പെരുമ്പാവൂര്‍: മാലോകരെ അമ്പരപ്പിച്ച ശില്‍പ്പങ്ങളുടെയും ചിത്രങ്ങളുടെയും സൃഷ്ടാവായ കലാരംഗത്തെ രാജകുമാരന് എന്‍.അപ്പുക്കുട്ടന് ഓര്‍മ്മയായിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു. 1978ല്‍ ആരംഭിച്ചിട്ടുള്ള കലാസപര്യ 2011ല്‍ കാലയവനികയില്‍ മറയുന്നതുവരെ യാതൊരുവിധ സര്‍ക്കാര്‍ അംഗീകാരവും ലഭിക്കാതെ പോയ പ്രതിഭയായിരുന്നു അപ്പുക്കുട്ടന്. 2011 നവംബറില്‍ കൂവപ്പടി മഹാദേവ ക്ഷേത്രസന്നിധിയില്‍ അപ്പുക്കുട്ടന് പടുത്തുയര്‍ത്തിയ ബ്രഹത്നന്ദി ശില്‍പ്പം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. 36 അടിയോളം ഉയരത്തിലുള്ള ഈ ശില്‍പ്പം ലോകശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
1987ല്‍ കൂത്താട്ടുകുളം മീങ്കുന്നം പള്ളിയങ്കണത്തില്‍ പണിതുയര്‍ത്തിയ ‘പിയത്ത’ ശില്‍പ്പം, 1993ല്‍ ദല്‍ഹിയിലെ ഉത്തര ഗുരുവായൂര്‍ ക്ഷേത്രശില്‍പ്പങ്ങള്‍, 2001ല്‍ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ ഉയര്‍ന്നിരിക്കുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓട്ടു പ്രതിമ എന്നിവയെല്ലാം അപ്പുക്കുട്ടന്റെ സൃഷ്ടികളാണ്. പരസ്യത്തിനും പ്രശസ്തിക്കുമായി മറ്റുള്ളവര്‍ രാഷ്ട്രീയക്കാരുടെ പിന്നാലെ പായുമ്പോള്‍, ആ സമയംകൂടി കലാസൃഷ്ടിക്കായി ചെലവിട്ടിരുന്ന പ്രതിഭയായിരുന്നു അപ്പുക്കുട്ടന്.
1964 ഏപ്രില്‍ 13ന് കൂത്താട്ടുകുളം പാലക്കുഴയില്‍ ജനിച്ച അപ്പുക്കുട്ടന് 48-ാം വയസില്‍ പെരുമ്പാവൂരിലാണ് അന്തരിച്ചത്. പ്രശസ്ത സംഗീതജ്ഞരായ യേശുദാസ്, ജയവിജയ തുടങ്ങിയവരുടെ വാത്സല്യഭാജനമായിരുന്ന അപ്പുക്കുട്ടന് ചുരുക്കം സുഹൃത്തുക്കള്‍ മാത്രമാണ് സമ്പാദ്യമായുണ്ടായിരുന്നത്. ഈ സുഹൃത്തുക്കള്‍ ഒരുക്കുന്ന അനുസ്മരണച്ചടങ്ങ് ഇന്ന് വൈകിട്ട് 4ന് ദര്‍ശനം ഓഡിറ്റോറിയത്തില്‍ ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, കല, സാംസ്ക്കാരിക പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: