മുംബൈ: കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് വേണ്ട എല്ലാ പരിശ്രമവും നടത്തിവരുന്നതായി വിജയ്മല്യ. കിങ്ങ്ഫിഷര്‍ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് മല്യ ഇക്കാര്യം സൂചിപ്പിച്ചത്. എട്ട് മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മല്യ കത്തയച്ചത്. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ച് പൂട്ടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
മാധ്യമങ്ങളോട് ഇടപെടുമ്പോള്‍ ശ്രദ്ധപാലിക്കണമെന്നും മല്യ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുനരുദ്ധാരണ പദ്ധതി സംബന്ധിച്ച വിശദവിവരം ഡിജിസിഎ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മല്യ വ്യക്തമാക്കി. അടുത്ത നാല് മാസത്തിനുള്ളില്‍ 21 വിമാന സര്‍വീസ് വരെ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് ആദ്യ ഭാഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ബാക്കി സര്‍വീസുകള്‍ കൂടി പുനസ്ഥാപിക്കുമെന്നാണ് രണ്ടാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്നതെന്നും മല്യ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
എന്നാല്‍ ജീവനക്കാരുടെ ശമ്പളക്കുടിശിക എപ്പോള്‍ നല്‍കുമെന്ന കാര്യം കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിക സംബന്ധിച്ചും ഫണ്ട് സമാഹരിക്കുന്നത് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ മെയ് മുതലുള്ള ശമ്പളം കിങ്ങ്ഫിഷര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
ജൂണ്‍ വരെയുള്ള ശമ്പളക്കുടിശിക കഴിഞ്ഞ ഡിസംബറിനകം നല്‍കാമെന്നാണ് ജീവനക്കാര്‍ക്ക് നല്കിയ വാഗ്ദാനമെങ്കിലും അത് പാലിക്കാനായില്ല. 2012 ഡിസംബര്‍ 31 ഓടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈയിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. ഡിജിസിഎ മുമ്പാകെ പുനരുദ്ധാരണ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും വിശദ വിവരങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഫ്ലൈയിംഗ് ലൈസന്‍സ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: