കൊച്ചി: രണ്ടുദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. വായുസേനയുടെ രാഝംസ് വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖദര്ഷാളണിയിച്ചു. കേന്ദ്രമന്ത്രി കെ.വി.തോമസ് പ്രധാനമന്ത്രിക്കൊപ്പമാണ് കൊച്ചിയിലെത്തിയത്.
മേയര്‍ ടോണി ചമ്മണി, ചീഫ് സെക്രട്ടറി കെ.ജോസ് സിറിയക്, ദക്ഷിണനാവിക സേന മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി, ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, പൊതുഭരണസെക്രട്ടറി കെ.ആര് ജ്യോതിലാല്‍, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത്, സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി.ജയിംസ് എന്നിവര്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ലളിതമായ സ്വീകരണത്തിനുശേഷം അദ്ദേഹം കൊച്ചി റിഫൈനറിയുടെ പദ്ധതി നിര്‍മാണോദ്ഘാടനത്തിനായി പ്രത്യേക ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനിയിലേക്ക് തിരിച്ചു. 42 അംഗ സംഘമാണ് പ്രധാനമന്ത്രിക്കൊപ്പമുള്ളത്.
ഇന്ന് രാവിലെ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി രാവിലെ 9.30-ന് ലേ-മെറിഡിയനില്‍ എത്തിച്ചേരും. 10.30-ന് ചടങ്ങുകള്‍ക്കുശേഷം ഹോട്ടല്‍ താജ് മലബാറിലേക്കു തിരിക്കും. ഉച്ചയ്ക്ക് 12-ന് പ്രധാനമന്ത്രിയുടെ ആഗോള ഉപദേശക സമതിയുടെ യോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 2.35-ന് കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കു യാത്രതിരിക്കും. തുടര്‍ന്ന് 2.50 വായുസേനയുടെ പ്രത്യേക വിമാനത്തില്‍ ന്യൂദല്‍ഹിക്കു തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: