കൊച്ചി: അടിസ്ഥാനസൗകര്യ വികസനരംഗത്ത് രാജ്യത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിത്രോഡ അഭിപ്രായപ്പെട്ടു. ഇഫ്വാപ്ക കണ്‍വെന്‍ഷനില്‍ ‘നാളത്തെ ഇന്ത്യ’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായി അദ്ദേഹം. ദാരിദ്ര്യവും, നിരക്ഷരതയും തുടച്ചു നീക്കുന്ന രീതിയിലുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ആവശ്യം. പാവപ്പെട്ടവര്‍ വേണ്ടി ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കാന്‍ നമുക്കാവുന്നില്ല. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം പൂര്‍ണ്ണമാകുമ്പോള്‍ മാത്രമേ വികസനം സാധ്യമാകൂ. രാജ്യം സ്വയംപര്യാപ്തമെന്ന് പറയുമ്പോഴും, പട്ടിണിയും, നിരക്ഷരതയും മാറ്റാന്‍ നമുക്കായിട്ടില്ല. ഇതിന് വേണ്ടിയാകണം ഇനിയുള്ള ശ്രമങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയില്‍വേ അടക്കമുള്ള മേഖലകളില്‍ പൊതുസ്വകാര്യപങ്കാളിത്തം ആവശ്യമാണ്. പൊതുസ്വകാര്യ പങ്കാളിത്തം വഴി രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളെ അതിജീവിക്കാന്‍ കഴിയും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂ. പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അടിസ്ഥാന സൗകര്യവികസനം നടത്തുക വഴി യുവാക്കളടക്കമുള്ളവരുടെ ഉന്നമനം ലക്ഷ്യമിടാം.
വൈദഗ്ധ്യം പുനനവീകരിക്കുകവഴി ഈ രംഗത്ത് പുതുകാഴ്ച്ചപ്പാടുകള് ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടവിധം പ്രാധാന്യം നല്‍കുന്നില്ല. പൊതുസ്വകാര്യപങ്കാളിത്തം രാജ്യത്തിന്റെ പുരോഗമനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ പൊതുസ്വകാര്യ പങ്കാളിത്തം നടപ്പിലാവണമെങ്കില്‍ രാഷ്ട്രീയ പിന്തുണ ആവശ്യമാണ്. വികസനരംഗത്ത് പാശ്ചാത്യമാതൃകക്ക് പകരം ഇന്ത്യന്‍ മാതൃക സൃഷ്ടിക്കണം. ജൈവവ്യവസ്ഥ അറിഞ്ഞുകൊണ്ടുള്ള അടിസ്ഥാന സൗകര്യവികസനമാണ് മുഖ്യമെന്നും പിത്രോഡ ചൂണ്ടിക്കാട്ടി.
ജലപാത വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തി. ഇത് റോഡുകളുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായകമാകും. പക്ഷെ രാഷ്ട്രീയ-സാമൂഹ്യ പിന്തുണ ഇല്ലാതെ ഇത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. തൊഴില്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വൈദഗ്ദ്ധ്യം ആവശ്യമാണ്. ഇതിനായി വിവരവിതരണ ജനാധിപത്യം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യവികസന രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ബി. സീനയ്യ ആവശ്യപ്പെട്ടു. ഈ രംഗത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എം.വി ആന്റണി സ്വാഗതവും കെ. ലവ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: