ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ അതിര്‍ത്തിയിലെ ഹാജീപൂര്‍ സെക്ടറില്‍ കഴിഞ്ഞ ആറിനുണ്ടായ ഷെല്ലാക്രമണം വീണ്ടും വിവാദത്തിലേക്ക്. പാക്ക് സൈന്യമാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആദ്യം ആക്രമണം നടത്തിയത്. സംഭവത്തില്‍ ഒരു പാക് ഭടന് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പാക് ഹൈക്കമ്മീഷണര്‍ അതൃപ്തിയും അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. വെടിനില്‍ത്തല്‍ കരാര്‍ ലംഘിച്ചത് പാക് സൈന്യമാണെന്ന് ഇന്നലെ ഇന്ത്യന്‍ സൈന്യം അറിയിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് പാക് ഹൈക്കമ്മീഷണര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് ഇന്നലെ കൈമാറി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പാക് ഉദ്യോഗസ്ഥര്‍ കത്തില്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു പ്രകോപനവും ഇല്ലാതെ പാക് സൈന്യമാണ് ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിയുതിര്‍ത്തതെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന വാര്‍ത്ത സൈന്യം നിഷേധിക്കുകയും ചെയ്തു. ഞായറാഴ്ച്ച പുലര്‍ച്ചെ 3.30ന് ആരംഭിച്ച ഷെല്ലാക്രമണം 8മണിവരെ തുടര്‍ന്നിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നുഴഞ്ഞുകയറ്റശ്രമം ആയിരുന്നില്ലെന്നും അടുത്തിടെയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാക് സൈന്യമാണെന്നും ഇന്ത്യ നല്കിയ മറുപടിയില്‍ പറയുന്നു. കഴിഞ്ഞ 30 ദിവസത്തിനിടയ്ക്ക് പാക് സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. ജമ്മുകാശ്മീരിലെ രജോരി, ഉരി, കെരാന്‍ മേഖലകളില്‍ നിരവധി തവണ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. 2012ല്‍ 120 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും പാക്കിസ്ഥാന് നല്കിയ മറുപടിയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.
അതേസമയം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഇന്ത്യയും പാക്കിസ്ഥാനും കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുളന്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കെതിരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തെക്കുറിച്ചുള്ള പത്ര വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു നുളന്റ്. ഒരു പ്രകോപനവും ഇല്ലാതെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. കാശ്മീര്‍ വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അമേരിക്ക പിന്തുണക്കുമെന്നും കാശ്മീര്‍ അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടാകുന്ന പ്രശ്നങ്ങളില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും നുളന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: