മരട് (കൊച്ചി): കുട്ടികളുടെ വിശ്വവിഖ്യാതമായ ‘ലയണ്‍കിങ്’ നൃത്ത സംഗീതശില്പ്പമായി വേദിയില്‍ അരങ്ങേറുന്നു. 450 കുട്ടികള്‍ അരങ്ങത്തും 100 കുട്ടികള്‍ പിന്നണിയിലും അണിനിരക്കുന്ന ‘മ്യൂസിക്കല്‍ സ്റ്റേജ്ഷോ’ 20ന് തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ അങ്കണത്തിലായിരിക്കും അവതരിപ്പിക്കപ്പെടുക. ‘ലയണ്‍കിങ്ങ്’ ഇതാദ്യമായാണ് സംഗീതരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.
കൊച്ചിയിലെ അരങ്ങേറ്റത്തിനുശേഷം ഈ സംഗീതശില്‍പ്പം രാജ്യത്തെ ഒമ്പത് പ്രമുഖ നഗരങ്ങളിലും ‘റോഡ്ഷോ’യിലൂടെ അവതരിപ്പിക്കപ്പെടും. തൃപ്പൂണിത്തുറയിലെ ജെടി പാക്ക് തിയേറ്ററും ചോയ്സ് സ്കൂളും ചേര്‍ന്ന് സംയുക്തമായാണ് ഇതിന്റെ ആവിഷ്ക്കാരമെന്ന് ആശയ സാക്ഷാത്ക്കാരത്തിന് മുന്‍കൈയെടുത്ത നടന് മോഹന്‍ലാലും ജെടി പാക്ക് പ്രസിഡന്റ് ജോസ് തോമസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൃഗലോകത്തെ ഒരു പിതാവിന്റെയും പുത്രന്റെയും കഥയാണ് ‘ലയണ്‍കിങ്ങ്’ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗീത നൃത്തശില്‍പ്പത്തിന്റെ പരിശീലനപരിപാടി തൃപ്പൂണിത്തുറയിലെ ചോയ്സ് സ്കൂളില്‍ നടന്നുവരികയാണ്. മുംബൈയിലെ ‘സില്ലി പോയിന്റ്’ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. പാട്ടും സംഭാഷണങ്ങളുമെല്ലാം കഥാപാത്രങ്ങള്‍ വേദിയില്‍ നേരിട്ട് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഇതിനുണ്ട്. പ്രശസ്ത സംഗീത സംവിധായകന് ജോ പീറ്ററിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ഇരുപത് ഗാനങ്ങളാണ് ‘ലയണ്കിങ്ങി’നായി ഒരുക്കിയിരിക്കുന്നത്. അഭ്രപാളികള്ക്കപ്പുറത്ത് വേറിട്ട വഴികളിലൂടെയുള്ള നടന് മോഹന്ലാലിെന് പുതിയ ചുവടുവെപ്പുകൂടിയാണ് ഇൗ സംരംഭം.
അനിമേഷന്‍ രൂപത്തിലുള്ള ഒരു സംഗീത ശില്‍പ്പമാണ് ഒരു സിനിമപോലെ വേദിയില്‍ അവതരിപ്പിക്കപ്പെടുക എന്ന് നടന് മോഹന്‍ലാല്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. “സ്നേഹവും പ്രതികാരവും ആക്ഷനുമെല്ലാം ഇതിലുണ്ടാകും. കേരളത്തിലെന്നല്ല ഇന്ത്യയിലെതന്നെ തിയേറ്റര്‍ രംഗത്ത് ഒരു പുതിയ തുടക്കമാണ് ജെടി പാക്കിന്റെ ഈ സംരംഭം. നിരവധി പുതുമയുള്ള തിയേറ്റര്‍ ആവിഷ്ക്കാരങ്ങള്‍ക്ക് ഇത് പ്രചോദനമായേക്കാം”, മോഹന്‍ലാല്‍ പറഞ്ഞു.
തൃപ്പൂണിത്തുറയിലെ ചോയ്സ് സ്കൂള്‍ അങ്കണത്തിലെ പ്രത്യേക വേദിയില്‍ അരങ്ങേറുന്ന ‘ലയണ്‍കിങ്ങ്’ കണ്ട് ആസ്വദിക്കാന്‍ 7000 പേര്‍ക്കാണ് അവസരം. പ്രവേശനം പാസ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: