ദല്‍ഹിയിലെ പെണ്‍കുട്ടി ക്രൗര്യത്തിന്റെ കൂത്തരങ്ങില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അവളുടെ പേരില്‍ ക്രൗര്യം വിളയിക്കാനുള്ള ശ്രമങ്ങള്‍ നാലുപാടും നടക്കുന്നു. പുരാണം, ചരിത്രം, തത്വശാസ്ത്രം തുടങ്ങിയവകളിലെ കാര്യങ്ങളൊന്നും ആര്‍ക്കും പറയാന്‍ പറ്റാത്ത തരത്തിലേക്ക് സ്ഥിതിഗതികള്‍ വഷളാക്കാന്‍ മാധ്യമ മഹിതാശയന്മാര് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. പണ്ട് ജനസമ്മതിയുള്ള ഒരു നേതാവ് ഇമ്മാതിരി ഏര്‍പ്പാടുകളെ ഒറ്റവാക്കില്‍ തളച്ചിരുന്നു; മാധ്യമസിന്‍ഡിക്കേറ്റ്. മാനംമര്യാദയുള്ള പണിയാണ് മാധ്യമ പ്രവര്‍ത്തനം എന്നുകരുതി കരുതലോടെ മുന്നേറുന്ന പരശ്ശതം ജേര്‍ണലിസ്റ്റുകള്‍ ഉണ്ടെങ്കിലും ഉച്ചക്കിറുക്കിന് താളിതേക്കാന്‍ തയാറാവാത്തവരും അക്കൂട്ടത്തിലുണ്ട്. അതിലൊരു വിദ്വാന് (വിദ്വാനിയോ) ആര്‍എസ്എസ് സര്സംഘചാലകനെതിരെയും വീശി ചാട്ടുളി. അല്ലെങ്കിലും ആ പ്രസ്ഥാനത്തെ രണ്ട് കല്ലുവാരി എറിയാന്‍ ഏവരും ക്യൂനില്‍ക്കുകയാണ്. അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത പ്രസ്ഥാനക്കാരും മാധ്യമങ്ങളിലെ വഴിത്തിരിവുകാരും മാധ്യമരംഗത്തെ മുത്തശ്ശിമാരും മുത്തശ്ശന്മാരും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍.
സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ വിദ്വാന്മാര് കാണിച്ച ഒരു നെറികേട് എല്ലാ സിന്‍ഡിക്കേറ്റുകാരും ഏറ്റുപിടിക്കുകയാണല്ലോ ഉണ്ടായത്. മനുവാദികള്‍, ഫ്യൂഡല്പാരമ്പര്യക്കാര്, ആര്ഷസംസ്കാരത്തിലെ പുഴുക്കുത്ത് എന്നൊക്കെ ആക്രോശിച്ചവര്‍ വാസ്തവത്തില്‍ ആര്‍എസ് എസ് സര് സംഘചാലക് എന്താണ് പറഞ്ഞതെന്നതിനെക്കുറിച്ച് ചെറിയൊരു അന്വേഷണംപോലും നടത്തിയില്ല. അല്ലെങ്കിലും വസ്തുത അറിയിക്കുക എന്നതല്ലല്ലോ ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനം. തങ്ങളുടെ അജണ്ട വായനക്കാരന്റെ മസ്തിഷ്കത്തിലേക്ക് സൂചിവെച്ച് കയറ്റുകയാണല്ലോരീതി. അതിന് തംബോല കളിച്ചും വിട്ടുപോയത് കണ്ടുപിടിച്ചും ആളെക്കൂട്ടാന്‍ തന്ത്രങ്ങള്‍ പലതാണ്. മാര്‍ക്കറ്റ് പണിയെ അതിന്റെ വഴിക്കു നാം വിടുക. എന്നാല്‍ ഇത്തരം കന്നംതിരുവുകള്‍ക്ക് ഒത്താശചെയ്യാന്‍ ഒപ്പിയാന്‍ പ്രസ്ഥാനക്കാര്‍ മുതിരുന്നതാണ് ഏറെ രസകരം. കണ്ടനീ യവിടെ നില്ക്ക് കേട്ട ഞാന്‍ പറയട്ടെ എന്ന നാടന്‍ നാട്ടുകാരന്റെ പണ്ടത്തെ രീതിതന്നെ. കിട്ടിയ അവസരം മുതലാക്കാന്‍ അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത പ്രസ്ഥാനത്തിന്റെ നേരൂഹന്‍പത്രം ഒരുങ്ങിപുറപ്പെട്ടത് സ്വാഭാവികം. പക്ഷേ കരച്ചില് കവികളും സംഘവും എന്തടിസ്ഥാനത്തിലാണ് ഇതിന് നിന്നുകൊടുത്തത് എന്ന് മനസ്സിലാവുന്നില്ല.
എന്തായാലും മേപ്പടി പ്രസംഗത്തെക്കുറിച്ച് ആദ്യംതന്നെ പറഞ്ഞ (വിഷ്വലിച്ച) സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ വസ്തുത മനസ്സിലാക്കി തിരുത്താന്‍ തയ്യാറായി. അവരുടെ ഡെപ്യൂട്ടി എഡിറ്റര്‍ സാഗരികാഘോഷ് ട്വിറ്ററില്‍ ക്ഷമ ചോദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. അത് അടിസ്ഥാനമാക്കി കല്യാണം കൂടിയവരൊക്കെ ഇപ്പോഴും സല്‍ക്കാരങ്ങളും അമ്മക്കാഴ്ചകളുമായി നാടുചുറ്റുന്നു. ഏതായാലും അമ്മായിമാര് അപ്പംചുടുന്നത് മരുമക്കള്ക്കാണല്ലോ എന്ന് സമാധാനിക്കുക. പക്ഷേ കച്ചോടം പൊട്ടിപ്പോയാല്‍ സംഭവിക്കുന്നത് എന്താണ്? അതിന് അവസരം കൊടുക്കണോ? മാധ്യമവിശാരദന്മാരും വിശാരദകളും ഇക്കാര്യത്തില്‍ മുന്‍ പിന് ആലോചിക്കാതെ എടുത്തുചാടരുത് എന്നൊരഭിപ്രായം തേരാപാരാനടക്കുന്നവരാണെങ്കിലും സാമാന്യവിവരമുള്ള ഒട്ടേറെ പേര്‍ക്കുണ്ട്. സാമാന്യ വിവരത്തിന്റെ ശാസ്ത്രീയ പ്രയോഗമാണല്ലോ മാധ്യമപ്രവര്‍ത്തനം. ആയതിനാല്‍ കൂട്ടരേ പരിഭവിക്കരുത്. കാര്യങ്ങള്‍ അതിന്റെ തനതുരീതിയില്‍ വെടിപ്പായി നടക്കട്ടെ. ഒരുപരാമര്‍ശം കൊണ്ടോ ഒരു വിശകലനം കൊണ്ടോ തകര്‍ന്നു പോകുന്ന പ്രസ്ഥാനമൊന്നുമല്ലല്ലോ ആര്‍എസ്എസ്.
മാധ്യമങ്ങളെക്കുറിച്ചാണല്ലോ നമ്മള് ചിലത് പറഞ്ഞുവന്നത്. ആകാശത്തിനു താഴെയുള്ളതും അതിനുമുകളിലുള്ളതും ആയസകല സംഭവങ്ങളെക്കുറിച്ചും തങ്ങള്‍ക്കു ബോധ്യമുണ്ടെന്ന ആത്മവിശ്വാസമാണല്ലോ അവരെ കര്മോത്സുകരാക്കുന്നത്. അപ്പോള്‍ ചില കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കേണ്ടതല്ലേ? ഉത്തരവാദിത്തം പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായെങ്കിലല്ലേ വായനക്കാരെ പ്രബുദ്ധരാക്കാനും ഉള്‍ക്കാഴ്ച നല്‍കാനും അവര്‍ക്കാവൂ. അതിനെന്തൊക്കെ വേണം? അതിന് ആദ്യം വേണ്ടത് സ്വയം നിയന്ത്രണമാണെന്ന് പറയുന്നു. മാധ്യമങ്ങളുടെ ചെറുചലനം പോലും സശ്രദ്ധം വീക്ഷിക്കുന്ന പക്വതയുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായ പ്രഗല്ഭ അഭിഭാഷകന്. പത്രപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്ന കൊച്ചിയിലെ പ്രസ് അക്കാദമി പുറത്തിറക്കുന്ന മീഡിയ എന്ന ദ്വിഭാഷാമാസികയിലാണ് അഡ്വ പി.എസ്. ശ്രീധരന്‍പിള്ളയുടെ ജാഗ്രതാപൂര്‍ണമായ ലേഖനമുള്ളത്. അതിന്റെ തലക്കെട്ട് ഇങ്ങനെ: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിക്കണം. അത്തരമൊരു നിയന്ത്രണം ഉണ്ടായിരുന്നെങ്കില്‍ സാഗരികാഘോഷിന് ട്വിറ്ററില്‍ ക്ഷമാപണം കുറിക്കേണ്ടിവരില്ലായിരുന്നു. ജനാധിപത്യ കൂടാരത്തിന്റെ അതിശക്തമായ തൂണായ പ്രസ് അതിന്റെ ഉത്തരവാദിത്തം എങ്ങനെ നിലനിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടുന്നു ശ്രീധരന് പിള്ള. നോക്കുക:
മാധ്യമങ്ങള്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ സത്യസന്ധതയും പ്രതിബദ്ധതയും നിലനിനിര്‍ത്തി മുന്നോട്ടുപോവുമ്പോഴാണ് ജനാധിപത്യക്രമത്തിന് അത് മുതല്‍ക്കൂട്ടാവുന്നത്. മറിച്ചാണെങ്കില്‍ അത് ബാധ്യതയുമാണ്. സിന്‍ഡിക്കേറ്റുകാര്‍ മുതല്‍ക്കൂട്ടാണോ ബാധ്യതയാണോ സമൂഹത്തിനുണ്ടാക്കുന്നതെന്ന് ശരിക്കൊന്ന് ആലോചിക്കേണ്ടതാണ്. ഇന്നത്തെ മാധ്യമശൈലിയിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം തുടരുന്നു: മാധ്യമങ്ങള്‍ കേരളത്തിലുള്‍പ്പെടെ തങ്ങള്‍ സ്വയംതീര്‍ത്ത തടവറയിലാണ്. വാര്‍ത്തകള്‍ മാധ്യമ മേശയിലെത്തിയാല്‍ അവയുടെ അടിവേരുകള്‍ അന്വേഷിച്ച് ബോധ്യമായശേഷം വാര്‍ത്ത നല്‍കുക അസാധ്യമാണ്. ഇവിടെ ഉത്തമവിശ്വാസവും ദുരുദ്ദേശ്യത്തിന്റെ അഭാവവുമാണ് കൈമുതല്‍. ശുഭാപ്തി വിശ്വാസ വാര്‍ത്താഘോഷണം മാധ്യമരംഗത്ത് അന്യമായിക്കൊണ്ടിരിക്കുകയാണ്.
അതെ, വന്യമായ ശൈലിയാണ് (ഇത് ഏറെയും ദൃശ്യന്മാര്വക) ഇന്ന് മാധ്യമരംഗത്തെ ഗ്രസിച്ചിരിക്കുന്നത്. അതില്‍നിന്ന് പുറത്തുവരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ മാത്രം പോര, പ്രവര്‍ത്തിക്കുകയും വേണം. രാഷ്ട്രീയരംഗത്തെ വേറിട്ട വ്യക്തിത്വമായി പരശ്ശതം പേര് കാണുന്ന ശ്രീധരന് പിള്ളയുടെ വിലയിരുത്തലിന്റെ കാതല്‍ കരുത്തോടെ കരളില്‍ കരുതിവെക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറായാല്‍ നിശ്ചയമായും മാറ്റംവരും, വ്യക്തിപരമായും സമൂഹത്തിനും. പ്രസ് അക്കാദമി കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ശ്രീധരന് പിള്ള ചെയ്ത പ്രസംഗത്തിന്റെ പ്രബന്ധരൂപമാണ് ഇത്.
നൈതിക ജാഗ്രതയുടെ കാവലാളായി ഒരാള്‍ കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗത്ത് നെഞ്ചുറപ്പോടെ നില്ക്കുന്നു. അത് മറ്റാരുമല്ല സാറാ ജോസഫാണ്. അവരെക്കുറിച്ചാണ് പവിത്രഭൂമി (ജനു) ഇത്തവണ കവര്‍സ്റ്റോറി ചെയ്തിരിക്കുന്നത്. സാറാജോസഫ്: നൈതിക ജാഗ്രതയുടെ കാവലാള്‍ എന്നതലക്കെട്ടിലുള്ള അംബികാസുതന്‍ മാങ്ങാടിന്റെ രചന, സാറയുടെ സ്ഫടിക സമാനമായ മനസ്സിന്റെ ചാരുത നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനൊപ്പം അവരുമായി അഭിമുഖം നടത്തുന്നു സി.പി.ചന്ദ്രന്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം എന്ന തലക്കെട്ടില്‍ അഭിമുഖം മൂന്ന് പേജ് നീളുന്നു. ജനവിരുദ്ധ പദ്ധതികള്‍ക്കും മറ്റുമെതിരെ എന്തുകൊണ്ട് മുന്നണിപ്പോരാളിയാവുന്നു എന്ന ചോദ്യത്തിന് സാറാജോസഫ് നല്കുന്ന മറുപടി ഇങ്ങനെ: ജനങ്ങളേയും പരിസ്ഥിതിയേയും മറന്നുകൊണ്ട് പ്രത്യേക താല്‍പ്പര്യങ്ങളോടെയാണ് ഇവിടെ പല വന്‍കിട പദ്ധതികളും ആസൂത്രണം ചെയ്യപ്പെടുന്നത്. വികസനം ജനങ്ങളുടെ ജീവിതവും സ്വത്തും പിടിച്ചെടുത്ത് നടപ്പിലാക്കേണ്ടതല്ല. ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളെ ചൂഷണംചെയ്യാന്പാടില്ല. ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് സ്തുതി പാടുമ്പോള്‍ അരക്ഷിതരായ സമൂഹം സംഘടിക്കുകയും ചെറുത്തു നില്‍പ്പ് സമരങ്ങള്ക്കുമുന്നിട്ടിറങ്ങുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ സ്വാഭാവികതക്കുനേരെ തോക്കും ബയണറ്റും ജലപീരങ്കിയുമുള്പ്പെടെ പ്രയോഗിച്ചാലും രക്ഷയുണ്ടാവില്ല എന്ന പാഠം എന്നാണ് ജനാധിപത്യ സര്‍ക്കാര്‍ പഠിക്കുക. ഒരു ആക്ടിവിസ്റ്റിന്റെ ചങ്കുറപ്പും ഒരെഴുത്തുകാരിയുടെ കരുതിവെപ്പും ഇഴുകിച്ചേര്‍ന്ന വ്യക്തിത്വമാണ് സാറാജോസഫിന്റേത്. തികച്ചും ആദരവ് അര്‍ഹിക്കുന്ന വ്യക്തി. തനിമ ചോരാതെതന്നെ പവിത്രഭൂമി അത് നല്കുന്നു.
അവരുടെ സമകാലികം പംക്തിയില്‍ ശക്തമായ നിരീക്ഷണവുമായി സുകുമാരന്‍ പെരിയച്ചൂരുമുണ്ട്. തോക്കുസംസ്കാരത്തില് തോല്‍ക്കുന്ന അമേരിക്കയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്സുകുമാരന് നമ്മുടെ മനസ്സിലേക്കെറിയുന്ന ചോദ്യം ഇതാണ്: ആധുനികസാങ്കേതിക വിദ്യാഭ്യാസം മനുഷ്യനെ അഹങ്കാരിയും പിടിവാശിക്കാരനും വിട്ടുവീഴ്ചാമനോഭാവമില്ലാത്തവനുമാക്കി മാറ്റിയിരിക്കുമ്പോള്‍ വിനയവും വിവേകവും വിദ്യാഭ്യാസത്തിന്റെ രണ്ട് ഭാഗങ്ങളാണെന്ന് കണ്ടെത്തിയ ഭാരതീയ ചിന്ത ആര് ഉള്‍ക്കൊള്ളും? ആ ചോദ്യം അങ്ങനെതന്നെ നില്ക്കട്ടെ. മറുപടികിട്ടാതിരിക്കില്ല. ഭാരതീയ സംസ്കാരധാരയുടെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ആഴങ്ങളിലേക്കുപോകാന് ഇത്തരം നിരീക്ഷണങ്ങള്‍ നമുക്കു ശക്തി പകരുന്നു എന്നതുതന്നെ എത്ര ആഹ്ലാദകരം!
കാര്‍ട്ടൂണിയം
ആ പരസ്യം സാക്ഷാത്കരിച്ച വിദ്വാനെ കണ്ടുകിട്ടിയാല്‍ ചെകിട്ടത്ത് രണ്ട് കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് നാട്ടുകാര്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ താമസിക്കേണ്ടിവന്നതിന്റെ ദുഃഖം തന്നെ അതിനുപിന്നില്‍. സബ്സിഡി കുറച്ച് കുറച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാന്‍ സര്‍ദാര്‍ജി പഠിച്ചപണി പതിനെട്ടുംപയറ്റുന്നു. മറ്റൊരു കൂട്ടര് സമരപ്പണിയുമായി നാട്ടുകാരുടെ മുതുകത്ത് കേറുന്നു. ഇതിന്റെ ആകെത്തുകയെന്താണെന്ന് അത്യാവശ്യംചില കോറിയിടലുകള്‍ കൊണ്ട് വ്യക്തമാക്കുന്നു ഗോപീകൃഷ്ണന് മാതൃഭൂമി (ജനു. 9)യില്‍. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍, ചിന്തിക്കാന്‍, ഉള്‍ക്കാഴ്ചയുണ്ടാകാന്‍ കുറച്ചൊന്നുമല്ല ആ കാര്‍ട്ടൂണ്‍ ഉപകരിക്കുന്നത്. ദൈവത്തിന്റെ കൈ പതിഞ്ഞുപോയവരുടെ രചനകള്‍ കാണുന്നതും ഭാഗ്യം തന്നെ!
തൊട്ടുകൂട്ടാന്‍
ഒരാള്‍പോകുമ്പോള്‍
മറ്റൊരാള്‍ വരുന്നു.
തുടരണമീനില്പ്പ്
ഒരിക്കലും വരാത്തവരെ
പ്രതീക്ഷിച്ചുകൊണ്ട്
രാപ്പകല്‍!
ഉണ്ണികൃഷ്ണന് മുതുകുളം
കവിത: വഴിയമ്പലം
കലാകൗമുദി (നവം.13)
** കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: