കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയ സാഹചര്യം ഗുണ്ടായിസത്തിന് വഴിമാറിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ എം.കെ നാരായണന്റെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് ഉടനീളം ഗുണ്ടായിസമാണ് അരങ്ങേറുന്നത്. ഇത്തരത്തിലുള്ള അക്രമ സംഭവങ്ങള്‍ രാഷ്ട്രീയ സംസ്കാരത്തിന് യോജിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കൊല്‍ക്കത്തയില്‍ നടന്ന സാഹിത്യോത്സവ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ നിലപാട് ഞാന്‍ വ്യക്തമായി തന്നെ പറയും, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സംസ്ഥാനത്ത് അരങ്ങേറുന്ന സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പരസ്യപ്രസ്താവന. ഇത് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരുവ് യുദ്ധം അവസാനിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ മമത സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മമത സര്‍ക്കാരിന്റെ കഴിവുകേടിനെയാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചതെന്നും ഇത് തിരുത്താന്‍ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു. എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. ക്രമസമാധാന നില ഉറപ്പുവരുത്തുകയും, അത് നിലനിര്‍ത്തുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പോലീസിന്റെ നടപടി തികച്ചും നിരുത്തരവാദപരമാണെന്നും ബംഗാള്‍ പോലുള്ള ഒരു സംസ്ഥാനം ഇതൊരിക്കലും അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് നടപടി സ്വീകരിച്ചുകൂടെയെന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്ന സ്ഥാനമേ തനിക്കുള്ളു. അത് സംസ്ഥാനത്തിന്റെ ഭാഗം മാത്രമാണെന്നും തനിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാല്‍ദാ മെഡിക്കല്‍ കോളേജില്‍ 27 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ അദ്ദേഹം ആശങ്കയും അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആശുപത്രി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: