ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സ്കൂള്‍ കലോത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ കലോത്സവ നടത്തിപ്പിനെക്കുറിച്ചുയരുന്ന ആശങ്കകള്‍ വളരെക്കൂടുതലാണ്. എല്ലാക്കാലത്തും സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് അല്ലറചില്ലറ വിവാദങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും കലോത്സവനടത്തിപ്പുതന്നെ പ്രതിസന്ധിയിലാകുന്നത് ആദ്യമായാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് കലോത്സവത്തിന്റെ വിജയം. എന്നാല്‍ ഇത്തവണ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന പണിമുടക്കാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കലോത്സവം മാറ്റിവയ്ക്കണമെന്നാണ് സമരത്തിലുള്ള അധ്യാപക സംഘടനകളുടെ ആവശ്യം. എന്നാല്‍ ആരൊക്കെ സമരം ചെയ്താലും കലോത്സവം മാറ്റിവയ്ക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെയും സമരക്കാരുടെ പിടിവാശിക്കിടയില്‍ കുരുന്നു മനസ്സുകളുടെ കലോത്സവ സ്വപ്നങ്ങളാണ് ഇല്ലാതാകുന്നതെന്നത് ആരും ഓര്‍ക്കുന്നില്ല.
സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതും ഉയര്‍ന്ന ഗ്രേഡു കരസ്ഥമാക്കുന്നതുമെല്ലാം പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കുകിട്ടുന്നതിനും സിനിമയിലും സീരിയലിലുമൊക്കെ കയറിപ്പറ്റുന്നതിനുമുള്ള ഉപാധിയായാണ് പലരും കാണുന്നത്. തങ്ങളുടെ മക്കളെ സിനിമയിലോ സീരിയലിലോ നടനോ നടിയോ ആക്കിയേക്കാമെന്ന ചില മാതാപിതാക്കളുടെ അടങ്ങാത്ത ആഗ്രഹസാഫല്യത്തിനായി കലോത്സവ വേദിയിലെത്തുന്ന കുട്ടികളാണേറെയും. ഇത്തരക്കാര്‍ ചില ‘കലാപരിപാടികള്‍’ വക്കും മൂലയും മനപ്പാഠമാക്കി സ്റ്റേജിലെത്തുകയും സമ്മാനം നേടുകയും ചെയ്യുന്നു. വിധികര്‍ത്താക്കളെ സ്വാധീനിച്ചും കോടതിയില്‍ കേസുനടത്തിയും സമ്മാനം നേടാന്‍ ശ്രമിക്കുന്നവരുമുണ്ട്. സ്കൂള്‍ കലോത്സവത്തില്‍ ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന അപ്പീല്‍പ്രളയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതാണ്.
കലോത്സവവേദികളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഗുണകരമായ മത്സരമല്ലെന്നത് അതിനെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അറിയാം.
1957ലാണ് സംസ്ഥാന തലത്തില്‍ സ്കൂള്‍ കലോത്സവം ആരംഭിക്കുന്നത്. 1957 ജനുവരി 26ന് എറണാകുളമാണ് ആ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന് തമ്പുരാനായിരുന്നു കലോത്സവത്തിെന്റ നടത്തിപ്പ് ചുമതല. ഇന്നത്തെപ്പോലെ പ്രത്യേകം സജ്ജമാക്കിയ അലങ്കാര പന്തല്‍ അന്നുണ്ടായിരുന്നില്ല. പതിനായിരക്കണക്കിന് കലാസ്വാദകരുമില്ല. മത്സരാര്‍ഥികളുടെ തള്ളിച്ചയില്ല. പത്തും പതിനഞ്ചും വേദികളില്ല. ഗേള്‍സ് സ്കൂളിലെ ക്ലാസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യ കലോത്സവത്തില്‍നിന്ന് ഇപ്പോള്‍ അന്‍പത്തിമൂന്നാം കലോത്സവത്തിലെത്തി നില്ക്കുമ്പോള് എല്ലാ അര്‍ത്ഥത്തിലും വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓരോ വര്‍ഷവും നിറപ്പകിട്ട് കൂടിക്കൂടി വരികയായിരുന്നു.
അതിനനുസരിച്ച് പരാതികളും പരിഭവങ്ങളും കൂടി. പ്രതിഭയും തിലകവുമുണ്ടായപ്പോള്‍ മത്സരബോധം വളര്‍ന്നു. വിദ്യാര്‍ത്ഥികളില്‍നിന്ന് മത്സരം രക്ഷിതാക്കളിലേക്കെത്തി. വിജയിക്കുന്നതിന് വളഞ്ഞവഴി സ്വീകരിക്കുന്നവരുണ്ടായി. സന്തോഷത്തിന്റെ കലോത്സവം പൊട്ടിക്കരച്ചിലിനു വഴിമാറി.
1986ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭപട്ടവും പെണ്‍കുട്ടിക്ക് കലാതിലകപട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദേശിച്ചത്. ആദ്യ കലാപ്രതിഭാ പട്ടം കണ്ണൂര്‍ സ്വദേശി ആര്. വിനീതും, കലാതിലകപട്ടം കൊല്ലം സ്വദേശി പൊന്നമ്പിളിയും സ്വന്തമാക്കി. പിന്നീട് അറിയപ്പെടുന്ന സിനിമാ താരങ്ങളായിമാറി ഇരുവരും. ഇതോടെ കടുത്ത മത്സരത്തിന് വഴിമാറുകയായിരുന്നു കലോത്സവങ്ങള്‍.
ഇങ്ങനെയൊക്കെയാണെങ്കിലും നല്ലരീതിയില്‍ കലാഭ്യസനം നടത്തുകയും ശാസ്ത്രീയമായ ശിക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മത്സരത്തിനെത്തുകയും ചെയ്യുന്ന ന്യൂനപക്ഷവും കലോത്സവത്തിലുണ്ട്. പലപ്പോഴും അവരെയും പുറന്തള്ളി കള്ളനാണയങ്ങള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന പ്രവണതയാണിപ്പോഴുള്ളത്. കലോത്സവത്തിലെ അനഭിലഷണീയമായ മത്സരങ്ങള്‍ അവസാനിപ്പിക്കാനാണ് മുമ്പുണ്ടായിരുന്ന കലാതിലകവും പ്രതിഭയുമൊക്കെ നിര്‍ത്തലാക്കി ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ അതുകൊണ്ടൊന്നും രക്ഷിതാക്കളുടെ മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല.
വരുന്ന പതിനാലാം തീയതിമുതല്‍ മലപ്പുറത്ത് നടക്കാന്‍ പോകുന്നത് 53-ാം സ്കൂള്‍ കലോത്സവമാണ്. മുസ്ലീം ലീഗിന്റെ നിയന്ത്രണത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഭരണം നടക്കുമ്പോള്‍ സ്കൂള്‍കലോത്സവം മലപ്പുറത്തു നടത്തുന്നതില്‍ അസ്വാഭാവികതയില്ല. മുമ്പും വിദ്യാഭ്യാസ വകുപ്പു ഭരിച്ചിട്ടുള്ളവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കലോത്സവം നടത്തിയിട്ടുണ്ട്. മലപ്പുറം മുസ്ലീംലീഗ് സ്വന്തം ജില്ലയാക്കി കൊണ്ടുനടക്കുകയാണ്. മലപ്പുറമെന്നാല്‍ മുസ്ലീംലീഗിന് തീറെഴുതിയിരിക്കുന്നപോലെയാണ് ചിലരുടെ ഭാവം. തുഞ്ചന്‍ പറമ്പും തീയാട്ടുത്സവവും കോട്ടയ്ക്കല്‍ പൂരവും തിരുമാന്ധാംകുന്ന് ക്ഷേത്രവും തൃപ്പങ്ങോട്ട് ശിവനും തുടങ്ങി നിരവധി സാംസ്കാരിക കേന്ദ്രങ്ങളും സാംസ്കാരികാഘോഷങ്ങളും മലപ്പുറത്തിനുണ്ടെങ്കിലും മലപ്പുറം ജില്ലയെ പച്ചകുത്താന്‍ നടത്തുന്ന രാഷ്ട്രീയവും മതപരവുമായ നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇത്തരം അനുവദിക്കാനാകാത്ത പ്രവണതകള്‍ കലയുടെ മാമാങ്കത്തിലും കടത്തിവിടുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളാണുള്ളത്. മലപ്പുറം ജില്ലയില്‍ കലോത്സവം നടത്തുന്നതിനെ എതിര്‍ക്കേണ്ടകാര്യമില്ല. എന്നാല്‍ കലോത്സവത്തെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സ്വന്തം ഉത്സവമാക്കുന്നതിനെ എതിര്‍ക്കുകതന്നെവേണം.
ഏതൊരു കലാരൂപവും നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. ആ സംസ്കാരത്തെ തള്ളിപ്പറയുന്നതിന് മത്സരിക്കുന്ന കൂട്ടരാണ് മുസ്ലീംലീഗ് മന്ത്രിമാര്‍. കലയുടെ ഉത്സവം ആരംഭിക്കേണ്ടത് നിലവിളക്കു കൊളുത്തിക്കൊണ്ടു തന്നെയാകണമെന്നതില് തര്‍ക്കമില്ല. എന്നാല്‍ ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിനെയും പ്രകാശത്തെയും വെറുപ്പോടുകാണുന്ന വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ കലോത്സവം നടക്കുമ്പോള്‍ അവിടെ നിലവിളക്ക് ‘ഹറാമാ’കുമെന്നത് തീര്‍ച്ച. മതഭ്രാന്ത് തലയ്ക്കു പിടിച്ച മന്ത്രിക്കും കൂട്ടര്‍ക്കും വേണമെങ്കില്‍ ഇസ്ലാം വിരുദ്ധമെന്നും ഹൈന്ദവീകമെന്നുമൊക്കെ പറഞ്ഞ് കലോത്സവത്തിലെ പല ഇനങ്ങളെയും ഒഴിവാക്കാവുന്നതുമാണ്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സര്‍ക്കാര്‍ പണിതുനല്‍കിയ മന്ത്രി മന്ദിരത്തിന്റെ പേര് ഗംഗ എന്നത് മാറ്റി ഗ്രേസ് എന്നാക്കിയ മന്ത്രിക്ക് എന്തും ചെയ്യാനുള്ള ‘ധൈര്യ’മുണ്ട്. ഗംഗ ഭാരതത്തിലെ പുണ്യനദിയായതും അത് ഭാരതത്തിന്റെ സംസ്കാരഭാഗമായതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
വിദ്യാഭ്യാസ മന്ത്രിക്ക് തന്റെയും തന്റെ പാര്‍ട്ടിക്കാരുടെയും ഇഷ്ടത്തിന് കലോത്സവം നടത്താന്‍ സാഹചര്യമൊരുക്കാനാണ് മലപ്പുറം തന്നെ തെരഞ്ഞെടുത്തതെന്ന് വ്യക്തം. അധ്യാപകര്‍ നടത്തിവരുന്ന സമരം ഇപ്പോള്‍ മന്ത്രിക്ക് കൂടുതല്‍ ഗുണകരമായിരിക്കുന്നു. അധ്യാപകര്‍ നടത്തിപ്പില്‍ സഹകരിച്ചില്ലെങ്കിലും കലോത്സവം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പിച്ചു പറയുന്നത് മലപ്പുറത്തെ മുസ്ലീംലീഗുകാരെ കണ്ടുകൊണ്ടാണ്. എന്തുവന്നാലും കലോത്സവം മാറ്റിവയ്ക്കില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് തയ്യാറാകുന്നതും മുസ്ലീം ലീഗ് പ്രവര്‍ത്തകരെ രംഗത്തിറക്കാമെന്ന വിശ്വാസത്തിലാണ്.
കലോത്സവത്തെ തികച്ചും കലയുടെ ഉത്സവമാക്കി മാറ്റുമെന്ന് അതാതു കാലത്തു ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളും മന്ത്രിമാരും പറയാറുണ്ട്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഓരോ കലോത്സവവും അവരുടെ സ്വന്തം മേളയാക്കി മാറ്റാനാണ് ശ്രമിക്കാറ്. ഇപ്പോഴും അതുതന്നെ സംഭവിക്കുന്നു. സിപിഎം ഭരണത്തില്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ കലോത്സവങ്ങളെ അടക്കിഭരിച്ചിരുന്നതും നടത്തിപ്പില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതും സിപിഎമ്മുകാരാണ്. ഇപ്പോള്‍ മുസ്ലീംലീഗിന്റെ ഭരണത്തില്‍ ആ സ്ഥാനം ലീഗുകാര്‍ കയ്യടക്കുന്നു.
വളരെ പവിത്രമായി നടത്തേണ്ടുന്ന കലയുടെ ഉത്സവത്തെ ഇത്തരമൊരു ദുരവസ്ഥയിലെത്തിക്കാതിരിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. സമരം ചെയ്യാന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും കലോത്സവത്തെയും ബാധിക്കാത്ത തരത്തിലാകുന്നതാണ് നല്ലത്. സമരം ചെയ്തുകൊണ്ട് പഠിപ്പിക്കാനും കലോത്സവ നടത്തിപ്പില്‍ പങ്കാളികളാകാനും അധ്യാപകര്‍ തയ്യാറായിരുന്നെങ്കില്‍ കേരളത്തിലെ അധ്യാപകരുടെ യശസ്സ് എത്രയോ വര്‍ദ്ധിക്കുമായിരുന്നു. ഒപ്പം മലപ്പുറത്തെ കലോത്സവ വേദികളില്‍ സംഭവിച്ചേക്കാവുന്ന അംഗീകരിക്കാനാകാത്ത പ്രവണതകളെ ഒഴിച്ചുനിര്‍ത്താനും കഴിഞ്ഞേനെ. ഒരു പഠനവര്‍ഷം അവസാനിക്കാന്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമാണുള്ളത്. എസ്എസ്എല്‍സി പരീക്ഷയുള്‍പ്പെടെ വരാന്‍ പോകുന്നു. ഈ അവസ്ഥയില്‍ ക്ലാസ്സുകളെടുക്കാതിരിക്കുന്നത് വിദ്യാര്‍ത്ഥികളോടു ചെയ്യുന്ന കൊടും ക്രൂരതയാണ്. നിരന്തരമായ അഭ്യസനത്തിലൂടെ പലതും ഹൃദിസ്ഥമാക്കി പ്രതീക്ഷകളോടെ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നതും ശരിയായ നടപടിയല്ല. അധ്യാപകരും സര്‍ക്കാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ ഒട്ടും ആശാസ്യമല്ല. കലോത്സവം നടക്കട്ടെ. സമരം ചെയ്തുകൊണ്ടുതന്നെ കലോത്സവത്തില്‍ സഹകരിക്കുമ്പോള്‍ അധ്യാപക ശിരസുകളില്‍ പൊന്‍തൂവല്‍ സ്ഥാനം പിടിക്കുമെന്ന് അവരോര്‍ക്കണം.
** ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: