ന്യൂദല്‍ഹി: നിരുപാധികമായ ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടന ആര്‍ക്കും അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഐടി നിയമത്തിലെ 66 എ ചട്ടത്തെ ന്യായീകരിച്ചു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഭരണഘടന ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതല്ല നിയമം. സോഷ്യല്‍ നെറ്റ്വര്‍ക്ക് രാജ്യത്ത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയച്ചു.
രാജ്യത്തിന് പുറത്ത് സ്ഥാപിക്കപ്പെട്ട സെര്‍വറുകള്‍ ആവശ്യത്തിന് വിവരങ്ങള്‍ ഇന്ത്യയുമായി പങ്കവെക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ശിവസേന നേതാവ് ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഫേസ്ബുക്ക് അറസ്റ്റില്‍ കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി ശ്രേയ സിംഗാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ആര്‍ട്ടിക്കിള്‍ 19(1) പ്രകാരം സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള അവകാശത്തെ സെക്ഷന്‍ 66എ ഒരിക്കലും ഹനിക്കുന്നില്ല. എന്നാല്‍ ആര്‍ട്ടിക്കിള്‍ 19(1) എ ആര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ലോകവ്യാപകമായി 700മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യയില്‍ മാത്രമിത് 125 മില്യണാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ ദുരുപയോഗം ഏറിവരുകയാണ്. അപകീര്‍ത്തികരമായ സന്ദേശങ്ങളും, തെറ്റായ ചിത്രങ്ങളും ഉപയോഗിക്കുന്ന പ്രവണ ഇന്ത്യയില്‍ കണ്ടുവരുന്നുണ്ട്. തെറ്റായ ആശയങ്ങള്‍ ഗൂഗിളിലും, ഫെയ്സ്ബുക്കിലും അപ്ലോഡ് ചെയ്തത് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: