യൂറോപ്യന്‍ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവും പാണ്ഡിത്യവും പണവും നിലയും പേരുമെല്ലാം ഓരോ ഹൈന്ദവ ശിശുവിന്റെയും കൂടെപ്പിറപ്പായ ആ മുഖ്യവ്യാപാരത്തിന് കീഴ്പ്പെട്ടിരിക്കുന്നു. മുഖ്യമായ ആ വ്യാപാരം ആദ്ധ്യാത്മികതയും വംശത്തിന്റെ പരിശുദ്ധിയും പുലര്‍ത്തുകയാണ്. അതിനാല്‍ സ്വവംശ്യരുടെ ജീവിതധാര മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ആ മാമൂല്പ്രിയനെയും ഉജ്ജീവകമായ ആദ്ധ്യാത്മികതയില്‍ പിടിപാടില്ലാതെ പാശ്ചാത്യമായ കൃത്രിമരത്നങ്ങള്‍ കൈനിറയെവച്ചിട്ടുള്ള ആ പരിഷ്കാരിയെയും തമ്മില്‍ തട്ടിച്ചുനോക്കിയാല്‍, മാമൂല്പ്രിയനെയാണ് നാം അംഗീകരിക്കേണ്ടതെന്ന് എല്ലാവരും സമ്മതിക്കുമെന്നത്രേ എന്റെ ദൃഢവിശ്വാസം. കാരണം, ഒന്നാമന് ആശയ്ക്ക് ഇടംനല്‍കുന്നുണ്ട്, ജനതയുടേതായ ആ മുഖ്യവ്യാപാരം കൈക്കൊണ്ടിട്ടുണ്ട്.
അതയാള്‍ക്ക് മുറുകെപ്പിടിക്കാം. അതുകൊണ്ട് അയാള്‍ക്ക് ജീവനുണ്ടായിരിക്കും; മറ്റവന് തുലയും. വ്യക്തികളെ സംബന്ധിച്ചെങ്ങനെയോ അങ്ങനെതന്നെ ജനതയെ സംബന്ധിച്ചും, ജീവിതത്തിന്റെ മൗലികതത്വത്തിന് തകരാറില്ലെങ്കില്‍, അത് അഭംഗുരമായി പ്രവര്ത്തിച്ചുപോന്നാല്, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷതമേറ്റാലും വ്യക്തികള്‍ മരിക്കില്ല. അതുപോലെ നമ്മുടെ ജീവിതത്തിലെ ഈ പുണ്യപ്രവര്‍ത്തനത്തിന് തകരാറ് പറ്റാത്തിടത്തോളം നമ്മുടെ ജനതയെ നശിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ആദ്ധ്യാത്മികതയെ വെടിഞ്ഞാലോ, അത് തള്ളിനീക്കി ജഡീകരിക്കുന്ന പാശ്ചാത്യപരിഷ്കാരത്തിന്റെ പിമ്പേ പോയാലോ, മൂന്ന് തലമുറകള്‍ക്കിടയില്‍ വംശനാശമുണ്ടാകുമെന്ന് ധരിക്കുക. കാരണം, ജനതയുടെ നട്ടെല്ല് തകര്‍ന്നുപോകും; ജനതാസൗധത്തിന്റെ അടിത്തറ ഇളകിമറിയും; ഫലം എമ്പാടും സര്‍വനാശം.
മുഖ്യമായി ആദ്ധ്യാത്മികതയെ മുറുകെപ്പിടിക്കുന്നതാണ് നമ്മുടെ രക്ഷാമാര്‍ഗം. പുരാതനരായ നമ്മുടെ പൂര്‍വികര്‍ തലമുറകളിലൂടെ നമുക്കായി നല്‍കിയിട്ടുള്ള വിലതീരാത്ത ഒരു ദാനമത്രേ ഈ ആദ്ധ്യാത്മികത. ഈടുറ്റ കൊട്ടാരങ്ങളില്‍ വാണ്, പാവങ്ങളെ കൊള്ളചെയ്തുവന്ന കവര്‍ച്ചക്കാരായ പ്രഭുക്കന്മാരില്നിന്നല്ല. കാടുകളില്‍ പാര്‍ത്തുവന്ന അര്‍ധനഗ്നരായ താപസന്മാരില്നിന്നാണ് സ്വപരമ്പര ഉണ്ടായിട്ടുള്ളതെന്ന് കാട്ടാന്‍ വെമ്പുന്ന മഹാരാജാക്കന്മാരുള്ള ഒരു രാജ്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നമ്മുടേതാണ് ആ രാജ്യം. മറ്റ് രാജ്യങ്ങളില്‍ പ്രമുഖരായ പുരോഹിതന്മാര് തങ്ങളുടെ കുലപരമ്പര വല്ല രാജാക്കന്മാരില്നിന്നുണ്ടായതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയാകട്ടെ, മഹത്തരന്മാരായ രാജാക്കന്മാര് തങ്ങളുടെ കുലപരമ്പര പുരാതനനായ വല്ല ഋഷിയും സ്ഥാപിച്ചു എന്നുകാട്ടാനാണ് വെമ്പുന്നത്. അതിനാല്‍ നിങ്ങള്‍ ആദ്ധ്യാത്മികതയില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, സ്വജനതയുടെ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ആദ്ധ്യാത്മികതയെ വിടാതെ മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. പിന്നെ മറ്റേ കൈ നീട്ടി അന്യമനുഷ്യരില്നിന്ന് കിട്ടുന്നിടത്തോളം മേടിക്കുക. എന്നാല്‍ അതൊക്കെ ആ ഒരു ജീവിതാദര്‍ശത്തിന് കീഴ്പ്പെടുത്തുക. അതില്‍നിന്ന് അത്ഭുതകരവും പ്രശംസനീയവുമായ ഭാവിഭാരതം രൂപപ്പെടും. അത് വരുമെന്ന് എനിക്ക് നിശ്ചയമുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാളെല്ലാം മഹത്തായ ഒരു ഭാരതം. പഴയ ഋഷിമാരെക്കാളെല്ലാം വലിയ ഋഷിമാരുണ്ടാകും. നിങ്ങളുടെ പൂര്വ്വികന്മാര് തൃപ്തരാകുക മാത്രമല്ല, ഇത്രയേറെ പ്രശംസനീയരും മഹനീയരുമായ പിന്തുടര്ച്ചക്കാരെ കണ്ട് സ്വസ്ഥാനങ്ങളിലിരുന്ന് അഭിമാനം കൊള്ളുകയും ചെയ്യും.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: