ന്യൂദല്‍ഹി: ഇന്ത്യ പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന് ഐക്യരാഷ്ട്രസഭ. സംഭവത്തില്‍ പാക്കിസ്ഥാന്റെ പരാതി ലഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ പാക് സൈന്യത്തിലെ ഒരു ഭടന് കൊല്ലപ്പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും യുഎന്‍ വക്താവ് മാര്ട്ടിന് നെസിര്‍കി ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനുവരി ആറിനാണ് ആദ്യ ആക്രമണം ഉടലെടുക്കുന്നത്. ഈ ആക്രമണത്തില്‍ ഒരു പാക് സൈനികന് കൊല്ലപ്പെട്ടുവെന്നും ഇതില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ജനുവരി ആറിനുണ്ടായ ആക്രമണം സംബന്ധിച്ചാണ് ഐക്യരാഷ്ട്രസഭയ്ക്ക് പരാതി ലഭിച്ചിരിക്കുന്നതെന്ന് നെസിര്‍കി പറഞ്ഞു. രണ്ടാമത്തെ ആക്രമണമുണ്ടായത് എട്ടിനാണ്. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വെടിനിര്‍ത്തല്‍ കരാറിനെ ഇരുരാഷ്ട്രങ്ങളും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്ക് സൈന്യം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരി ആറിനുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നെസിര്‍കി അറിയിച്ചു. 1949ലെ ഉടമ്പടിപ്രകാരം 40ഓളം യുഎന്‍ സൈനികര്‍ കാശ്മീരില്‍ നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസംഘടന അന്വേഷണം നടത്തണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം അമേരിക്ക നിഷേധിച്ചു. ഇന്ത്യന്‍ സൈനികരെ വധിക്കുകയും അവരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധമറിയിക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറാണ് സംഭവം യുഎന്‍ അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. സംഭവത്തില്‍ ഇരു രാജ്യങ്ങളുടേയും അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മൂന്നാംകക്ഷിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ നിലപാട്.
എന്നാല്‍, പാക്കിസ്ഥാന്റെ നിലപാട് യുഎസ് നിഷേധിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയിരിക്കുന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് യുഎസ് ആരോപിച്ചു. കഴിഞ്ഞയാഴ്ച്ച ജമ്മുകാശ്മീര്‍ അതിര്‍ത്തിയിലുണ്ടായ രണ്ട് സംഭവങ്ങളെത്തുടര്‍ന്ന് ഇരുരാഷ്ട്രങ്ങള്ക്കിടയിലും നേരിയ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദശകത്തിലധികമായി ജമ്മുകാശ്മീര്‍ അതിര്‍ത്തി പ്രശ്നബാധിതമേഖലയുമാണ്.
അക്രമം ഒന്നിനും പരിഹാരമാകില്ലെന്നും യുഎസ് പറഞ്ഞു. അതിര്‍ത്തിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇരു രാഷ്ട്രങ്ങള്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുളന്റ് പറഞ്ഞു. ഈ സംഭവങ്ങളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. പ്രശ്നങ്ങള്‍ ഇരു രാഷ്ട്രങ്ങളും സമാധാനപരമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നും നുളന്റ് ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ആക്രമണങ്ങളില്‍ യുഎസ് ആശങ്കയും അറിയിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് ഇനിയുണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെയോര്‍ത്ത് തങ്ങള്‍ക്ക് ആശങ്കയുണ്ട്. ആക്രമണം നടത്തിയതുകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ലെന്നും നുളന്റ് പറഞ്ഞു.
ഇരുരാഷ്ട്രങ്ങളും യുഎന്‍ അന്വേഷണത്തിന് ആവശ്യപ്പെടുകയാണെങ്കില് അതിനെ പിന്തുണക്കുമെന്നും നുളന്റ് കൂട്ടിച്ചേര്‍ത്തു. ഇരു രാഷ്ട്രങ്ങളിലേയും അമേരിക്കന്‍ സ്ഥാനപതിമാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച്ച രാവിലെ കാശ്മീരിലെ പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖ ലംഘിച്ച് 500 മീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്ന പാക് സൈന്യം പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ സൈനികരില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി ഹേംരാജും മധ്യപ്രദേശ് സ്വദേശി സുധാകര്‍ സിംഗുമാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: