മലപ്പുറം: ആര്യസമാജസ്ഥാപകന്‍ മഹര്‍ഷി ദയാനന്ദസരസ്വതിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മഹര്‍ഷി ദയാനന്ദസരസ്വതി പുരസ്കാരത്തിന് കീഴാനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിയെ തെരഞ്ഞെടുത്തതായി വേദവിദ്യാപ്രതിഷ്ഠാന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ 27ന് അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി കീഴാനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിക്ക് സമ്മാനിക്കും. അജ്മേറിലെ പരോപകാരിണി സഭയുടെ സെക്രട്ടറി ആചാര്യ ധര്‍മവീര്‍ ശാസ്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.രാജേന്ദ്ര ജിജ്ഞാസു മുഖ്യപ്രഭാഷണം നടത്തും. രാജ്വീര് ആര്യ, ജ്യോത്സ്ന ധര്‍മവീര്‍, ഞെരളത്ത് ഹരിഗോവിന്ദന് എന്നിവര്‍ പങ്കെടുക്കും. കീഴാനെല്ലൂര്‍ നിര്‍വഹിച്ച യജുര്‍വേദ ഭാഷ്യ തര്‍ജമയുടെ കയ്യെഴുത്തു പ്രതി വേദവിദ്യാപ്രതിഷ്ഠാന്‍ മാനേജര്‍ എ.ടി.രഘുനാഥ് കീഴാനെല്ലൂരില് നിന്നും സ്വീകരിക്കും. ചടങ്ങില്‍ രാജു പൂഞ്ഞാര്‍ രചിച്ച എന്താണ് വേദം എന്ന ഗ്രന്ഥം കീഴാനെല്ലൂര്‍ പ്രകാശിപ്പിക്കും. രാഷ്ട്രവിഭജനത്തിനു മുമ്പ് ലാഹോര്‍ ഗുരുദത്തഭവന്‍ വിദ്യാലയത്തില്‍ ബ്രഹ്മചാരിയായി ചേര്‍ന്ന കീഴാനെല്ലൂര്‍ അവിടെ നിന്നും വൈദികവിഷയങ്ങളില്‍ പാണ്ഡിത്യം നേടി സ്നാതകനായി. സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, പുസ്തൊ, ബലൂചി, പാലി മുതലായ ഭാഷകളിലും പരിജ്ഞാനം നേടിയിട്ടുണ്ട്. വിഭജനക്കാലത്ത് വൈദികഗ്രന്ഥങ്ങള്‍ തലയില്‍ ചുമന്ന് ഊടുവഴികളിലൂടെ ഓടി കറാച്ചി തുറമുഖത്തും അവിടെ നിന്നും അഭയാര്‍ഥിയായി ഇന്ത്യയിലുമെത്തി. തിരിച്ച് നാട്ടിലെത്തി വൈദികസാഹിത്യ പ്രചരണങ്ങളില്‍ മുഴുകിയ ആളാണ്.
വൈദികസംസ്കാരത്തെ കാത്തുസൂക്ഷിക്കുന്നതിനും അവ സജ്ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവച്ച വിദ്വാന്മാരായവരെ വേണ്ടവിധം ആദരിക്കുന്നതിന്റെ ഭാഗമായാണ് വേദവിദ്യാപ്രതിഷ്ഠാന്‍ ദയാനന്ദസരസ്വതി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. വേദവിദ്യാപ്രതിഷ്ഠാന്റെ അധ്യക്ഷന്‍ രാജു പൂഞ്ഞാര്‍, എ.ടി.രഘുനാഥ്, ഞെരളത്ത് ഹരിഗോവിന്ദന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: