പള്ളുരുത്തി: ഒരുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെ കൊച്ചിയിലെത്തിയ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം പശ്ചിമകൊച്ചി നിവാസികളെ വട്ടം കറക്കി. വായുസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 4.30ന് കൊച്ചിയിലെ നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്തിന് മണിക്കൂറുകള്‍ മുമ്പുതന്നെ പശ്ചിമകൊച്ചിയുടെ പ്രവേശന കവാടമായ ബിഒടി പാലത്തിലൂടെയുള്ള ഗതാഗതത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.
ബിഒടി പാലത്തിലെ ഗതാഗതക്കുരുക്ക് തോപ്പുംപടി പഴയപാലം വരെയും പള്ളുരുത്തി സുറിയാനി പള്ളി വരെയും നീണ്ടു. എറണാകുളത്ത് പോയി തിരിച്ചുവരേണ്ടവര്‍ നടുറോഡില്‍ കുടുങ്ങി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനായാണ് രാഷ്ട്രപതിയെത്തിയത്. കുണ്ടന്നൂര്‍ ലെ മെറിഡിയനിലായിരുന്നു രാഷ്ട്രപതിയുടെ വേദി. ഇതിനാല്‍ യുപി പാലം വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി.
ഇതേസമയംതന്നെ കുണ്ടന്നൂര്‍ ജംഗ്ഷനും ബൈപ്പാസും ഗതാഗതക്കുരുക്കിലമര്‍ന്ന് കഴിഞ്ഞിരുന്നു. 6.30നുശേഷം രാഷ്ട്രപതി മടങ്ങി വരുംവരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. നടുറോഡില്‍ കുടുങ്ങിയ ജനം പോലീസിന്റെ അശാസ്ത്രീയമായ ഗതാഗതക്രമീകരണത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: