സ്വാമി വിവേകാനന്ദന്റെ നൂറ്റി അമ്പതാം ജന്മ വാര്‍ഷിക ആഘോഷം ഒരു ചരിത്ര മുഹൂര്‍ത്തമാണ്. മനുഷ്യത്വത്തിലേക്കുള്ള പ്രയാണത്തിന് ഇതൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും സമൂലമായ മാറ്റത്തിന് വേണ്ടിയുള്ള അന്വേഷണമാണ്. നിലവിലെ സാഹചര്യം ദീര്‍ഘകാലത്തേക്ക് തുടരാന്‍ സാധിക്കില്ലെന്ന് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒന്നാണ്. ഒരു മാറ്റം അത്യന്താപേക്ഷിതമാണ്, എങ്കില്‍ മാത്രമേ ഭൂമിയ്ക്ക് പോലും നിലനില്‍പ്പുള്ളു. നമ്മള് അഭിമുഖീകരിക്കുന്ന പ്രതിസന്ധി സാധാരണമായിട്ടുള്ളതല്ല. സാധാരണ മാര്‍ഗ്ഗത്തിലൂടെ അത് തരണം ചെയ്യാനും സാധ്യമല്ല. അസാധാരണമായ സാഹചര്യങ്ങള്‍ അസാധാരണമായിട്ടുള്ള പരിഹാരവും ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള മാറ്റത്തിന് ആരംഭം കുറിയ്ക്കാന്‍ ഭാരതത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അമ്പത് വര്‍ഷം മുമ്പ് അര്‍ണോള്‍ഡ് ടോയന്‍ബി പ്രസ്താവിച്ചിട്ടുള്ളതാണ്.
മനുഷ്യചരിത്രത്തിലെ തന്നെ പരമമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ മാനവ വംശത്തിന് ഭാരതീയ ദര്‍ശനത്തിലൂടെ മാത്രമേ മോക്ഷ മാര്‍ഗ്ഗത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളു. അശോക ചക്രവര്‍ത്തിയുടേയും മഹാത്മാ ഗാന്ധിയുടേയും അഹിംസാ സിദ്ധാന്തവും ശ്രീരാമകൃഷ്ണന്റെ മതമൈത്രിയെ കുറിച്ചുള്ള പ്രമാണങ്ങളും ഇവിടുണ്ട്. ഈ മനോഭാവവും ആവേശവും ഉണ്ടെങ്കില്‍ ഒരു കുടുംബം പോലെ വളര്‍ച്ച നേടാന്‍ ഈ ആണവ യുഗത്തിലും മനുഷ്യ വംശത്തിന് സാധിക്കും. നമ്മള് സ്വയം നശിക്കാതിരിക്കാന്‍ ഇതാണൊരു ബദല്‍ മാര്‍ഗ്ഗം.
എന്താണോ വിശാലമായ അര്‍ത്ഥത്തില്‍ സത്യമായിട്ടുള്ളത് അത് ഏറ്റവും കൂടുതല്‍ യോജിക്കുന്നത് ഭാരതത്തിനാണ്. എന്തെന്നാല്‍ ഇവിടെ സ്ഥിതി ഗുരുതരമാണ്. ഇന്ദ്രപ്രസ്ഥം, ഭാരതത്തിന്റെ പുരാതന തലസ്ഥാനം, ഇപ്പോഴത് ദല്‍ഹി, ഈ രാജ്യം നേരിടുന്ന പ്രതിസന്ധിയെ ഒന്നു സംഗ്രഹിക്കാം. എല്ലാ മേഖലയിലും പ്രതിസന്ധിയാണ്-സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സദാചാര രംഗത്തെല്ലാം പ്രതിസന്ധി നിലനില്ക്കുന്നു. നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുരിതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് ഇവയെല്ലാം. നമ്മുടെ മൂല്യ വ്യവസ്ഥിതിയാകെ തകിടം മറിഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ മഹത്വവും മാഹാത്മ്യവും എല്ലായ്പ്പോഴും ജീവിതത്തിന്റെ ആത്മീയ ദര്‍ശനത്തില്‍ ഊന്നിയുള്ള മൂല്യ സംഹിതയാണ്. ഈ മൂല്യ സംഹിതയ്ക്ക് എപ്പോള്‍ അപചയം സംഭവിക്കുന്നുവോ അതോടെ എല്ലാം തകരും. നമ്മള് ഇപ്പോള്‍ ഈ അവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ധാര്‍മികമായ താളംതെറ്റലിന് പരിഹാരമായി സമൂലമായ മാറ്റം കൊണ്ടുവരുന്നതിന് പ്രേരകമാകുവാന് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷം കൊണ്ട് സാധിക്കുമോ?
നമുക്ക് വേണ്ടത് കൂടുതല്‍ നിയമങ്ങളും ശിക്ഷാരീതിയുമല്ല, കൂടുതല്‍ പ്രതിഷേധവും വിപ്ലവവുമല്ല, കൂടുതല്‍ വിമര്‍ശനവും പഴിചാരലുമല്ല. പക്ഷേ സമൂഹത്തിന്റെ മാനസികാവസ്ഥയ്ക്ക് സമൂലമായ പരിവര്‍ത്തനം ആവശ്യമാണ്. ദുഷ്ടത നിറഞ്ഞ മനസ്സില്‍ നിന്നാണ് കുറ്റകൃത്യങ്ങള്‍ ഉയരുന്നത്. സമൂഹത്തില്‍ നിന്നും ഇത്തരം കുറ്റകൃത്യങ്ങളെ വേരോടെ പിഴുതെറിയുന്നതിന് മാനസികാവസ്ഥയ്ക്ക് ആരോഗ്യകരമായ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അധര്‍മത്തിന് പരിഹാരം ധര്‍മ്മം ഒന്നുമാത്രമാണ്. സനാതന ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള ധാര്‍മിക മൂല്യവ്യവസ്ഥിതി വീണ്ടെടുക്കാന്‍, ഈ സമൂഹത്തെ സഹായിക്കാന്‍ ഈ ആഘോഷങ്ങള്‍കൊണ്ട് സാധിക്കുമോ? നമുക്കത് സാധ്യമെങ്കില്‍ പുതുയുഗത്തെ പ്രകാശിപ്പിക്കുന്നത് നമ്മളായിരിക്കും.
ശ്രീരാമകൃഷ്ണ പരമഹംസര്‍ ജീവിച്ചിരുന്നപ്പോള്‍ ജനങ്ങള്‍ ക്രമേണ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കി. ബംഗാളിലെ മുസ്ലീം വിപ്ലവ കവിയായിരുന്ന കാസി നസ്റുള്‍ ഇസ്ലാം, അദ്ദേഹം രചിച്ച കവിതയില്‍ ശ്രീരാമകൃഷ്ണ പരമഹംസന്റെ അവതാരോദ്ദേശ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പുതിയ സത്യയുഗത്തിന്റെ ഉദയം എന്നാണ് അതില്‍ പറയുന്നത്. ഹേ താപസ ഈ കലിയുഗത്തിലേക്ക് സത്യയുഗത്തിന്റെ സ്മൃതിയാണ് അങ്ങ് കൊണ്ടുവരുന്നത്. ഭാവിയിലെ ദാര്‍ശനികരാണ് കവികള്‍. അവര്‍ അവരുടെ അകക്കണ്ണുകൊണ്ട് കാണുന്നത് പിന്നീട് സത്യമായി ഭവിക്കും. ശ്രീരാമകൃഷ്ണന് ആചരിക്കുകയും ഉപദേശിക്കുകയും ചെയ്ത തത്വശാസ്ത്രത്തിന്റെ സന്ദേശവാഹകന് എന്നാണ് സ്വാമി വിവേകാനന്ദന് പരക്കെ അറിയപ്പെട്ടിരുന്നത്.
ഇന്ത്യയില്‍ മാത്രമല്ല ലോകം എമ്പാടും തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ശ്രീരാമകൃഷ്ണന് തെരഞ്ഞെടുത്തത് സ്വാമി വിവേകാനന്ദനെയാണ്. ‘നരേന് ഈ ലോകത്തെ പഠിപ്പിക്കും’ ശ്രീരാമ കൃഷ്ണന് പലപ്പോഴും ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു. നരേന് പില്ക്കാലത്ത് സ്വാമി വിവേകാനന്ദനായി. നവോത്ഥാന ഭാരതത്തിന്റെ പ്രവാചകനും പുതിയൊരു ലോകകല്പനയുടെ അഗ്രദൂതനുമായി അദ്ദേഹം മാറി. സാര്‍വലൗകികമായ ഐക്യം, പരസ്പര സഹവര്‍ത്തിത്വം, എല്ലാ മതങ്ങളോടുമുള്ള ബഹുമാനം തുടങ്ങിയ കാര്യങ്ങളുടെ ആവശ്യകതയാണ് തന്റെ ഐതിഹാസികമായ ചിക്കാഗോ പ്രഭാഷണത്തിലൂടെ അദ്ദേഹം ലോകത്തിന് പകര്‍ന്ന് നല്‍കിയത്. കൊളംബോ മുതല്‍ അല്‍മോറ വരെയുള്ള പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ക്കൊടുവില്‍ വിദേശ പര്യടനത്തിന് ശേഷം വിജയാഘോഷത്തോടെയുള്ള സ്വാമിജിയുടെ മടങ്ങിവരവ്, സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ ധീര പോരാട്ടം നടത്തുന്നതിന് ഭാരത ജനതയെ സജ്ജമാക്കുന്നതിനുള്ള കാഹളം മുഴക്കലായിരുന്നു അത്. ആത്മീയവും സാംസ്കാരികവുമായ ദേശഭക്തിയില്‍ ഊന്നിയ സ്വതന്ത്ര ഇന്ത്യയുടെ വിജ്ഞാപന പത്രികയും അദ്ദേഹം രചിക്കുകയുണ്ടായി. ചവിട്ടിമെതിയ്ക്കപ്പെട്ടവനെ ഉയര്‍ത്തുന്നതിനും സ്വാതന്ത്ര്യവും ആത്മാഭിമാനവും നേടുന്നതിനുമുള്ള ഉത്തരവാദിത്തം യുവ ഇന്ത്യയ്ക്കുണ്ടെന്ന് സ്വാമിജി പ്രതീകാത്മകമായി പ്രസ്താവിച്ചിരുന്നു. ലോകത്തിന്റെ ആത്മീയ ഗുരു എന്ന നിലയിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു. നിരന്തരമായ പ്രയത്നത്തിലൂടെ ഭാരതത്തില്‍ നിന്നും ജാതി മത അന്ധവിശ്വാസങ്ങള്‍ തുടച്ച് നീക്കുന്നതിന് അടിമുടി പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതിന് പ്രചോദനം നല്കാന് ഇന്ത്യയിലെമ്പാടും നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിലൂടെ അദ്ദേഹത്തിന് സാധിച്ചിരുന്നു.
നിയമത്തിലുള്ള അഭിമാനം, ആത്മീയമായ ജ്ഞാനോദയം, സാമൂഹിക സമത്വം എന്നിവയുള്ള ഭാരതമാണ് വേണ്ടത്. അങ്ങനയൊരു ഭാരതത്തിന് മാത്രമേ ഭൗതികമായ പുരോഗതിയും അഭിവൃദ്ധിയിലും ആദ്ധ്യാത്മികതയിലും ഊന്നിയുള്ള ഐക്യവും കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഇതായിരുന്നു സ്വാമിജിയുടെ ദര്‍ശനം. നവ സത്യയുഗത്തിന്റെ ഉദയത്തിനായി ശ്രീരാമകൃഷ്ണന്റേയും സ്വാമി വിവേകാനന്ദന്റേയും ദൗത്യം സാക്ഷാത്കരിക്കുന്നതില്‍ ദൗര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തര ഭാരതം പരാജയപ്പെട്ടു. സദാചാര അപചയം, രാഷ്ട്രീയപരമായ ധര്‍മ്മഭ്രംശം, സാമ്പത്തിക അഴിമതി എന്നിവയുടെ വൈരൂപ്യം നിറഞ്ഞ മുഖമാണ് രാജ്യത്ത് അടുത്തിടെ നടന്ന സംഭവവികാസങ്ങളിലൂടെ വെളിവാകുന്നത്. ഈ സ്ഥിതി പരിപൂര്‍ണമായി മാറണം. സ്വാമി വിവേകാനന്ദന് നിര്‍ദ്ദേശിച്ച സമൂലമായ പരിവര്‍ത്തനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് ദിവ്യമായ നിയതിയിലേക്കുള്ള മനുഷ്യരാശിയുടെ പ്രയാണം കൂടിയാണ്.
സാര്‍ദ്ധശതി ആഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും മാര്‍ഗ്ഗദര്‍ശിയായി അദ്ദേഹം നമ്മോടൊപ്പമുണ്ട്. നമ്മുക്ക് ചുറ്റിലും കൂരിരുട്ടാണ് കാണുന്നതെങ്കില്‍, അത് പ്രഭാതത്തിന് മുമ്പുള്ള അന്ധകാരമാണെന്ന് നിസ്സംശയം പറയാം. അത്യന്തം ശോഭയോട് കൂടിയ പ്രഭാതം അങ്ങകലെയല്ല.
ഭാരത ചരിത്രത്തില്‍ സ്വാമി വിവേകാനന്ദന് വഹിച്ച പങ്ക് എന്തെന്ന് ശരിയായ രീതിയില്‍ മൂല്യനിര്‍ണയം നടത്തുകയും വിശകലനം ചെയ്യുകയും ചെയ്താല്‍, ഇപ്പോള്‍ ഭാരതം എന്താണ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ എനിക്ക് ‘ ദി വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ’എന്ന് എ.എല്‍ ബാഷാമിന്റെ മഹത്തായ പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
“ഇന്ത്യയുടെ പുനര്‍ രൂപീകരണത്തില്‍ മാത്രമല്ല, മറിച്ച് ലോകത്താകമാനം ഗുണകരമായ പരിവര്‍ത്തനം വരുത്തുന്നതിലും സ്വാമിജി പങ്കുവഹിച്ചു. നരേന്ദ്രനാഥ് ദത്ത(സ്വാമി വിവേകാനന്ദ) ജനിച്ച് 100 വര്‍ഷം പിന്നിടുമ്പോഴും ലോക ചരിത്രത്തില്‍ വിവേകാനന്ദന്റെ പ്രാധാന്യം എന്തായിരുന്നു എന്ന് നിര്‍ണയിക്കുക വളരെ പ്രയാസകരമാണ്. ഏതൊരു പാശ്ചാത്യ ചരിത്രകാരനേക്കാളും അതല്ലെങ്കില്‍ ഭാരതീയ ചരിത്രകാരന്മാരേക്കാളും ഏറെ മഹത്തരമാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. കഴിഞ്ഞ കാലങ്ങളിലെ അത്ഭുതകരവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങള്‍ വച്ചുനോക്കുമ്പോള്‍ വരുംകാലങ്ങളില്‍ ആധുനിക ലോകത്തിന്റെ പ്രത്യേകിച്ച് ഏഷ്യയുടെ മുഖ്യ ശില്പികളില് ഒരാളായി അദ്ദേഹം ഓര്‍മിക്കപ്പെടും. ആദി ശങ്കരന്, രാമാനുജന് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക വ്യക്തിത്വമായിരിക്കും അദ്ദേഹം. തീര്‍ച്ചയായും കബീര്‍, ചൈതന്യന്, ദക്ഷിണേന്ത്യയിലെ ആള്‍വാര്‍മാര്‍, നായനാര്‍മാര്‍ എന്നിവരേക്കാള്‍ പ്രാധാന്യവും അദ്ദേഹത്തിനുണ്ട്”.
സ്വാമി വിവേകാനന്ദന് ലോക ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടും എന്നാണ് എന്റെ വിശ്വാസം. എന്തെന്നാല്‍ പാശ്ചാത്യ സംസ്കാരത്തിനെതിരെ ഒരു പ്രത്യാക്രമണം യഥാര്‍ത്ഥത്തില്‍ തുടങ്ങിവച്ചത് അദ്ദേഹമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ബുദ്ധ ധര്‍മ്മവും ഹിന്ദു ധര്‍മ്മവും ഉപദേശിക്കുന്നതിനായി തെക്ക്-കിഴക്കന്‍ ഏഷ്യ, ചൈന എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ മിഷണറിമാര്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് ഒരു പ്രതിഛായ ഉണ്ടാക്കി എടുത്ത ആദ്യ ഭാരതീയന് സ്വാമി വിവേകാനന്ദനാണ്.
ചരിത്രത്തിലെ പല നിര്‍ണായക ഘട്ടങ്ങളിലും ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള മഹാരഥന്മാരാണ് ശങ്കരനും രാമാനുജനും. അവരുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ സമൂഹം ശിഥിലമാവുകയും സനാതന ധര്‍മ്മം പൊയ്പ്പോവുകയും ചെയ്തേനെ. ഈ ദുര്‍ഘട നിമിഷത്തില്‍ സ്വാമിജി പാശ്ചാത്യ ലോകത്തിനെതിരെ പ്രത്യാക്രമണത്തിന് തുടക്കമിടുകയും ഹിന്ദുത്വത്തിന്റെ ആധിപത്യം ആഴത്തില്‍ ഉറപ്പിക്കുകയും ചെയ്തു. സ്വാമി വിവേകാനന്ദന് ഹിന്ദുത്വത്തെയും അതുവഴി ലോകത്തെയും സംരക്ഷിച്ചു. പക്ഷേ നാം നമ്മുടെ മതത്തെ നഷ്ടപ്പെടുത്തി. നമുക്ക് നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനായില്ല. അതുകൊണ്ട് തന്നെ നമ്മള് എല്ലാത്തിനും സ്വാമി വിവേകാനന്ദനോട് കടംവീട്ടേണ്ടിയിരിക്കുന്നു. നാം അദ്ദേഹത്തില്‍ നിന്നും സ്വീകരിച്ചിട്ടുള്ള അമൂല്യമായ നിധി കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും ധൈര്യവും വിശ്വാസവും നമുക്ക് പ്രചോദനമാകട്ടെ.
** പി.പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: