അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ 50,000 ത്തോളം നിക്ഷേപകര്‍ സമ്മേളിക്കുമെന്ന് റിപ്പോര്‍ട്ട്. നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന ഏറ്റവും വലിയ പൊതുപരിപാടിയായിരിക്കും ഇന്ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി.
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആറാമത്തെ പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറയുന്നു. ഗുജറാത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 50,000 ത്തില്‍ അധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഭരണകൂടം അധികൃതര്‍ പറയുന്നു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 1,800 ഓളം പ്രതിനിധികളും ഇവിടെ എത്തിച്ചേരും. എന്നാല്‍ എത്രത്തോളം കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ടെന്നോ എത്ര തുക നിക്ഷേപിക്കപ്പെടുമെന്നോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.
എത്രത്തോളം തുക നിക്ഷേപിക്കപ്പെടുന്നുവെന്നതില് തങ്ങള്‍ക്ക് താല്പര്യമില്ലെന്നും ഇവിടെ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കുക എന്നതാണ് ലക്ഷ്യമെന്നും ഗുജറാത്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മഹേശ്വര് സാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: