മലപ്പുറം: സംസ്ഥാനത്ത് വ്യാജ മദ്യമാഫിയയും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ് 2010 ലെ മലപ്പുറം മദ്യദുരന്തമെന്ന് അന്വേഷണ കമ്മീഷന്. 2010 സെപ്തംബര്‍ നാലിനുണ്ടായ മദ്യദുരന്തത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. അനധികൃതമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ലോബിയും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നിലനില്‍ക്കുന്ന അവിഹിത ബന്ധത്തെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് റിട്ട. ജില്ലാജഡ്ജി എം രാജേന്ദ്രന് നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
മദ്യദുരന്തം ഉണ്ടായ കുറ്റിപ്പുറം, ബീരാന്‍ചിറ, പേരശ്ശന്നൂര്‍, വാണിയമ്പലം ഷാപ്പുകള്‍ നടത്തിയിരുന്നത് ലൈസന്‍സികള്‍ ആയിരുന്നില്ല, ബിനാമികളായിരുന്നുവെന്നും ഇക്കാര്യം പകല്‍പോലെ വ്യക്തമായിരുന്നിട്ടും അധികൃതര്‍ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. മദ്യദുരന്തത്തിന് ഒരു മാസം മുന്‍പ് 2010 ഓഗസ്റ്റ് 20ന് ഇന്റലിജന്‍സ് വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ ജില്ലയില്‍ സ്പിരിറ്റ് ചേര്‍ത്ത വ്യാജ കള്ള് വ്യാപകമായി വില്‍പ്പന നടക്കുന്നുവെന്നും വീര്യമേറിയ ഈ വ്യാജകള്ള് അപകട സാധ്യതയുള്ളതാണെന്നും വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടും എക്സൈസ് വകുപ്പ് അവഗണിച്ചു. എക്സൈസ് അധികൃതരുടെ അറിവോടെ ഷാപ്പുകള്‍ നടത്തിവന്ന ബിനാമികള്‍ ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടിയും പാരിതോഷികങ്ങളും നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചിറ്റൂരില്‍ നിന്ന് കൊണ്ടുവന്ന കള്ളാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ ഇത് ശരിയല്ലെന്നും കണ്ണൂര്‍ ഒഴികെ വിവിധ ജില്ലകളില്‍ ചിറ്റൂര്‍ കള്ള് വിറ്റിരുന്നുവെന്നും ഇവിടങ്ങളിലൊന്നും അപകടം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അങ്കമാലിയില്‍ പ്രവര്‍ത്തിച്ചിരുന്ന പെയിന്റ് നിര്‍മ്മാണ സ്ഥാപനത്തിന്റെ പേരില്‍ കേരളത്തില്‍ എത്തിച്ച സ്പിരിറ്റാണ് വ്യാജ കള്ള് നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പെയിന്റും വാര്‍ണിഷും ഉണ്ടാക്കുന്നതിനായി കോയമ്പത്തൂരില്‍ നിന്ന് എത്തിച്ച 20 ബാരലില്‍ ഒന്‍പതെണ്ണം ഷാപ്പുകള്‍ നടത്തിയിരുന്ന ദ്രവ്യനും കൂട്ടരും കള്ളില്‍ കലര്‍ത്തി വിതരണം ചെയ്യുകയായിരുന്നു. ഇതാണ് ദുരന്തത്തിന് ഇടയാക്കിയത്. കുറ്റിപ്പുറം ഷാപ്പിന്റെ ലൈസൈന്സി എന്‍. ബാലകൃഷ്ണന് എന്ന ആളായിരുന്നുവെങ്കിലും ഷാപ്പിന്റെ നടത്തിപ്പ് ദ്രവ്യനായിരുന്നു. 2002 ല്‍ ദ്രവ്യനെ 495 ലിറ്റര്‍ സ്പിരിറ്റുമായി പിടികൂടിയിരുന്നു. തുടര്‍ന്ന് പാലക്കാട് കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു. പട്ടാമ്പിയിലെ നടുവട്ടത്ത് ദ്രവ്യന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് വ്യാജ കള്ള് നിര്‍മ്മാണം നടന്നിരുന്നത്. കുറ്റിപ്പുറം എക്സൈസ് ഓഫീസിന്റെ 200 മീറ്റര്‍ മാത്രം അകലെയാണ് നിയമത്തെ നോക്കുകുത്തിയാക്കി ബിനാമിയായി ദ്രവ്യന് ഷാപ്പ് നടത്തിയിരുന്നത്.
രാസപദാര്‍ത്ഥങ്ങള്‍ കലക്കിയ കള്ള് ഗുണ്ട്, സുനാമി, മണവാട്ടി, എട്ടടിവീരന്‍, സ്പീഡ് എന്നീ പേരുകളില്‍ വില്‍ക്കുന്നതായി അറിവ് ലഭിച്ചിട്ടും ഇത് തടയാന്‍ എക്സൈസ് വിഭാഗം നടപടി എടുക്കാഞ്ഞതാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചത്. മാസംതോറും എക്സൈസ് വകുപ്പ് നടത്തുന്ന സാമ്പിള്‍ പരിശോധനകളില്‍ ഒരിക്കല്‍പോലും വ്യാജ കള്ള് പിടിക്കപ്പെട്ടിട്ടില്ല എന്നത് ദുരൂഹമാണ്. വ്യാജ മദ്യലോബിയുമായി ബന്ധം പുലര്‍ത്തുന്ന എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിക്കുന്നു.
സംസ്ഥാനത്ത് സ്പിരിറ്റ് കള്ളക്കടത്ത് വ്യാപകമാണെന്നും എക്സൈസ് വകുപ്പിന് പുറമെ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവും ചില ജന പ്രതിനിധികളും ഇതിന് കൂട്ടുനില്‍ക്കുന്നതായും കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: