കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ ചുമതല ഡിഎംആര്‍സിയ്ക്ക് തന്നെ നല്‍കുമെന്നും ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവായ ഇ.ശ്രീധരന് തന്നെ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരിക്കും എന്നുമുള്ള കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥിന്റെ പ്രസ്താവന കൊച്ചിയ്ക്ക് മാത്രമല്ല കേരളത്തിനും ആഹ്ലാദകരമാണ്. ദല്‍ഹി മെട്രോയുടെ അമരക്കാരനായി മികച്ച രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മലയാളിയായ ഇ.ശ്രീധരന് മൂന്നുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും എന്നറിയിച്ചിരിക്കുകയാണ്. അതോടെ പന്ത് പിന്നെയും കേരള സര്‍ക്കാരിന്റെ കോര്‍ട്ടില്‍ തന്നെ. ടെന്‍ഡര്‍ വിളിയ്ക്കുക, ജൈക്കയില്‍ നിന്നുള്ള വായ്പ സമയബന്ധിതമായി ലഭിയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക, മെട്രോ റെയില്‍ പദ്ധതിയ്ക്കാവശ്യമായ 40.40 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്ത് ലഭ്യമാക്കുക മുതലായവയാണ് പ്രധാന കടമ്പകള്‍. ഇതില്‍ 22 സ്റ്റേഷനുകള്ക്കുമാത്രം 9.34 ഹെക്ടര്‍ സ്ഥലം വേണം. സ്ഥലമേറ്റെടുക്കല്‍ അഞ്ചുഘട്ടമായിട്ടായിരിക്കും. 1110 കോടി രൂപയാണ് സ്ഥലമേറ്റെടുക്കാന്‍ വേണ്ടത്. മുട്ടം യാര്ഡിനുമാത്രം 22 ഹെക്ടര്‍ സ്ഥലം വേണം. ഒരു മാസത്തിനുള്ളില്‍ റെയില്‍പാളം നിര്‍മാണത്തിന് ടെണ്ടര്‍ വിളിയ്ക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് കൊച്ചിയില്‍ ഉപയോഗിക്കുന്നത്. കോച്ചുകളുടെ വീതി 2.9 മീറ്ററായിരിക്കും. എണ്ണം ആറു കോച്ചുകള്‍. പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ച് അഞ്ചുമാസത്തിനുശേഷമാണ് മെട്രോ റെയില്‍ ആര് നിര്‍മിക്കണം എന്ന തര്‍ക്കം പരിഹരിച്ച് പദ്ധതി ട്രാക്കിലായത്. മുട്ടത്ത് മെട്രോ വില്ലേജിന് 117 ഹെക്ടര്‍ അധികമായി വേണ്ടിവരും.
ദല്‍ഹി മെട്രോയ്ക്ക് ശേഷം ഒരു പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കുന്നത് കൊച്ചി മെട്രോ നിര്‍മാണമാണ്. ടെന്‍ഡറുകള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അനുമതിയോടെ മാത്രമേ സാധ്യമാകുകയുള്ളൂ. 5182 കോടി രൂപയാണ് നിര്‍മാണ ചെലവ്. ജൈക്കയുടെ വായ്പയ്ക്ക് പുറമെ മറ്റ് വായ്പകളും പരിഗണനയിലുണ്ട്.
പദ്ധതിയ്ക്ക് എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു കഴിഞ്ഞു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഹഡ്കോ, വിദേശ ഏജന്‍സികള്‍ മുതലായവയുടെ സഹായവും പരിഗണനയിലുണ്ട്. പാളത്തിന് സമാന്തരമായി ഉറപ്പിക്കുന്ന സപ്ലൈ ലിങ്കില്നിന്നുമുള്ള വൈദ്യുതിയാണ് ഉപയോഗിക്കുക. ആലുവ മുതല്‍ കളമശ്ശേരിവരെ, കളമശ്ശേരിയില്‍നിന്നും ഇടപ്പള്ളിയിലേക്കും പിന്നെ സ്റ്റേഡിയം വരെയും ദേശീയ പാതയുടെ മീഡിയനില്‍ തൂണുകള്‍ പണിയാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കിയത് ദേശീയ പാതയില്‍ നാലുവരി ഗതാഗതത്തിന് തടസ്സമാകരുതെന്ന നിര്‍ദ്ദേശത്തോടെയാണ്. മെട്രോയുടെ രണ്ടാംഘട്ട വികസനം കെഎംആര്‍എല്‍ ആണ് നിര്‍മിക്കുക. 5182 കോടി രൂപയുടെ പദ്ധതിയില്‍ 652 കോടി സ്ഥലമെടുപ്പിനാണ്. 22 സ്റ്റേഷനുകളില്‍ പാര്‍ക്കിംഗിന് സ്ഥലം ഏറ്റെടുക്കുന്നതിന് 438 കോടി രൂപ അധികം വരുമെന്നാണ് കണക്കുകൂട്ടുന്നത്. സ്റ്റേഷനുകള്‍ക്ക് മാത്രം 9.39 ഹെക്ടര്‍ സ്ഥലം വേണം. സ്ഥലം ഏറ്റെടുക്കല്‍ കേരളത്തില്‍ എന്നും പ്രശ്നാധിഷ്ഠിതമാണ്. എംജി റോഡില്‍ ഏഴ് സ്റ്റേഷനുകള്‍ക്കാണ് സ്ഥലം വേണ്ടത്. വായ്പനേടി എടുക്കലും ഒരു കടമ്പ തന്നെയാണ്. 1002 കോടി രൂപ കേന്ദ്രവിഹിതമുളള പദ്ധതിയ്ക്ക് 2170 കോടി രൂപയ്ക്ക് കൂടി വായ്പ എടുക്കേണ്ടിവരും. ഏഴുവര്‍ഷം മുന്‍പ് പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ 2000 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 6000 കോടിയായി.
സ്ഥലമെടുപ്പിന് മാത്രം 1110 കോടി രൂപ വേണം. 5181 കോടിയുടെ 15 ശതമാനം വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കണം. ജപ്പാന് ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന് ഏജന്‍സി 2170 കോടി രൂപ 1.4 ശതമാനം പലിശയ്ക്ക് നല്‍കും. ഇ.ശ്രീധരന് പറയുന്നത് നിശ്ചിത സമയത്ത് സ്ഥലം ലഭിച്ചാല്‍, പദ്ധതിയ്ക്ക് വേണ്ട വിദേശ വായ്പ കൃത്യ സമയത്ത് ലഭിച്ചാല്‍, കോച്ചുകള്‍ കൃത്യ സമയത്ത് ലഭിച്ചാല്‍ മാത്രമേ മെട്രോ റെയില്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുകയുള്ളൂ എന്നാണ്. ജൂലൈ പകുതിയോടെ തൂണുകളുടെയും പാളത്തിന്റേയും നിര്‍മാണം തുടങ്ങാം. അപ്പോഴും മഴക്കാലം പ്രതിബന്ധമാകുമോ എന്ന സംശയം നിലനില്ക്കുന്നു. ആലുവ മുതല്‍ പേട്ട വരെ 40.40 ഹെക്ടര്‍ ഏറ്റെടുക്കേണ്ടതില്‍ 10 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. മെട്രോയുടെ ഭാഗമായ അഞ്ച് അനുബന്ധ നിര്‍മ്മാണങ്ങള്‍ക്ക് എംജി റോഡ്, സൗത്ത്, മാധവ ഫാര്‍മസി എന്നിവിടങ്ങളില്‍ ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വില സംബന്ധിച്ച് സെന്റിന് 52 ലക്ഷം രൂപയാണ് ജില്ലാതല പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് മാത്രം 110 കോടി രൂപയാണ് കണക്കാക്കുന്നത്.
ഡിഎംആര്‍സിയെ ചുമതല ഏല്‍പ്പിക്കുന്നതോടെ വായ്പാ നടപടികള്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. ആഗോള ടെണ്ടര്‍ വിളിക്കണമെന്നാണ് ഹരിത എംഎല്‍എ വി.ഡി.സതീശന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: