ലൈംഗികപീഡനക്കേസുകള്‍ വേഗത്തിലാക്കാനുള്ള സുപ്രീംകോടതി തീരുമാനം അത്യന്തം സ്വാഗതാര്‍ഹമാണ്. ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. 2004 മുതലുള്ള ഇത്തരം കേസുകള്‍ ജസ്റ്റിസ് എ.കെ. പട്നായിക്ക്, ജ്ഞാന്‍സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇത് ലൈംഗികപീഡന, പെണ്‍വാണിഭ റാക്കറ്റ് ഇരകള്‍ക്ക് വളരെ ആശ്വാസകരമായ നടപടിയാണ്. ഇന്ത്യയെ കരയിപ്പിച്ച, ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുമ്പില്‍ കളങ്കപ്പെടുത്തിയ ദല്‍ഹി കൂട്ടമാനഭംഗ കൊലപാതകത്തിന്റെ ദൂരവ്യാപ്തിയുള്ള പരിണിതഫലമാണ് ഈ വിധി. 14 മുതലാണ് വാദം കേള്‍ക്കുക. ഇതനുസരിച്ച് സൂര്യനെല്ലിക്കേസ് 86-ാമത്തേതാണ്. 2004 മുതലുള്ള എല്ലാ മാനഭംഗക്കേസുകളും സ്ത്രീകളെ ആക്രമിക്കല്‍ കേസുകളും വേഗത്തില്‍ കേള്‍ക്കാന്‍ നടപടി എടുക്കുമെന്നാണ് ചീഫ്ജസ്റ്റിസിന്റെ വാഗ്ദാനം. പതിനാലാം തീയതി മുതല്‍ വാദം കേട്ടുതുടങ്ങും. സൂര്യനെല്ലി കേസിന്റെ അപ്പീലില്‍ അന്തിമ വാദത്തിനുള്ള തീയതി നിശ്ചയിക്കണമെന്നആവശ്യത്തിനോട് പ്രതികരിക്കവെയാണ് ജസ്റ്റിസ് കബീര്‍ ഇങ്ങനെ പറഞ്ഞത്.
സൂര്യനെല്ലി കേസിന്റെ അന്തിമവാദം 16 വര്‍ഷമായി നിശ്ചലമായിരിക്കുകയാണ്. നാല്‍പ്പതിലധികം പേര് പീഡിപ്പിച്ച പെണ്‍കുട്ടിക്ക് നായനാര്‍ സര്‍ക്കാര്‍ പ്യൂണിന്റെ ജോലി നല്‍കിയിരുന്നു. പക്ഷെ പീഡന ഇര എന്ന പ്രതിഛായ അവളെ മേലധികാരി പിന്നെയും പീഡിപ്പിക്കാനുള്ള ശ്രമത്തിന് പ്രേരണയായി. ദല്‍ഹി കൂട്ടമാനഭംഗക്കേസ് ചര്‍ച്ചകള്‍ക്കിടെ ഇത് സൂര്യനെല്ലി പെണ്‍കുട്ടി തുറന്നുപറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഇതിനെതിരെ ശക്തമായി ഇടപെടുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് വെറും പ്രഖ്യാപനത്തിലൊതുങ്ങി. സൂര്യനെല്ലി കേസില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കക്ഷിചേര്‍ന്നിരിക്കുകയാണ്. നാല്പത് ദിവസത്തിനിടെ 42 പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒരു സ്പെഷ്യല്‍ കോടതി 36 പേര്‍ക്ക് കഠിനതടവ് വിധിച്ചിരുന്നുവെങ്കിലും കേരള ഹൈക്കോടതി 35 പ്രതികളെ വെറുതെവിടുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച ധര്മ്മരാജന് എന്ന ആദ്യത്തെ ആളെ മാത്രം അഞ്ചുകൊല്ലം തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. സൂര്യനെല്ലി പീഡനക്കേസില്‍ ചില രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ടിരുന്നതായും അഭ്യൂഹങ്ങളും സൃഷ്ടിച്ചിരുന്നു. സ്ത്രീപീഡനക്കേസുകള്‍ക്ക് അതിവേഗ കോടതിയും മൂന്ന് മാസത്തിനുള്ളില്‍ വിചാരണയും എന്ന ആവശ്യം വനിതാ കമ്മീഷനും സ്ത്രീസംഘടനകളും ഉയര്‍ത്തിയിരുന്നതാണ്. ഇപ്പോഴെങ്കിലും അത് പ്രയോഗത്തില്‍ വരുന്നത് സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: