ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുന്നതിന് വേണ്ടി നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലും നികത്തുവാന്‍ കെജിഎസ് ഗ്രൂപ്പ് കമ്പനിക്ക് ഇക്കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ നല്കിയ അനുവാദം പ്രകൃതിയെ സ്നേഹിക്കുന്ന ഏവരേയും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. പമ്പാനദിയുടെ തീരത്ത് വിശാലമായ നീര്‍ത്തടവും നീര്‍ച്ചാലും നെല്‍വയലും നികത്തിയാലുണ്ടാകാവുന്ന ഗുരുതരമായ പാരിസ്ഥിതാഘാതങ്ങളെ തെല്ലും അവഗണിച്ചുകൊണ്ട് പൈതൃകഗ്രാമമായ ആറന്മുളയെ കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് വില്‍ക്കാനും അവരുടെ കാല്ച്ചുവട്ടില് പൊന്നിന്തളികയില്വെച്ച് പാദകാണിക്കയായി സമര്‍പ്പിക്കുവാനും മുഖ്യമന്ത്രി തയ്യാറായി. ദേശസ്നേഹികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ് ഈ ക്രൂരത.
നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചും വിലക്കുകള്‍ അവഗണിച്ചുമാണ് കെജിഎസ് ഗ്രൂപ്പ് വിമാനത്താവള നിര്‍മാണവുമായി മുന്നോട്ടുപോകുന്നത്. പണവും അധികാരവും സ്വന്തമായുണ്ടെന്ന അഹന്തയും ഗര്‍വും ഹുങ്കും അരങ്ങുതകര്ക്കുന്നതിന്റെ നേര്‍സാക്ഷ്യം ആറന്മുളയില് താമസംവിനാകാണാം. ഏതാനും ദിവസത്തിനകം നിര്‍മ്മാണം ആരംഭിച്ചേക്കും. ജനങ്ങള്‍ നാളിതുവരെ നെഞ്ചിലേറ്റി താലോലിച്ചുവളര്‍ത്തിയ മഹത്തായ പൈതൃകത്തിന്റെ മരണമണിയുടെ ആദ്യത്തെ മുഴക്കം ഇതോടെ മുഴങ്ങുകയായി.
നിയമം ലംഘിച്ച കമ്പനിയെ കരിമ്പട്ടികയില്പ്പെടുത്തേണ്ടതിന്പകരം 10 ശതമാനം ഷെയര്‍ എടുത്ത് അതിന്റെ ഉടമസ്ഥാവകാശം പങ്കിടുവാനാണ് സര്‍ക്കാര്‍ തയ്യാറായത്. ഇതോടെ കമ്പനി ചെയ്ത എല്ലാ തെറ്റുകളും സര്‍ക്കാര്‍ ഏറ്റുപറയുകയും സ്വയം ഉത്തരവാദിത്തമേറ്റെടുക്കുകയും ചെയ്തിരിക്കുന്നു. പ്രതിയോടൊപ്പം വാദിയും ചേര്‍ന്നതോടെ ആറന്മുളയുടെ പൈതൃകത്തിന് ശവപ്പെട്ടി പണിയാന്‍ വേറെ തടസങ്ങളൊന്നും ഇല്ലെന്ന വിശ്വാസമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.
ആറന്മുളയില് കഴിഞ്ഞ 8 വര്‍ഷമായി നടക്കുന്നത് നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ്. 2004 ല്‍ എബ്രഹാം കലമണ്ണില്‍ നെല്‍പ്പാടം വിലക്ക് വാങ്ങുന്നത് യുഡിഎഫ് ഭരണകാലത്താണ്. അന്ന് ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും കൈയ്യയച്ച് സഹായിച്ചു. ഒരു എയര്‍സ്ട്രിപ്പ് പണിയാനുള്ള ചെറിയ സംരംഭമായേ ജനങ്ങള്‍ കരുതിയുള്ളൂ. പക്ഷേ നെല്‍വയല്‍ നികത്തുന്നതിനെ കൃഷിമന്ത്രിയായിരുന്ന കെ.ആര്. ഗൗരി ശക്തിയായി എതിര്‍ത്തു. പക്ഷെ അതിനെ അവഗണിച്ചുകൊണ്ട് നികത്തല്‍ തകൃതിയായി നടന്നു. നിയമലംഘനത്തിന്റെ പടപ്പുറപ്പാട് അങ്ങനെ തുടങ്ങി.
പാരിസ്ഥിതിക നിയമവും ഭൂവിനിയോഗ നിയമവും ഭൂപരിഷ്കരണ നിയമവും കാറ്റില്‍പ്പറത്തിക്കൊണ്ട് എബ്രഹാം കലമണ്ണില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ റവന്യൂ ഉദ്യോഗസ്ഥന്മാര് ചോദ്യംചെയ്തു. വില്ലേജ് ഓഫീസര്‍, തസഹില്‍ദാര്‍, ആര്‍ഡിഒ, കളക്ടര്‍ തുടങ്ങിയവര്‍ കൈക്കൊണ്ട നടപടിളൊന്നും ഫലം കണ്ടില്ല. സെന്റിന് 100-300 രൂപക്ക് വാങ്ങിയ ഏതാണ്ട് 250 ഏക്കര്‍ നെല്‍പ്പാടവും നീര്‍ത്തടവും ഒരുലക്ഷം രൂപ വിലയിട്ട് കെജിഎസ് ഗ്രൂപ്പിന് വിറ്റു. കോടികളുടെ കൊള്ളലാഭം. അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി പുതിയ കമ്പനി രംഗത്തുവന്നു. ഷോപ്പിംഗ്മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയ മെഗാ പ്രോജക്ട് കെജിഎസ് ഗ്രൂപ്പ് മുന്നോട്ടുവെച്ചു. 2010-11 ല്‍ എല്‍ഡിഎഫ് മന്ത്രിസഭ തത്വത്തില്‍ അംഗീകരിക്കുകയും നിയമങ്ങള്ക്ക്വിധേയമായി വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് മന്ത്രിസഭ പോലും അറിയാതെ വ്യവസായവകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണന് 500 ഏക്കര്‍ നെല്‍വയല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് തിടുക്കത്തില്‍ വിജ്ഞാപനമിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലായിരുന്നു ഈ സംഭവം.
500 ഏക്കര്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും രണ്ടായിരത്തോളം ഏക്കര്‍ വരുന്ന വലിയൊരു ഭൂവിഭാഗത്തിന്റെ സര്‍വേ നമ്പറാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. ഫലത്തില്‍ 200 ഏക്കര്‍ വ്യാവസായ മേഖലയുടെ പരിധിയില്‍പ്പെട്ടു. 400 വീടുകള്‍, 5 ക്ഷേത്രങ്ങള്‍, കാവുകള്‍, കുളങ്ങള്‍ തുടങ്ങി വലിയൊരു പ്രദേശം വിജ്ഞാപനത്തിലായി.
വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതിന് കൈക്കൊള്ളേണ്ട ഒരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നില്ല. മന്ത്രിസഭയുടെ തീരുമാനമോ റവന്യൂ ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോ വകുപ്പ്തല അന്വേഷണമോ ഒന്നുമില്ലാതെ ഏകപക്ഷീയമായി ടി. ബാലകൃഷ്ണന് കമ്പനിയുടെ സ്വന്തം ആളായി നിന്ന് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയാണുണ്ടായത്. ഒരിഞ്ച് ഭൂമിപോലും സ്വന്തമായി പേരില്‍ കൂട്ടാന്‍ കഴിയാതിരുന്ന കെജിഎസ് ഗ്രൂപ്പിന് 300 ഏക്കര്‍ കൈവശമുണ്ടെന്ന തെറ്റായ വിവരമാണ് വകുപ്പ് സെക്രട്ടറി തന്റെ വിജ്ഞാപനത്തിന് പിന്‍ബലമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
സ്വന്തം പേരില്‍ കൂട്ടി 250 ഏക്കര്‍ പതിച്ചെടുത്ത് സ്വന്തമാക്കാന്‍ കഴിയാത്ത എബ്രഹാം കലമണ്ണില്‍ എങ്ങനെയാണ് കെജിഎസ് ഗ്രൂപ്പിന് ആ ഭൂമി വിറ്റത്? ഭൂപരിധി നിയമമനുസരിച്ച് 15 ഏക്കര്‍ മാത്രമേ കലമണ്ണിന് കൈവശം വെക്കാനാവൂ. ബാക്കിയുള്ളവ മിച്ചഭൂമിയാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ അക്കാരണംകൊണ്ട് എബ്രഹാമിന്റെ ഭൂമി പേരില്‍ കൂട്ടിയില്ല. അതിന്റെ പേരില്‍ കേസ് നിലനില്‍ക്കെ, എബ്രഹാം ഭൂമി വിറ്റുവെന്ന് മാത്രമല്ല, വിറ്റ ഭൂമി കെജിഎസ് ഗ്രൂപ്പിന് പതിച്ച് നല്കി പേരില്‍ കൂട്ടിക്കൊടുക്കുകയും ചെയ്തു. ഇവിടെ മൂന്ന് തെറ്റുകള്‍ സംഭവിച്ചു. 1) മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തില്ല. 2) സര്‍ക്കാര്‍ കേസെടുത്ത എബ്രഹാമിന്റെ ഭൂമി വില്ക്കാന് അനുവദിച്ചു. 3) അങ്ങനെ വിറ്റ ഭൂമി കെജിഎസ് ഗ്രൂപ്പിന് പതിച്ചുകൊടുത്തു.
ഇതിനെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറും കളക്ടറും ചേര്‍ന്ന് കെജിഎസ് ഗ്രൂപ്പിന്റെ 242 ഏക്കര്‍ നെല്‍വയലിന്റെ വില്‍പ്പന റദ്ദുചെയ്യുകയുണ്ടായി. ഇതിന് ശേഷവും ഈ കമ്പനി ആറന്മുളയില് ഭൂമി വാങ്ങിക്കൊണ്ടിരിക്കുകയാണ്. 15 ഏക്കറില്‍ കൂടുതല്‍ ഒരു കമ്പനി ഭൂമി കൈവശം വെക്കാന്‍ പാടില്ലെന്ന നിയമം ഇപ്പോഴും നഗ്നമായി ലംഘിച്ചുകൊണ്ടിരിക്കുന്നു.
നെല്വയലിന് നടുവിലൂടെ ഒഴുകുന്ന തോട് സര്‍ക്കാര്‍ ഇറിഗേഷന്‍ വകുപ്പിന്റേതാണ്. 15 ഹെക്ടര്‍ വരുന്ന തോട് അഥവാ നീര്ച്ചാല് മണ്ണിട്ട് നികത്തിയതിനെതിരെ ആര്‍ഡിഒ നടപടി സ്വീകരിച്ചിരുന്നു. മണ്ണ് മാറ്റണമെന്നും 18 ലക്ഷം രൂപ പിഴ അടക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഒരു നടപടിയും പിന്നീടുണ്ടായില്ല.
വിമാനത്താവള കമ്പനി വിലക്ക് വാങ്ങിയ ഭൂമിയില്‍ പലതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോള്‍ വ്യക്തമായി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികളായ ശിവന്, ജാനകി തുടങ്ങിയവര്‍ അറിയാതെയാണ് അവരുടെ സ്ഥലം കമ്പനി സ്വന്തമാക്കിയത്. ഇതിനെതിരെ സമര്‍പ്പിച്ച പരാതിയിന്മേല് സര്‍ക്കാര്‍ നടപടിയൊന്നുമെടുത്തിട്ടില്ല. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ മേല്ക്കാണിച്ചിട്ടുള്ള എല്ലാ വീഴ്ചകളും വിശദമാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടും ഉമന്‍ചാണ്ടി അനങ്ങിയില്ല. അടിമുടി അഴിമതിയും ക്രമക്കേടുമുണ്ടെന്ന് കാണിച്ച് കോട്ടയം വിജിലന്‍സ് കോടതിയില്‍ പൈതൃകകര്മ്മസമിതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി വിജിലന്‍സ് എന്‍ക്വയറിക്ക് ഉത്തരവിട്ടു.
ഇതിനിടയില്‍ എബ്രഹാം കലമണ്ണിലും കെജിഎസ് ഗ്രൂപ്പും തമ്മില്‍ പിശകി. കെജിഎസ് ഗ്രൂപ്പില്‍ നിശ്ചിത ഷെയര്‍ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന കാരണമുന്നയിച്ച് എബ്രഹാം പത്തനംതിട്ട സബ്കോടതിയില്‍ കേസ് ഫയല്‍ചെയ്തു. കെജിഎസ് ഗ്രൂപ്പ് കമ്പനിക്കാര് വിറ്റ 252 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഇതുപോലെ മറ്റൊരു ഉത്തരവില്‍, കേരള ഹൈക്കോടതിയും നിയമങ്ങള്‍ പാലിച്ചുമാത്രമേ നിര്‍മ്മാണപ്രവര്‍ത്തനം നടത്താവൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഇത്രയേറെ നിയമലംഘനം നടത്തിയ കെജിഎസ് കമ്പനിയില്‍ ഓഹരി എടുക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന് എന്ത് ധാര്‍മ്മികതയാണ് ജനങ്ങളോട് പറയാനുള്ളത്? കോടിക്കണക്കിന് രൂപ കീശയിലാക്കി തടിച്ചുകൊഴുത്ത, നിയമങ്ങള്‍ ചവിട്ടിമെതിച്ച ഒരു കോര്‍പ്പറേറ്റ് ഭീമന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാക്ഷര സംസ്ക്കാര കേരളത്തിന് അപമാനമാണ്.
മഹത്തായ പൈതൃകത്തിന്റെ കാവലാളുകളായ തദ്ദേശവാസികള്‍ക്ക് ശക്തമായ പ്രക്ഷോഭം അല്ലാതെ ഇനി മറ്റൊരു മാര്‍ഗ്ഗം അവരുടെ മുന്നിലില്ല. നാടിനും വെള്ളത്തിനും മണ്ണിനും അന്നത്തിനും വേണ്ടിയുള്ള മഹത്തായ ബഹുജനമുന്നേറ്റം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. 2500 കോടി രൂപയുടെ പ്രോജക്ടിന് 250 കോടി രൂപയുടെ ഓഹരി എടുത്ത് ആറന്മുളയെ തൂക്കിലേറ്റുന്ന ഉമ്മന്‍ചാണ്ടിയെ പൈതൃകത്തിന്റെ ആരാച്ചാരായി മാത്രമേ ചരിത്രം രേഖപ്പെടുത്തൂ. മാനം വിറ്റ് വിമാനം വേണ്ടെന്ന് ആറന്മുളയെ സ്നേഹിക്കുന്നവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
പോലീസും മന്ത്രിയും പണവും അധികാരവുമുള്ള കെജിഎസ് ഗ്രൂപ്പ് എന്ന രാക്ഷസശക്തി ഒരു വശത്ത്. പണവും അധികാരവും സര്ക്കാരുമില്ലാത്ത പാവപ്പെട്ട പ്രകൃതിസ്നേഹികള്‍ മറുവശത്ത്. അവര്‍ക്ക് തുണ ധര്‍മ്മം മാത്രം. എല്ലാം കാണുന്ന സാക്ഷാല്‍ തിരുവാറന്മുളയപ്പന് പാര്‍ത്ഥസാരഥിയാണ്. അധര്‍മ്മത്തിനെതിരെ യുദ്ധഭൂമിയില്‍ പടച്ചട്ട അണിഞ്ഞ് ധീരമായി ധര്മ്മത്തിന് വേണ്ടി അടരാടാന്‍ ആഹ്വാനം ചെയ്ത പാര്ത്ഥസാരഥിയുണ്ട്, ജനങ്ങള്‍ക്ക്. പമ്പാനദിയിലെ കുഞ്ഞോളങ്ങള്‍ മണ്ണില്‍ കുറിച്ചിട്ടതെന്താണ്? കാലം തെളിയിക്കും.
** കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: