മകരസംക്രമ ദിനം പതിവ് പോലെ തീരദേശ ഹൈന്ദവ ജനത സമുദ്ര പൂജാദിനമായി കൊണ്ടാടുവാന്‍ തയ്യാറെടുക്കുകയാണ്. ഇത് പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ നടന്നുവന്നിരുന്ന ആഘോഷപൂര്‍വമായ ഒരു അനുഷ്ഠാനമായിരുന്നുവെങ്കിലും വൈദേശികാശയങ്ങളുടെ അന്ധമായ അനുകരണത്തിന്റെ ഭാഗമായുണ്ടായ സാംസ്ക്കാരികാന്ധകാരത്തില്, മറ്റനേകം മഹിതാശയങ്ങളോടൊപ്പം മഹത്തായ ഈയൊരു സങ്കല്‍പ്പവും മറഞ്ഞുപോവുകയാണുണ്ടായത്.
സമുദ്രത്തെ പൂജിക്കുന്നതിന് പിന്നിലുള്ള യുക്തിയെന്തെന്ന ചോദ്യത്തിനുള്ള ഉത്തരം ഭാരതത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും അതിനോടുള്ള സമീപനത്തിലും അന്തര്‍ലീനമായിരിക്കുന്നു.
വനവാസികള്‍ക്ക് വനം വനദേവതയായപ്പോള് തീരദേശവാസികള്‍ക്ക് വിശിഷ്യ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ കടലമ്മയായി. പ്രകൃത്യാ സാഹസികരെങ്കിലും കടലില്‍ പ്രയാസം നേരിടുമ്പോഴൊക്കെ, കടലമ്മേ കാക്കണേ എന്ന് ഉച്ചത്തില്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് ഈ മാതൃഭാവനയുടെ പ്രകടീകരണമല്ലാതെ മേറ്റ്ന്താണ്? മീന്‍ പിടിക്കാനിറങ്ങുന്നത് അമ്മയുടെ മടിത്തട്ടിലേക്കാണെന്ന വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ കുളിച്ചു കുലദേവതയേയും കടലമ്മയേയും മനസാ നമസ്ക്കരിച്ച് തൊഴിലാരംഭിക്കുന്ന തലമുറ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്നും കുറ്റിയറ്റുപോയിട്ടില്ല.
സ്വാര്‍ത്ഥതയുടെ കളങ്കം തൊട്ടുതീണ്ടാത്ത മനസ്സോടെ വിദ്യാദാനം ജീവിതവ്രതമായി സ്വീകരിച്ചുപോന്ന ഗുരുപരമ്പരയെ സ്മരിക്കാനും ലോകകല്യാണത്തിനായിക്കൊണ്ട് അവര്‍ ചെയ്ത സേവനങ്ങളെ സ്തുതിക്കാനും അവരെ പൂജിക്കാനുമായി ഒരു ദിവസം തന്നെ ഭാരതം മാറ്റിവെച്ചിട്ടുണ്ട്-വേദവ്യാസ ജയന്തിയായ ഗുരുപൗര്‍ണമി ദിനം. ഇതുപോലെ, യുഗങ്ങളായി തന്നെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം മക്കള്‍ക്ക് യാതൊരുവിധ ഭേദഭാവനകളും കൂടാതെ നിര്‍ലോഭം വാരിക്കോരിക്കൊടുത്ത് അവരെ ജീവസന്ധാരണത്തിന് പ്രാപ്തരാക്കുന്ന സാഗരമെന്ന ഈ ദിവ്യജനനിയും പൂജിക്കപ്പെടേണ്ടവള്‍ തന്നെയാണ്. വാത്സല്യനിധിയും ദാനശീലയുമായ അമ്മയ്ക്ക് എന്തെങ്കിലും ചിലത് തിരികെ നല്‍കേണ്ടത് സ്വധര്മാനുഷ്ഠാനശീലരായ മക്കളുടെ കര്‍ത്തവ്യമാണ്.
ഈ നാടിനേയും ഈ സംസ്ക്കാരത്തേയും സ്നേഹിക്കുന്നവരുടെ മനസ്സില്‍ കടലമ്മ ഇതൊക്കെയാണെങ്കിലും ഈ വിധമുള്ള യാതൊരു മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത ഗണ്യമായ ഒരു വിഭാഗം ആള്ക്കാര് ഇന്ന് നമ്മോടൊപ്പമുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ദോഹനത്തിന് പകരം ചൂഷണമാണവരുടെ ലക്ഷ്യം. സമുദ്രസമ്പത്തിന്റെ അമിതമായ ചൂഷണം, മത്സ്യവര്ഗ്ഗങ്ങളില് പലതിനേയും നാമാവശേഷമാക്കിക്കഴിഞ്ഞുവെങ്കിലും മനുഷ്യന്റെ അത്യാര്‍ത്തി അതിരുകളില്ലാതെ വികസിക്കുകയാണ്. ദുര പൂണ്ട ഈ പാച്ചില്‍ മത്സ്യത്തൊഴിലാളി സമൂഹത്തെയും മത്സ്യബന്ധനത്തെയും എത്ര ഗുരുതരമായ പ്രതിസന്ധിയിലെത്തിക്കുക എന്ന കാര്യം ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കാത്തത് ആശങ്കാജനകമാണ്. മാലിന്യം കൊണ്ടുപോയി തള്ളുന്നതിനും ചില നന്ദികെട്ടവര്‍ ഈ അമ്മയുടെ മടിത്തട്ടിനെത്തന്നെ ഉപയോഗിച്ചുവരുന്നു എന്നുകൂടി അറിയുന്നത് പരമദയനീയം എന്നല്ലാതെന്തു പറയാന്‍! ധനലക്ഷ്മിയുടെ ഇരിപ്പിടമെന്നും രത്നാകരമെന്നും കീര്‍ത്തികേട്ട അമ്മയെ ദരിദ്രവും മലിനവുമാക്കാനുള്ള നിരന്തര പരിശ്രമത്തിനെതിരെ ബന്ധപ്പെട്ടവരെ ജാഗരൂകരാക്കാനുളള ബോധവല്‍ക്കരണം കൂടി സമുദ്രപൂജയോടൊപ്പം നടക്കണമെന്ന് സംഘാടകര്‍ സ്വാഭാവികമായും ആഗ്രഹിക്കുന്നു.
ഒരുകാലത്ത് ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ തീരദേശമേഖല മുഴുവന്‍ ഹിന്ദുക്കള്‍ മാത്രമാണുണ്ടായിരുന്നത്. സംഘടിത മതങ്ങളുടെ തള്ളിക്കയറ്റം ഏറ്റവും ദോഷകരമായി ബാധിച്ച വിഭാഗങ്ങളിലൊന്ന് ഹിന്ദു മത്സ്യത്തൊഴിലാളികളാണ്. സ്വാഭാവിക രാഷ്ട്ര സ്നേഹികളും സംസ്ക്കാരാഭിമാനികളുമായ ഇവര്‍ ഇന്ന് ചില മേഖലകളില്‍ മാത്രമായി ഒതുക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എണ്ണത്തില്‍ കുറവുള്ള ഇടങ്ങളില്‍നിന്നും ഇവരെ പുകച്ചു പുറത്താക്കാനുള്ള സംഘടിത ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ടിപ്പു സുല്‍ത്താനും കുഞ്ഞാലിമരക്കാരും തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തിയാക്കാനുള്ള പരിശ്രമം ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും തുടര്‍ന്നുവരുന്നു. മലപ്പുറം ജില്ലയിലെ താനൂര്‍ കടപ്പുറത്തെ ഒരു ഹിന്ദുമത്സ്യത്തൊഴിലാളി ഗ്രാമത്തെ മുഴുവനായി തുടച്ചുനീക്കിയതും മാറാട് തുടങ്ങിയ ഗ്രാമങ്ങളില്‍ ഇതിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പരിശ്രമങ്ങളും ഈ ഗൂഢാലോചനയുടെ സംസാരിക്കുന്ന തെളിവുകളായി നമ്മുടെ മുമ്പിലുണ്ട്. വിട്ടുമാറാതെ പിന്തുടരുന്ന ഈ അപകടഭീഷണിയെക്കുറിച്ച് തീരദേശ ഹൈന്ദവജനതയില്‍ അവബോധം സൃഷ്ടിക്കേണ്ടതും സംഘടിത ജീവിതത്തിന്റെ അനിവാര്യതയെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതും അത്യാവശ്യമാണ്.
രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നുവരുന്നത് സമുദ്രമാര്ഗ്ഗമാണെന്നത് ഇന്ന് ഒരു രഹസ്യമേയല്ല. ആയുധങ്ങളായും പണമായും ഭാരതത്തിന്റെ ഭദ്രത തകര്‍ക്കാനുള്ള ഘടകങ്ങളേറെയും കടല്‍ കടന്നാണ് വരുന്നത്. മുംബൈയില്‍ അക്രമം നടത്തിയ പാക്കിസ്ഥാനികളായ ഭീകരര്‍ തടസ്സമേതുമില്ലാതെ ഭാരതത്തിന്റെ മണ്ണില്‍ കാല്കുത്തിയതും കടല്‍വഴി വന്നിട്ടായിരുന്നു. ചാലിയത്തെ പ്രതിരോധക്കപ്പല്‍ നിര്‍മാണശാലയുടെ ചുറ്റുമതില്‍ പലതവണ തകര്‍ക്കപ്പെട്ടതും കൊടുംഭീകരനായ അജ്മല്‍ കസബിന്റെ മയ്യത്ത് നമസ്ക്കാരം കേരളത്തിലെ ഒരു പള്ളിയില്‍ നടന്നതും ഇതോടൊപ്പം ചേര്‍ത്തുവായിച്ചാല്‍ ഇന്നത്തെ സാമൂഹ്യസ്ഥിതിയുടെ ഭീഷണാവസ്ഥ എത്രയെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അതോടൊപ്പം സമുദ്രമെന്നത് ഭാരതത്തിന്റെ അതിര്‍ത്തിയാണെന്ന ബോധ്യത്തോടെ തീരസംരക്ഷണസേനയും നാവികസേനയും സര്‍വോപരി ശമ്പളം പറ്റാത്ത കാവല്‍ക്കാരായ തീരദേശ ജനതയും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്നു.
തീരദേശത്തെ സാമൂഹ്യ ജീവിതത്തിന്റെ സ്വച്ഛതയും സമാധാനവും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ സര്‍ക്കാരിന്റേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഒത്താശയോടെ നടന്നുവരുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങള്‍ നിരത്താന്‍ സാധിക്കും. മത്സ്യത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന കോസ്റ്റല്‍ റഗുലേഷന് സോണില്‍ ബഹുനില മന്ദിരങ്ങള്‍ പണിയാന്‍ യഥേഷ്ടം അനുവാദം ലഭിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വയ്ക്കാന്‍ അനുവാദമില്ലാത്തിടത്താണ് ഈ കാട്ടുനീതി അരങ്ങേറുന്നത്. സാമ്പത്തികമായ പ്രലോഭനം മൂലം സ്വന്തം വീടും സ്ഥലവും വിറ്റ് മത്സ്യത്തൊഴിലാളികള്‍ ചിതറിത്താമസിക്കാനിടവരുന്നു. ഗ്രാമക്ഷേത്രങ്ങളും കരയോഗങ്ങളും കേന്ദ്രീകരിച്ച് സാമൂഹ്യാരാധനയും ആചാരങ്ങളും അനുഷ്ഠിക്കുകയും കൂട്ടായി ജോലി ചെയ്യുകയും ചെയ്തുവന്നിരുന്നവര്‍ ചിതറിത്താമസിക്കാനിടവന്നാല് അവരുടെ സാമൂഹ്യാസ്ഥിത്വം തന്നെ ഇല്ലാതാവുക എന്നതാണ് അനിവാര്യദുരന്തം.
പുതിയ തീരദേശ പരിപാലന നിയമപ്രകാരം കടല്‍ത്തീരത്ത് ടൂറിസം അനുബന്ധ വ്യവസായങ്ങളും ഹരിത വിമാനത്താവളങ്ങളും നിര്മിക്കാനനുവാദമുണ്ട്. കരിമണല്‍ ഖാനനഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിന് പുറമെ ഇപ്പോഴിതാ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന മേഖലയിലൂടെ പുതിയ യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള ആലോചനകളും തകൃതിയായി നടക്കുന്നു. കടല്‍മണല്‍ ഖാനനം ചെയ്താല്‍ മണല്‍ ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനാവുമെന്ന വിധത്തിലുള്ള ഒരു ചര്‍ച്ചയും വളരെ ഗൗരവമായിത്തന്നെ ആരംഭിച്ചു കഴിഞ്ഞു. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും പ്രജനന സംവിധാനങ്ങളും വേരോടെ പറിച്ചെറിയപ്പെടാന്‍ ഇടവരുത്തുന്ന കൊടുംപാതകമാണിതെന്ന് ഈ അല്‍പ്പബുദ്ധികളെ മനസ്സിലാക്കിക്കുക എന്നതും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ബാധ്യതയാണെന്ന് വന്നിരിക്കുന്നു.
രാഷ്ട്രവിധ്വംസക പ്രവര്‍ത്തനമായാലും പരിസ്ഥിതി വിധ്വംസക പ്രവര്‍ത്തനമായാലും മത്സ്യത്തൊഴിലാളി ദ്രോഹനടപടികളായാലും സംഘടിതമായി ചെറുത്തു തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമുദ്രത്തിലൂടെ വരുന്ന ഈ അത്യാപത്തുകള്‍ക്ക് സമുദ്രത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടും അതിലൂടെ കൈവരുന്ന മാനസിക ഐക്യംകൊണ്ടും മാത്രമേ തടയിടാനാകൂ. ആ അര്‍ത്ഥത്തില്‍ സമുദ്ര പൂജയെന്ന ആശയവും അതിന്റെ അടിത്തറയും ബലവത്താണ്. പ്രകൃതിയുടെ ഒരു ഘടകങ്ങളും ചൂഷണം ചെയ്യപ്പെടേണ്ടവയല്ലെന്നും നിലനില്‍പ്പിന് ആവശ്യമായവ പശുവില്നിന്നും പാലെന്നപോലെ കറന്നെടുക്കുകയാണഭികാമ്യമെന്നുമുള്ള ഭാരതത്തിന്റെ പരമ്പരാഗത കാഴ്ചപ്പാട് ലോകത്തിന് മുഴുവന്‍ പകര്‍ന്നു നല്കാന് ഇത്തരത്തിലുള്ള ആചരണങ്ങള്‍ അത്യന്താപേക്ഷിതമാണ്.പ്രത്യേകിച്ച് പ്രകൃതി-പരിസ്ഥിതി വിഷയങ്ങളോടുള്ള ഭാരതത്തിന്റെ സമീപനത്തിന് ലോകമെമ്പാടുമുള്ള വിവേകികളുടെയും ശാസ്ത്രസമൂഹത്തിന്റെ പോലും അംഗീകാരവും ആദരവും വ്യാപകമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. സമുദ്രമായാലും വനമായാലും മറ്റേത് ഭൗമഘടകമായാലും മാനവരാശിക്ക് അവ നല്കുന്ന നിസ്തുലമായ സംഭാവനകള്‍ക്ക് പ്രത്യുപകാരമായി നല്‍കേണ്ടത് വിവേകപൂര്‍ണമായ പരിപോഷണമാണെന്ന അറിവ് പുതുതലമുറകള്‍ക്ക് പകര്ന്നുനല്കാനും ഇത്തരം ആഘോഷങ്ങള്‍ സഹായിക്കും.
** പ്രദീപ് കുമാര്‍ പയ്യോളി (ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: