടുത്തില്ല. സഭയുടെ വിശേഷാല്‍ സമ്മേളനം നടത്തി നിയമം ഭേദഗതി സ്വീകരിക്കണമെന്ന സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശവും നിരാകരിക്കപ്പെട്ടു. ബഹുജന രോഷം നിയന്ത്രണാതീതമായപ്പോള്‍ മാത്രമേ സര്‍ക്കാര്‍ കണ്ണുതുറന്ന്, അതിവേഗ കോടതി രൂപീകരിക്കാന്‍ തയ്യാറായുളളൂ. മുന്‍ അവസരങ്ങളിലെപ്പോലെ പീഡനത്തിന്റെ ഇരകള്‍ വ്യാഴവട്ടങ്ങള്ക്കുശേഷവും ആശ്വസിക്കപ്പെടാതെയും വേട്ടക്കാര്‍ പണത്തിന്റെയും അധികാരത്തിന്റെയും തണലില്‍ വിഹരിക്കുകയും ചെയ്യുന്ന അനുഭവം തുടരാന്‍ അനുവദിച്ചുകൂടാ. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്ക് 16 വര്‍ഷത്തിനു ശേഷവും പലവിധ മര്‍ദ്ദനങ്ങളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതും പീഡകരെല്ലാം തന്നെ കുറ്റവിമുക്തരായി വിഹരിക്കുന്നതും നമ്മുടെ മുന്നിലുണ്ട്. പോലീസിന്റേയും നീതി നിര്‍വഹണ രീതിയുടേയും പാളിച്ചകളാണല്ലൊ അതിനിടവരുത്തിയത്.
സദാചാരപരവും സാംസ്ക്കാരികവുമായ ജീര്‍ണത സമാജത്തെ ബാധിച്ചതിന്റെ തെളിവാണീ അവസ്ഥ. ഇതിന് പരിഹാരം നിയമനിര്‍മാണം കൊണ്ട് മാത്രം സാധ്യമാവില്ല. മദ്യപാനവും വ്യഭിചാരവും നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലല്ലൊ. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം നമ്മുടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സാംസ്ക്കാരികവും സദാചാരപരവുമായ ഭാരതീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ല. തുടക്കകാലത്ത് വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്തിരുന്ന മന്ത്രിമാര്‍ക്ക് ഭാരതീയ മൂല്യങ്ങളെക്കുറിച്ച് ധാരണ തന്നെ ഉണ്ടായിരുന്നില്ല. “ഈ ലോകം ഒരു പള്ളിയായി ദൈവം എനിക്ക് വേണ്ടി സൃഷ്ടിച്ച്”വെന്ന് ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’വെന്ന സ്വന്തം ആത്മകഥയില്‍ പ്രഖ്യാപിച്ച മൗലാനാ അബ്ദുല്‍ കലാം ആസാദായിരുന്നു ആദ്യ വിദ്യാഭ്യാസമന്ത്രി. പേര്‍ഷ്യനും ഉര്‍ദുവും അറബിയും ഭാഷകളില്‍ പണ്ഡിതനായിരുന്ന അദ്ദേഹത്തിന് ഹിന്ദിയും സംസ്കൃതവും ഇംഗ്ലീഷും അറിയുമായിരുന്നില്ല. ഡോ.രാധാകൃഷ്ണനെപ്പോലുള്ള പ്രഗത്ഭര്‍ തയ്യാറാക്കിയ വിദ്യാഭ്യാസ പരിഷ്കരണ റിപ്പോര്‍ട്ടുകള്‍ പൊടിപിടിച്ചു കിടക്കുകയാണ്. പാശ്ചാത്യ മൂല്യങ്ങളും പാശ്ചാത്യ രീതികളുമാണ് ശ്രേഷ്ഠവും അനുകരണീയവുമെന്ന് പ്രധാനമന്ത്രി നെഹ്റു തന്നെ മാതൃകയായി കാട്ടിക്കൊടുത്തു.
വിദ്യാഭ്യാസത്തിലൂടെ പുതുതലമുറയ്ക്ക് കിട്ടേണ്ട ധാര്‍മിക, നൈതിക, സദാചാരമൂല്യങ്ങള്ക്കുപകരം, പാശ്ചാത്യ രീതിയിലുള്ള മൂല്യങ്ങളാണ് എല്ലാ രംഗത്തും നമുക്ക് തന്നത്. ഭാരതീയമായ ധാര്‍മിക, നൈതിക, മൂല്യങ്ങള്‍ ജനങ്ങളില്‍നിന്ന് വിശേഷിച്ച് നഗരവാസികളില്‍നിന്ന് ക്രമേണ ഒലിച്ചുപോയ്ക്കൊണ്ടിരുന്നു. സ്ത്രീയെ അമ്മയായും ദേവിയായും സഹോദരിയായും പരിഗണിച്ചുവന്ന സമൂഹം, സ്ത്രീകള്‍ പൂജിക്കപ്പെടുന്നിടത്ത്, ദൈവങ്ങള്‍ വിഹരിക്കുന്നുവെന്ന് വിശ്വസിച്ചിരുന്ന സമൂഹം ക്രമേണ ആ മൂല്യങ്ങളുടെ നിരാസത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.
ഈ നൈതിക ധാര്‍മിക മൂല്യങ്ങളെ ഓരോ വ്യക്തിയുടേയും സ്വഭാവത്തില്‍ വേരുറപ്പിക്കുന്നതിനുള്ള അതിവിപുലമായ പരിശ്രമം, സമൂഹത്തിന്റെ അടിവേരുകളെ ശക്തമാക്കുന്നതിനുവേണ്ടിയുള്ളതാണ് അധഃപതനത്തില്നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള വഴി. ഭാരതീയ സംസ്കൃതിയുടെ ഉത്തമാംശങ്ങളെ സ്വഭാവത്തില്‍ ഉള്‍ക്കൊണ്ട്, കറയറ്റ വ്യക്തി ചാരിത്ര്യം ഓരോ ആളിലും ബാല്യം മുതല്‍ സൃഷ്ടിക്കാനുള്ള നിതാന്ത ശ്രമം നടത്തുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകള്‍ മാത്രമാണ് ഇക്കാര്യം വിപുലമായി ചെയ്തുകൊണ്ടിരിക്കുന്നത്. എട്ടുപതിറ്റാണ്ടുകളായി നടന്നുവരുന്ന ഈ പ്രക്രിയ കൂടുതല്‍ വിപുലവും വിശാലവും ആക്കുന്നതിനുള്ള ദൃഢനിശ്ചയം ആവശ്യമാണ്.
ഇക്കാര്യം തന്നെ സര്‍സംഘചാലക് ശ്രീ മോഹന്‍ഭാഗവത് ദല്‍ഹി അതിക്രമത്തിന്റെ സന്ദര്‍ഭത്തില്‍ സംസാരിക്കവേ പറയുകയുണ്ടായി. സില്‍ചാറിലും ഇന്തോറിലും നടന്ന രണ്ടു പരിപാടികളില്‍ ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭാരതീയ സംസ്കാരത്തിന് ച്യുതിയും പാശ്ചാത്യ സ്വാധീനവും സംഭവിച്ച നഗരപ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് മോഹന്‍ജി ചൂണ്ടിക്കാട്ടി. സംസ്ക്കാരത്തിന് ച്യുതി കുറവുള്ള ഗ്രാമീണ മേഖലയില്‍ അവ കുറവാണെന്നും പറഞ്ഞു. പാശ്ചാത്യ സംസ്ക്കാരത്തില്‍ വിവാഹബന്ധങ്ങള്‍ ഉടമ്പടിപോലെയാണെന്നും അതില്‍ ഒരു പാര്‍ട്ടി ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉടമ്പടി തകരുമെന്നും പുതിയ ഉടമ്പടി സൃഷ്ടിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ സങ്കല്‍പ്പത്തില്‍ വിവാഹ ബന്ധം ദൈവീകമായ ആജന്മ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയെന്നും ജഗജ്ജനനിയെന്നുമുള്ള സ്ത്രീ സങ്കല്‍പ്പമാണ് നമ്മുടെ സംസ്ക്കാരത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ചില ചാനലുകള്‍ സംപ്രേഷണം ചെയ്തു. അതേറ്റുപിടിച്ച് മറ്റു ചാനലുകളും രാഷ്ട്രീയനേതാക്കളും പത്രങ്ങളും ഏതാനും ദിവസം ആഘോഷിച്ചു. എന്നാല്‍ സംഭാഷണങ്ങളുടെ യഥാര്‍ത്ഥ രൂപം പ്രചരിക്കുകയും ജനങ്ങള്‍ സത്യാവസ്ഥ അറിയുകയും ചെയ്തപ്പോള്‍ ആദ്യം ഇത് ബ്രേക്ക് ചെയ്ത സി.എന്‍.എന്‍.ഖേദം പ്രകടിപ്പിച്ചു. അവസരത്തിലും അനവസരത്തിലും സംഘത്തെ അധിക്ഷേപിക്കാനുള്ള മാധ്യമങ്ങളുടെ ഉത്സാഹം ആദ്യമല്ലല്ലൊ.
ഈയവസരത്തില്‍ ഒരു പഴയ സംഭവം ഓര്മ വരുന്നു. 1959 ലാണെന്ന് തോന്നുന്നു ഇന്തോറില്‍ ‘ഉഷാഭാര്ഗവ’ എന്ന വിദ്യാര്‍ത്ഥിനിയെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗിക പീഡനത്തിനു വിധേയയാക്കിയതിനെത്തുടര്ന്ന് അവള് ആത്മഹത്യ ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നഭ്യര്ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നെഹ്റുവിനെ സമീപിച്ചു. അതിനിടെ സംഭവത്തില്‍ പ്രകോപിതരായ ചിലരും അന്യമതസ്ഥനായിരുന്ന യുവാവിന്റെ സുഹൃത്തുക്കളും തമ്മില്‍ ഉണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് വഴിവെച്ചു. നെഹ്റുവാകട്ടെ പ്രകോപിതനായി മാതാപിതാക്കളോട് പറഞ്ഞതിങ്ങനെയായിരുന്നു. “It is a matter of sexual appittite, So long as boys are boys and girls are girls such things happen” ഈ അഭിപ്രായം ദുഃഖിതരായ മാതാപിതാക്കളെ എത്ര വേദനിപ്പിച്ചുവെന്നു പറയേണ്ടതില്ലല്ലൊ.
ഭാരതീയ സാംസ്ക്കാരിക മൂല്യങ്ങള്‍ ജനങ്ങളില്‍ വീണ്ടും ശക്തമാക്കുക എന്നതാണ് ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം. ഉത്തേജിതരായ ജനങ്ങളുടെ കലുഷമായ പ്രക്ഷോഭം പ്രശ്നങ്ങളെ പരിഹരിക്കയില്ല തന്നെ.
** പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: